Breaking

Saturday, December 4, 2021

ചെലവായത് 15000 രൂപ, സൈക്കിളില്‍ ശ്രീജിത്ത് കണ്ടത് 15 സംസ്ഥാനങ്ങള്‍

ചേർത്തല: കശ്മീർവരെ പതിനഞ്ചു സംസ്ഥാനങ്ങൾ. അതിർത്തികടന്ന് നേപ്പാളിലും കറങ്ങി- സൈക്കിളിൽ ഈയാത്രയ്ക്കു ചെലവായത് 15,000 രൂപയിൽ താഴെ. 155 ദിവസത്തെ യാത്ര. മനസ്സുവെച്ചാൽ ഏതു സാധാരണക്കാരനും യാത്രയ്ക്കവസരമുണ്ടെന്നു കാട്ടുകയാണ് 28-കാരനായ ശ്രീജിത്ത് തമ്പി. പട്ടണക്കാട് പാറയിൽ കുര്യൻചിറ തമ്പിയുടെ മകനാണ്. ജൂൺ മൂന്നിനു ചേർത്തല പട്ടണക്കാട്ടുനിന്നു തുടങ്ങിയ യാത്ര, അഞ്ചുമാസം പിന്നിട്ട് ഡിസംബർ ഒന്നിന് ഉത്തർപ്രദേശിലെ വാരാണസിയിലാണ് അവസാനിച്ചത്. കശ്മീരും ലഡാക്കുംവഴി ഖർദുംഗ് ലാ ചുരം കടന്നാണ് ഉത്തരാഖണ്ഡുവഴി നേപ്പാളിൽ പ്രവേശിച്ചത്. കാഠ്മണ്ഡുവിൽ സാംസങ്ങിലെ ഉദ്യോഗസ്ഥനായ കൈലാസനാഥനും കുടുംബവും സൗകര്യമൊരുക്കി. മൂന്നുദിവസമായിരുന്നു നേപ്പാളിലെ സഞ്ചാരം. ദിവസേന 50- 100 രൂപമാത്രം ചെലവഴിച്ചായിരുന്നു യാത്ര. താമസം ടെന്റടിച്ചും അഭയകേന്ദ്രങ്ങളിലും. ഭക്ഷണം കഴിവതും സ്വയം പാകംചെയ്തു. സ്റ്റൗ അടക്കമുള്ള സാമഗ്രികൾ സൈക്കിളിൽ കരുതിയിരുന്നു. ടെന്റുൾപ്പെടെ 30 കിലോയാണ് സൈക്കിളിൽ കൂടെക്കരുതിയത്. ദിവസേന 60- 70 കിലോമീറ്ററായിരുന്നു ശരാശരി യാത്ര. ഖർദുംഗ് ലാ ചുരത്തിലൂടെ ഗിയറില്ലാത്ത സൈക്കിളിലെ യാത്ര ശ്രമകരമെങ്കിലും വലിയ അനുഭവമായിരുന്നുവെന്ന് ശ്രീജിത്ത് പറഞ്ഞു. ലഡാക്കിലെ കടുത്ത തണുപ്പൊഴിച്ചാൽ മറ്റു തടസ്സങ്ങളുണ്ടായില്ല. ആദ്യമായാണ് ദീർഘദൂര യാത്രനടത്തിയത്. ടൂറിസത്തിൽ എം.ബി.എ. എടുത്ത് ടൂർ ഓപ്പറേറ്ററായി പ്രവർത്തിക്കുന്ന ശ്രീജിത്ത്, ജോലിക്കു കോവിഡ്വരുത്തിയ ഇടവേളയാണു യാത്രയ്ക്കായി തിരഞ്ഞെടുത്തത്. വാരാണസിയിൽനിന്നു തീവണ്ടിയിലാണു മടക്കം. നാലിനു നാട്ടിലെത്തും. Content Highlights:It cost Rs 15,000 and Sreejith saw 15 states on his bicycle


from mathrubhumi.latestnews.rssfeed https://ift.tt/3okQnhK
via IFTTT