Breaking

Monday, December 6, 2021

ഇന്ദിരാഗാന്ധി ആസ്പത്രി തിരഞ്ഞെടുപ്പ് കെ.സുധാകരന്റെ വിജയം; കേഡർ സംവിധാനത്തിലേക്ക് കോൺഗ്രസ്

കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിഭരണം കൃത്യമായ ആസൂത്രണത്തിലൂടെ പിടിച്ചെടുത്തത് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്റെ വിജയംതന്നെ. കോൺഗ്രസ് പാനൽ തോറ്റാൽ സുധാകരൻ രാജിവെക്കേണ്ടിവരുമെന്ന് പറഞ്ഞ മമ്പറം ദിവാകരന് ഇത് വലിയ തിരിച്ചടിയുമായി. ആസ്പത്രി ഭരണസമതി തിരഞ്ഞെടുപ്പിലെ വിജയം സംസ്ഥാനത്ത് കോൺഗ്രസ് ലക്ഷ്യംവെക്കുന്ന കേഡർ സംവിധാനത്തിന്റെ തുടക്കംകൂടിയാണ്. സാധാരണ സി.പി.എം. പോലുള്ള സംഘടനകളിൽ കാണുന്ന തന്ത്രപൂർവമുള്ള സംഘാടകത്വമാണ് കോൺഗ്രസ് ഇവിടെ കാണിച്ചത്. 1990-കളിൽ ജില്ലയിൽ കോൺഗ്രസിന്റെ ഒരുപാട് സഹകരണസംഘങ്ങൾ സി.പി.എം. പിടിച്ചെടുത്തിരുന്നു. അന്നൊക്കെ നിസ്സഹായരായി പോളിങ് ബൂത്തിനടുത്തുപോലും എത്താതെ മടങ്ങുകയും തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയുമായിരുന്നു കോൺഗ്രസ്. അതേസമയം ഈ തിരഞ്ഞെടുപ്പിൽ പാർട്ടി അതിന്റെ എല്ലാ തന്ത്രങ്ങളും പുറത്തെടുത്തു. തികച്ചും സി.പി.എം. ശൈലിയിൽ. വോട്ടർമാരെ കൊണ്ടുവരാൻ പ്രത്യേക സംവിധാനമൊരുക്കി. മണ്ഡലം കമ്മിറ്റികൾ ഇതിനായി എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചു. തളരാതെ മണിക്കൂറുകൾ വോട്ടർമാരെ വരിനിർത്തി. ഔദ്യോഗിക പാനലിനെതിരേ മത്സരിച്ച മമ്പറം ദിവാകരനെ പാർട്ടിയിൽനിന്ന് പുറത്താക്കിക്കൊണ്ടായിരുന്നു കെ.സുധാകരൻ തുടങ്ങിയത്. അത് ചില്ലറ വിമർശമുണ്ടാക്കിയെങ്കിലും അച്ചടക്കനടപടിയെന്ന രീതിയിൽ അംഗീകരിക്കപ്പെട്ടു. കണ്ണൂരിലും മമ്പറത്തെ അനുകൂലിക്കുന്ന ഒട്ടേറെപ്പേരുണ്ടെങ്കിലും എവിടെയും കാര്യമായ എതിർപ്പുണ്ടായില്ല. ഇത് പാർട്ടിയുടെ ശക്തിയെയാണ് കാണിക്കുന്നത്. ഞായറാഴ്ച ബൂത്തിനുമുന്നിൽ ഒൗദ്യോഗിക നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ച ഒരുമണ്ഡലം പ്രസിഡന്റിനെ മണിക്കൂറുകൾക്കകം ഡി.സി.സി. പ്രസിഡന്റ് പുറത്താക്കിയതും പാർട്ടിയുടെ കേഡർ സ്വഭാവം വെളിപ്പെടുത്തുന്നതായി. സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിച്ചതാണ് ഇന്ദിരാഗാന്ധി ആസ്പത്രി തിരഞ്ഞെടുപ്പ്. അതിൽ പരാജയപ്പെട്ടാൽ സുധാകരന് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പായിരുന്നു. പക്ഷേ, വൻ ഭൂരിപക്ഷത്തോടെയുള്ള വിജയം കെ.പി.സി.സി. പ്രസിഡന്റിന്റെ നിലപാടിനുള്ള അംഗീകാരമായി. സുധാകരന്റെ ശൈലിക്കെതിരേ സംസാരിക്കുന്നവർക്ക് ഇത് താക്കീതുമായി. അമിതാഹ്ളാദ പ്രകടനം വേണ്ടെന്നും വ്യക്തികൾക്കെതിരേയുള്ള വിജയമല്ല, മറിച്ച് പാർട്ടിയുടെ ഐക്യത്തിന്റെ വിജയമാണിത് എന്നുമാണ് ഫലമറിഞ്ഞശേഷം സുധാകരൻ പറഞ്ഞത്. Content Highlights:K Sudhakaran Congress Indira Gandhi Co-operative Hospital election


from mathrubhumi.latestnews.rssfeed https://ift.tt/3rAbyOY
via IFTTT