Breaking

Thursday, December 2, 2021

സഞ്ജിത്ത് കൊലക്കേസ് : പ്രതികൾ കീഴടങ്ങുമെന്ന് അഭ്യൂഹം; കോടതിക്കുമുന്നിൽ നാടകീയരംഗങ്ങൾ

പാലക്കാട് : കിണാശ്ശേരി മമ്പറത്ത് ആർ.എസ്.എസ്. പ്രാദേശിക നേതാവ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ബുധനാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകുമെന്ന അഭ്യൂഹത്തെത്തുടർന്ന് കോടതിക്കുമുന്നിൽ നെട്ടോട്ടമോടി പോലീസ്. കീഴടങ്ങാനെത്തുന്ന പ്രതികളെ പിടികൂടാൻ കോടതി പരിസരത്ത്‌ തമ്പടിച്ച പോലീസിന് രാത്രി ഇരുട്ടിയിട്ടും പ്രതികളെക്കുറിച്ച് വിവരമൊന്നും കിട്ടിയില്ല. പാലക്കാട്, ചിറ്റൂർ, ഒറ്റപ്പാലം കോടതിപരിസരത്താണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്.കൊലപാതകംനടന്ന് 16 ദിവസം കഴിഞ്ഞിട്ടും, കൃത്യത്തിൽ നേരിട്ട് ബന്ധമുള്ള അഞ്ചുപേരിൽ രണ്ടുപേരെ മാത്രമാണ് പോലീസിന് അറസ്റ്റുചെയ്യാനായത്. മറ്റുപ്രതികൾ ബുധനാഴ്ച ചിറ്റൂർ കോടതിയിൽ കീഴടങ്ങുമെന്നായിരുന്നു രഹസ്യവിവരം. ഇതേത്തുടർന്ന് രാവിലെമുതൽ യൂണിഫോമിലും മഫ്തിയിലുമായി ചിറ്റൂർ കോടതിപരിസരത്ത്‌ പോലീസ് കാവലിരുന്നു. പോലീസിനെ വെട്ടിച്ച് പ്രതികൾ പാലക്കാട് ജില്ലാ കോടതിയിൽ ഹാജരായേക്കുമെന്ന ആശങ്കയെത്തുടർന്ന് ഇവിടെയും പോലീസ് കാവലേർപ്പെടുത്തി. ഉച്ചകഴിഞ്ഞിട്ടും പ്രതികൾ ഇവിടെയുമെത്തിയില്ല. മുൻകരുതലെന്നോണം ഒറ്റപ്പാലം കോടതിയിലും കാവലേർപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ബുധനാഴ്ച വൈകീട്ട് കോടതികൾ പിരിഞ്ഞിട്ടും പ്രതികൾ എത്താതായതോടെ ഒടുവിൽ പോലീസും തിരിച്ചുപോയി.പോലീസ് സാന്നിധ്യം മനസ്സിലാക്കിയതിനാൽ കീഴടങ്ങാനുള്ള തീരുമാനത്തിൽനിന്ന് പ്രതികൾ പിൻവാങ്ങിയതായിരിക്കാമെന്നാണ് നിഗമനം. ചിറ്റൂർ കോടതി പരിസരത്ത്‌ സംശയാസ്പദമായ സാഹചര്യത്തിൽ ചിലരെ കണ്ടതായി വിവരമുണ്ട്. പ്രതികൾക്ക് സഹായം നൽകുന്നവരാണെന്ന നിഗമനത്തിൽ ഇവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നതായാണ് വിവരം. കേസിൽ അറസ്റ്റിലായ രണ്ടുപേരും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹിത്വമുള്ള പ്രവർത്തകരാണ്. പ്രതികളിലൊരാളെ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിനുപിന്നിൽ രാഷ്ട്രീയ വിരോധമാണെന്ന് പോലീസ് നേരത്തെ ഉറപ്പിച്ചതിനാൽ ഗൂഢാലോചന ഉൾപ്പെടെ ഒട്ടേറെ പ്രതികളുണ്ടാകുമെന്നാണ് സൂചന.


from mathrubhumi.latestnews.rssfeed https://ift.tt/3luouSu
via IFTTT