Breaking

Monday, December 6, 2021

ഒമിക്രോൺ: നിരീക്ഷണത്തിന് വാർഡുതല സമിതികളെ ചുമതലപ്പെടുത്തും

കൊച്ചി: പല രാജ്യങ്ങളിലും 'ഒമിക്രോൺ' സ്ഥിരീകരിച്ച സാഹചര്യത്തിൽ വിദേശങ്ങളിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ തദ്ദേശ സമിതികളുടെ കീഴിൽ വാർഡുതല സമിതികളുടെ പ്രവർത്തനം വീണ്ടും ഊർജിതമാക്കും. ജാഗ്രതാ സമിതികൾ വഴി രോഗബാധിതരെ നേരത്തേ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. വാർഡുതല സമിതികൾ ഊർജിതമാക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകും. ഇപ്പോൾ വിദേശത്തുനിന്ന് എത്തുന്നവരിൽ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാർഡിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അല്ലാത്തവർക്ക് സ്വയം നിരീക്ഷണമാണ്. അതേസമയം, 'റിസ്ക് രാജ്യ'ങ്ങളിൽ നിന്നുള്ളവരിൽ നെഗറ്റീവാകുന്നവരെ 'ഹോം ക്വാറന്റീനി'ലേക്കാണ് മാറ്റുന്നത്. ഇത് കർശനമായി പാലിക്കുന്നുണ്ടെന്ന് വാർഡുതല സമിതികൾ ഉറപ്പാക്കും. പോസിറ്റീവായവരെ സുരക്ഷാ മാനദണ്ഡങ്ങളോടെ ആംബുലൻസിൻ പ്രത്യേക വാർഡുകളിൽ എത്തിക്കും. ഇതിനായി '108' ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. നെഗറ്റീവായവർക്ക് അവരുടെ വാഹനത്തിൽ വീടുകളിൽ ക്വാറന്റീനിലേക്ക് പോകാം. ആ വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. യാത്രക്കാർ പിറകിലത്തെ സീറ്റിലിരിക്കണം. യാത്രക്കാരും ഡ്രൈവറും തമ്മിൽ നേരിട്ട് സമ്പർക്കം വരാതിരിക്കാൻ പ്ലാസ്റ്റിക്കുംമറ്റും ഉപയോഗിച്ച് തിരിച്ചിരിക്കണം. ക്വാറന്റീൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും ക്വാറന്റീനിലുള്ളവർ വീട്ടിൽ പ്രത്യേകം ടോയ്ലറ്റ് സൗകര്യമുള്ള മുറിയിൽ കഴിയണം. ഏഴു ദിവസത്തെ ക്വാറന്റീന് ശേഷം എട്ടാം ദിവസം ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം പരിശോധന നടത്തണം. വീട്ടിൽ ക്വാറന്റീനിൽ കഴിയുമ്പോൾ പോസിറ്റീവായാൽ വീട്ടിലുള്ള എല്ലാവരേയും പരിശോധിക്കും. നെഗറ്റീവാണെങ്കിൽ വീണ്ടും ഏഴു ദിവസം സ്വയം നിരീക്ഷിക്കണം. പ്രതിരോധ പ്രവർത്തനത്തിന് ആളില്ല പല ജില്ലകളിലും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 തന്നെയാണ്. എന്നാൽ, 'കോവിഡ് ബ്രിഗേഡ്' സേവനം അവസാനിപ്പിച്ചതോടെ പ്രതിരോധ പ്രവർത്തനത്തിന് ആളില്ലാതായി. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കോവിഡ് ബ്രിഗേഡുമാരുടെ സേവനം സർക്കാർ അവസാനിപ്പിച്ചിരുന്നു. 9000-ലധികം കോവിഡ് ബ്രിഗേഡുമാരെ പിരിച്ചുവിടുകയും ചെയ്തു. ഡോക്ടർമാർ മുതൽ ശുചീകരണ തൊഴിലാളികൾ വരെ ബ്രിഗേഡിലുണ്ടായിരുന്നു. ഇവർക്ക് ഇൻസെൻറ്റീവ് അടക്കം വലിയ തുക നൽകാനുമുണ്ട്. Content Highliughts: Omicron ward level committees foreign returnees


from mathrubhumi.latestnews.rssfeed https://ift.tt/31y7DXU
via IFTTT