Breaking

Monday, December 6, 2021

സിൽവർലൈൻ: കേന്ദ്രവിഹിതം തേടി മുഖ്യമന്ത്രിയുടെ കത്ത്; 2150 കോടിരൂപ അനുവദിക്കണം

തിരുവനന്തപുരം: അർധ അതിവേഗ റെയിൽപ്പാതയായ സിൽവർലൈനിനുള്ള കേന്ദ്രവിഹിതമായ 2150 കോടി രൂപ അടുത്ത ബജറ്റിൽ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കത്തയച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തമുള്ള പദ്ധതിയിൽ കേന്ദ്രവിഹിതമാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. പ്രതിപക്ഷവും ചില ജനകീയ കൂട്ടായ്മകളും എതിർക്കുന്നുണ്ടെങ്കിലും കേന്ദ്രാനുമതി നേടി പദ്ധതി നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. പദ്ധതിക്ക് വിദേശവായ്പ തേടിയുള്ള കെ-റെയിലിന്റെ അപേക്ഷ കേന്ദ്രധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതിൽ എത്രയും പെട്ടെന്ന് അനുമതി നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പദ്ധതിയുടെ സാമ്പത്തികബാധ്യതകൾ പൂർണമായും ഏറ്റെടുക്കാമെന്നും കെ-റെയിൽ എടുക്കുന്ന വായ്പകൾക്ക് ഗാരന്റി നൽകാമെന്നും സംസ്ഥാന സർക്കാർ റെയിൽവേയെ അറിയിച്ചിരുന്നു. ദേശീയ റെയിൽ പദ്ധതിയിലുള്ളതെന്ന് കേരളം സിൽവർലൈൻ ദേശീയ റെയിൽ പദ്ധതിയിൽ കേന്ദ്രസർക്കാർ ഉൾക്കൊള്ളിച്ചിട്ടുള്ളതാണെന്ന് കേന്ദ്രത്തിന് നൽകിയ കത്തിൽ മുഖ്യമന്ത്രി ഓർമിപ്പിക്കുന്നു. ഇതിൽപെട്ട പദ്ധതികളെല്ലാം 2030-നുള്ളിൽ പൂർത്തീകരിക്കുമെന്ന് 2021-ലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പാർലമെന്റിനെ അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മൊത്തത്തിലുള്ള ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ ഉതകുന്ന മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് എന്നിവയുടെ കാഴ്ചപ്പാടുകളുമായി ചേരുന്നതാണ് സിൽവർലൈൻ. Content Highlights: Silverline CM Pinarayi Vijayan


from mathrubhumi.latestnews.rssfeed https://ift.tt/3xZpBP3
via IFTTT