Breaking

Monday, December 6, 2021

ഫേസ്ബുക്ക് വഴി പരിചയപ്പെടും, സമ്മാനവാഗ്ദാനം നല്‍കി തട്ടിപ്പ്; നൈജീരിയക്കാരനും യുവതിയും അറസ്റ്റില്‍

പാലക്കാട്: സാമൂഹികമാധ്യമങ്ങൾ വഴി ബന്ധം സ്ഥാപിച്ച് ഓൺലൈനായി സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ നൈജീരിയ സ്വദേശിയും നാഗാലാൻഡ് സ്വദേശിനിയും അറസ്റ്റിൽ. പശ്ചിമ ഡൽഹിയിലെ ഉത്തംനഗറിൽ താമസിക്കുന്ന നൈജീരിയ സ്വദേശി ചിനേഡു ഹൈസെന്റ് (25), സുഹൃത്ത് നാഗാലാൻഡ് ദിമാപുർ സ്വദേശിനി കെ. രാധിക (25) എന്നിവരെയാണ് ഡൽഹിയിൽനിന്ന് പാലക്കാട് സൈബർ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. കഞ്ചിക്കോട് സ്വകാര്യ കമ്പനി ജീവനക്കാരനിൽനിന്നുമാത്രം 4.75 ലക്ഷംരൂപ പ്രതികൾ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. പിടിയിലായവരുടെ ഉത്തംനഗറിലെ താമസസ്ഥലത്തുനിന്ന് തട്ടിപ്പിനുപയോഗിച്ച സിം കാർഡുകളും മൊബൈൽഫോണും കണ്ടെടുത്തു. ഓൺലൈൻ മാധ്യമങ്ങളിലൂടെ പണം തട്ടിപ്പുനടത്തുന്ന അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്ത് വയനാട്, മലപ്പുറം, തിരുവനന്തപുരം, കോട്ടയം അടക്കമുള്ള ജില്ലകളിൽനിന്ന് പിടിയിലായവരും സമാനരീതിയിൽ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കഞ്ചിക്കോട് സ്വകാര്യ കമ്പനി ജീവനക്കാരനായ 27-കാരൻ, ഒറ്റപ്പാലം സ്വദേശി തുടങ്ങിയവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഇന്റർനെറ്റ് ഉപയോഗരീതിയും മൈബൈൽ ഫോൺ ടവർ ലൊക്കേഷനും പിന്തുടർന്നാണ് ഡൽഹിയിലെത്തി ഇരുവരെയും അറസ്റ്റുചെയ്തത്. തട്ടിപ്പിന്റെ രാജ്യാന്തരബന്ധം തിരിച്ചറിഞ്ഞതോടെ ക്രൈം റിക്കോർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി. എ. സുകുമാരന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച, പാലക്കാട് സൈബർ പോലീസ് ഇൻസ്പെക്ടർ എ. പ്രതാപ്, സീനിയർ സി.പി.ഒ. എ. മനേഷ്, സി.പി.ഒ. എച്ച്. ഹിരോഷ് എന്നിവരടങ്ങിയ സംഘമാണ് ഡൽഹിയിലെത്തിയത്. തട്ടിപ്പിനുപയോഗിച്ച ബാങ്ക് അക്കൗണ്ട് വിലാസം തേടിയെത്തിയ പോലീസിന് വിലാസത്തിലുള്ള സ്ഥലത്ത് കെട്ടിടങ്ങളൊന്നും കണ്ടെത്താനായില്ല. പിന്നീട് കേന്ദ്ര സൈബർസെല്ലിന്റെ സഹായത്തോടെ പ്രതികൾ ഉപയോഗിച്ച മൊബൈൽ സിഗ്നൽ, ഇന്റർനെറ്റ് വിവരം എന്നിവ പിന്തുടർന്ന് പശ്ചിമ ഡൽഹിയിൽ നൈജീരിയക്കാർ കൂട്ടമായി താമസിക്കുന്ന ഉത്തംനഗറിൽ എത്തുകയായിരുന്നു. ഡൽഹി പോലീസിന്റെ സഹായത്തോടെ സാഹസികമായാണ് ഇവിടെ പരിശോധന നടത്തിയത്. പാലക്കാട് സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. ഫേസ്ബുക്ക് വഴി പരിചയം, സമ്മാനവാഗ്ദാനം വിദേശത്ത് താമസിക്കുന്നവരെന്നറിയിച്ച് ഫേസ്ബുക്ക് വഴി സുഹൃത്താവാൻ ക്ഷണിച്ച് പരിചയപ്പെട്ടശേഷമാണ് പ്രതികൾ തട്ടിപ്പിന് കളമൊരുക്കുന്നതെന്ന് പോലീസ് പറഞ്ഞു. സൗഹൃദം സ്ഥാപിച്ചാൽ കോളുകൾ വാട്സാപ്പ് വഴിയാവും. ഇതിനിടെ പ്രമുഖവ്യക്തികളുടെ വിവരങ്ങൾ അടങ്ങിയ വെബ് പേജ്, ഇ-മെയിൽ തുടങ്ങിയവ കൃത്രിമമായി നിർമിച്ച് ഇരകളാക്കാൻ ലക്ഷ്യമിടുന്നവരുടെ വിശ്വാസം പിടിച്ചുപറ്റും. തുടർന്ന് ജന്മദിനത്തിലും മറ്റ് വിശേഷ അവസരങ്ങളിലും വിലപിടിപ്പുള്ള സമ്മാനങ്ങളും പണവും കൊറിയർ വഴി അയച്ചിട്ടുണ്ടെന്ന് ഇരകളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. ഇരകളുടെ ഫോണിലേക്ക് കസ്റ്റംസ് അടക്കമുള്ള സർക്കാർ ഏജൻസികളുടെ പേരിൽ വിളിച്ച് നിങ്ങളുടെപേരിൽ അയച്ച സമ്മാനത്തിന് എയർ പോർട്ടിൽ കസ്റ്റംസ് നികുതി, സമ്മാനനികുതി മുതലായവ അടയ്ക്കാൻ ആവശ്യപ്പെടും. ഇതിനായി ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുടെ അക്കൗണ്ട് നമ്പറും നൽകും. തുക അടച്ച് കാത്തിരിക്കുന്നവർ നാളുകൾ കഴിഞ്ഞിട്ടും സമ്മാനം കിട്ടാതാവുമ്പോഴാണ് വഞ്ചിക്കപ്പെട്ടതായി അറിയുന്നതെന്ന് പോലീസ് പറഞ്ഞു. Content Highlights:Nigerian among two arrested for online fraud at Palakkad


from mathrubhumi.latestnews.rssfeed https://ift.tt/3DlxXBS
via IFTTT