Breaking

Tuesday, December 7, 2021

റേഷൻ കടകളിൽ അപേക്ഷ നൽകിയും കാർഡ് പുതുക്കാം

തിരുവനന്തപുരം: റേഷൻ കാർഡുകളിൽ കാലങ്ങളായി നിലനിൽക്കുന്ന പിശകുകൾ തിരുത്താൻ റേഷൻ കടകളിലും അപേക്ഷ നൽകാം. റേഷൻ കാർഡ് ശുദ്ധീകരിക്കാനുള്ള ‘തെളിമ പദ്ധതി’യിൽ ഡിസംബർ 15 വരെ അവസരമുണ്ടാകും.2017-ൽ റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട റേഷൻ കാർഡ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ ഡേറ്റാ എൻട്രി വരുത്തിയപ്പോൾ ഉണ്ടായ തെറ്റുകളാണ് തിരുത്താനാവുക. കാർഡ് ഉടമകളുടെയും അംഗങ്ങളുടെയും ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കണം.അംഗങ്ങളുടെ പേര്, വയസ്സ്, വിലാസം, കാർഡുടമയുമായുള്ള ബന്ധം, എൽ.പി.ജി., വൈദ്യുതി എന്നിവയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ എന്നിവ പുതുക്കാം. എന്നാൽ, റേഷൻ കാർഡുകളുടെ മുൻഗണനാമാറ്റം, വരുമാനം, വീടിന്റെ വിസ്തീർണം, വാഹനങ്ങളുടെ വിവരം എന്നിവ തിരുത്താൻ ഈ പദ്ധതിപ്രകാരം സാധിക്കില്ല. ഡ്രോപ് ബോക്സ് എങ്ങനെ:കടകളിൽ സ്ഥാപിച്ചിട്ടുള്ള ‘ഡ്രോപ്പ് ബോക്സു’കളിൽ കാർഡിന്റെ ഫോട്ടോകോപ്പിയും തിരുത്തൽ വരുത്തേണ്ട കാര്യം വ്യക്തമാക്കിയുള്ള അപേക്ഷ ഫോൺ നമ്പർ സഹിതം വെള്ളക്കടലാസിൽ എഴുതിയും നിക്ഷേപിച്ചാൽ മതി. ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശേഖരിക്കും. അപേക്ഷകരെ ഫോണിൽ ബന്ധപ്പെട്ടശേഷം തുടർനടപടികളെടുക്കും. ഇതിനുപുറമേ, അക്ഷയകേന്ദ്രങ്ങൾ വഴിയും ecitizen.civilsupplieskerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയും തിരുത്തൽ വരുത്താം. അക്ഷയകേന്ദ്രങ്ങൾ വഴിയുള്ള സർവീസിന് ഫീസടയ്ക്കണം.


from mathrubhumi.latestnews.rssfeed https://ift.tt/3pvnij7
via IFTTT