Breaking

Monday, December 6, 2021

ഇന്ത്യയില്‍ ആദ്യമായി 'ആഗോള പഠനനഗരം' പദവിയിലേക്ക് കേരളത്തിലെ രണ്ട് നഗരങ്ങള്‍

പഠിപ്പിന്റെ പൊടിപൂരമാവാൻ തൃശ്ശൂരും നിലമ്പൂരും യുനെസ്കോയ്ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശുപാർശ ന്യൂഡൽഹി :യുനെസ്കോയുടെ ആഗോളപഠനനഗര(ഗ്ളോബൽ ലേണിങ് സിറ്റി) ശൃംഖലയിൽ തൃശ്ശൂരിനെയും നിലമ്പൂരിനെയും ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ ശുപാർശ ചെയ്തു. ഇതുവരെ ഇന്ത്യയിൽനിന്ന് ഒരു നഗരവും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ജനുവരി/ഫെബ്രുവരിയിൽ യുെനസ്കോയുടെ ഔദ്യോഗിക പ്രഖ്യാപനം വരും. ഇതോടെ ബെയ്ജിങ് (ചൈന), ആതൻസ് (ഗ്രീസ്), ഡബ്ലിൻ (അയർലൻഡ്), ഗ്ലാസ്ഗോ (യു.കെ.), ഹാംബർഗ് (ജർമനി), ഒക്കയാമ (ജപ്പാൻ), മെൽറ്റൺ (ഓസ്ട്രേലിയ), സാവോ പൗലോ (ബ്രസീൽ), ഇഞ്ചിയോൺ (സൗത്ത് കൊറിയ), സുറബായ (ഇൻഡൊനീഷ്യ) മുതലായ നഗരങ്ങളുൾപ്പെടുന്ന ആഗോള ലേണിങ് സിറ്റികളുടെ പട്ടികയിൽ കേരളത്തിലെ ഈ രണ്ടു നഗരങ്ങളും ഇടംപടിക്കും. വാറങ്കൽ ആണ് ശുപാർശ ചെയ്യപ്പെട്ട മറ്റൊരു നഗരം. മുനിസിപ്പൽ കോർപ്പറേഷനും കിലയും തൃശ്ശൂർ എൻജിനിയറിങ് കോളേജിലെ സ്കൂൾ ഓഫ് ആർക്കിടെക്ച്ചർ ആൻഡ് പ്ലാനിങ്ങും സംയുക്തമായിട്ടാണ് തൃശ്ശൂരിലെ പദ്ധതി നടപ്പാക്കുക. ഇതിനായി കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് അധ്യക്ഷനും കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ സഹഅധ്യക്ഷനുമായി 24 അംഗ സ്റ്റീറിങ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പത്തുവർഷത്തേക്കുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. തൃശ്ശൂർ കോർപ്പറേഷന്റെ പദ്ധതിയുമായി നഗരവികസന മന്ത്രാലയത്തിനു കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ് സഹകരിക്കും. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ വിജ്ഞാനം പങ്കിടലിനും വിദ്യാഭ്യാസ സാങ്കേതിക മേഖലയിൽ ആഗോളതലത്തിൽ തൃശ്ശൂരിനെ കേന്ദ്രസ്ഥാനമാക്കി മാറ്റാനും പദ്ധതി വിഭാവനം ചെയ്യുന്നു. തൃശ്ശൂരിലുള്ളവരെയും ജില്ലയുമായി ബന്ധമുള്ള പ്രവാസികളെയും ഇതുമായി ബന്ധിപ്പിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തും ടെക്നോളജിയിലും സ്റ്റാർട്ടപ്പുകളിലും ചെറുപ്പക്കാർക്ക് സാധ്യതകളും അവസരങ്ങളും ഉണ്ടാക്കാനുള്ള സ്ഥാപന സംവിധാനം രൂപവത്കരിക്കും. ലൈബ്രറികളുടെ ആധുനികീകരണം, കമ്യൂണിറ്റി ലേണിങ് സെന്ററുകൾ സ്ഥാപിക്കൽ, നൈപുണി വികസനം, സംരഭകത്വം എന്നിവയ്ക്ക് സൗകര്യമൊരുക്കൽ തുടങ്ങിയവും പദ്ധതിയുടെ ഭാഗമാണ്. വിജ്ഞാനത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുന്നതിലേക്കുള്ള ഒരു പ്രധാനപടിയാണ് ലേണിങ് സിറ്റിയെന്ന് തദ്ദേശസ്ഥാപന മന്ത്രി എം.വി. ഗോവിന്ദൻ മാതൃഭൂമിയോട് പറഞ്ഞു. വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രമാണ് തൃശ്ശൂർ. അവിടത്തെ എല്ലാ അറിവുകളും വൈദഗ്ധ്യങ്ങളും പങ്കുവെക്കാനും അവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ഏകോപിപ്പിക്കാനും പദ്ധതികളുണ്ട്്്. കേരളത്തിലെ ഓരോ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി മേഖലകളുടെ പ്രത്യേകത അടിസ്ഥാനമാക്കി പ്രദേശങ്ങളെ വിജ്ഞാന കേന്ദ്രങ്ങളായി വികസിപ്പിക്കും. വിവിധ നഗരങ്ങൾക്കായി അതനുസരിച്ചുള്ള പദ്ധതികൾ യുനെസ്കോയ്ക്കും അതുപോലുള്ള അന്താരാഷ്ട്ര ഏജൻസികൾക്കും സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. Content Highlights:Thrissur, Nilambur to be listed as UNESCO's Global Network of Learning Cities


from mathrubhumi.latestnews.rssfeed https://ift.tt/3DrqkcY
via IFTTT