Breaking

Saturday, December 4, 2021

ബംഗ്ലാദേശ്; ഒരു രാജ്യം പിറന്ന വഴി

കാർഗിലും അതിർത്തികടന്നുള്ള ഭീകരവാദവുമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മറ്റ് മൂന്നുയുദ്ധങ്ങൾക്കും കാരണമായതെങ്കിൽ 1971-ൽ ഇരുരാജ്യങ്ങളും നേർക്കുനേർ വന്നതിനുപിന്നിലെ കാരണം വ്യത്യസ്തമായിരുന്നു; പടിഞ്ഞാറൻ പാകിസ്താനും കിഴക്കൻ പാകിസ്താനും തമ്മിൽ രണ്ടുപതിറ്റാണ്ടിലേറെ നീണ്ട സംഘർഷങ്ങൾ. കിഴക്കൻ-പടിഞ്ഞാറൻ പാകിസ്താനുകൾ തമ്മിലുള്ള സംഘർഷം ഇന്ത്യ-പാക് യുദ്ധത്തിലേക്കും ബംഗ്ലാദേശ് രൂപവത്കരണത്തിലേക്കും നയിച്ചതിന്റെ നാൾവഴി.... 1947 ഇന്ത്യ-പാക് വിഭജനസമയത്ത് ഭൂമിശാസ്ത്രപരമായി ബന്ധമില്ലാതിരുന്നിട്ടുകൂടി മുസ്ലിം ഭൂരിപക്ഷമേഖലയായ കിഴക്കൻ ബംഗാളിനെക്കൂടി പാകിസ്താന്റെ ഭാഗമാക്കി. 1600-ലേറെ കിലോമീറ്ററായിരുന്നു കിഴക്കൻ പാകിസ്താനും പടിഞ്ഞാറൻ പാകിസ്താനും തമ്മിലുള്ള ദൂരം. ഉറുദുവും പഞ്ചാബിയും സംസാരിക്കുന്ന പടിഞ്ഞാറൻ പാകിസ്താനും ബംഗാളി സംസാരിക്കുന്ന കിഴക്കൻ പാകിസ്താനും തമ്മിൽ അന്നുമുതൽക്കേ അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നു. അവിഭക്ത പാകിസ്താന്റെ 60 ശതമാനം ജനസംഖ്യയും കിഴക്കൻ പാകിസ്താനിലായിരുന്നു. കയറ്റുമതിവരുമാനത്തിന്റെ 70 ശതമാനവും സംഭാവനചെയ്തിട്ടും ബജറ്റ് വിഹിതത്തിന്റെ 30 ശതമാനം മാത്രമായിരുന്നു കിഴക്കൻ മേഖലയ്ക്കായി അനുവദിച്ചിരുന്നത്. ഭരണത്തലപ്പത്തും മറ്റു പ്രധാനമേഖലകളിലും പടിഞ്ഞാറൻ പാകിസ്താൻ ആധിപത്യം സ്ഥാപിച്ചതോടെ കിഴക്കൻ പാകിസ്താനിൽ പ്രക്ഷോഭം പ്രത്യക്ഷമായിത്തുടങ്ങി. 1948 -കറാച്ചിയിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ ഉച്ചകോടിയിൽവെച്ച് ഉറുദു ഔദ്യോഗികഭാഷയായി പടിഞ്ഞാറൻ പാകിസ്താൻ പ്രഖ്യാപിച്ചു. ബംഗാളിഭാഷയെ സ്കൂളുകളിൽ പഠിപ്പിക്കാൻ തയ്യാറായില്ലെന്നുമാത്രമല്ല, കറൻസിനോട്ടുകളിൽനിന്നും സ്റ്റാമ്പുകളിൽനിന്നുംവരെ ബംഗാളിയെ പടിഞ്ഞാറൻ പാക് നേതൃത്വം ഒഴിവാക്കി. ഇതേത്തുടർന്ന് കിഴക്കൻ പാകിസ്താനിൽ ബംഗാളിഭാഷാപ്രസ്ഥാനം എന്നപേരിൽ പ്രക്ഷോഭമാരംഭിച്ചു. 1956 -വർഷങ്ങൾനീണ്ട സമരങ്ങൾക്കൊടുവിൽ ബംഗാളിഭാഷയെയും പാകിസ്താൻ ഔദ്യോഗികഭാഷയായി അംഗീകരിച്ചു. 1966 -മുജീബുർ റഹ്മാന്റെ നേതൃത്വത്തിൽ അവാമി ലീഗ് പാർട്ടി ആറിനമുന്നേറ്റത്തിന് തുടക്കംകുറിച്ചു. കിഴക്കൻ പാകിസ്താനെ ഫെഡറൽ സ്റ്റേറ്റായി പ്രഖ്യാപിക്കുക, പ്രത്യേക കറൻസിയും സാമ്പത്തികനയങ്ങളും അനുവദിക്കുക, പ്രത്യേക സൈന്യവും നാവികസേനയും അനുവദിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ. സമരത്തിന് നേതൃത്വം നൽകിയ മുജീബുർ റഹ്മാനെ പാക് പ്രസിഡന്റ് അയൂബ് ഖാൻ ജയിലിലടച്ചു. 1969 -യഹ്യഖാൻ പാകിസ്താൻ പ്രസിഡന്റായി. 1970 -നവംബറിൽ കിഴക്കൻ പാകിസ്താനിലുണ്ടായ ഭോല ചുഴലിക്കാറ്റിൽ മൂന്നുമുതൽ അഞ്ചുലക്ഷത്തിലേറെപ്പേർക്ക് ജീവൻ നഷ്ടമായി. എന്നാൽ, ദുരന്തനിവാരണപ്രവർത്തനങ്ങളിൽ പടിഞ്ഞാറൻ നേതൃത്വം സഹകരിച്ചതേയില്ല. ഒരു ഹെലികോപ്റ്റർ മാത്രമാണ് യഹ്യഖാൻ അനുവദിച്ചത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ സഹായം വാഗ്ദാനംചെയ്തെങ്കിലും സ്വീകരിക്കാൻ യഹ്യഖാൻ തയ്യാറായില്ല. 1970 -ഡിസംബറിൽനടന്ന പൊതുതിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് അവാമി ലീഗ് വൻഭൂരിപക്ഷം നേടി. കിഴക്കൻ പാകിസ്താനിലെ 160 സീറ്റിൽ 160-ലും അവാമി പാർട്ടി ജയിച്ചു. പടിഞ്ഞാറൻ പാകിസ്താനിലെ 138 സീറ്റിൽ 81 ഇടത്ത് സുൾഫിക്കർ അലിഭൂട്ടോയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടി വിജയിച്ചു. കേവലഭൂരിപക്ഷമായ 150 സീറ്റിലേറെ നേടിയതോടെ മുജീബുർ റഹ്മാൻ പാക് പ്രധാനമന്ത്രിയാകുമെന്ന സ്ഥിതിവന്നു. എന്നാൽ, പുതിയ പാർലമെന്റ് അധികാരത്തിലേറുന്നത് യഹ്യഖാൻ നീട്ടിവെച്ചു. സമവായചർച്ചയിൽ ഫലം കാണാതായതോടെ മുജീബുർ റഹ്മാനെയും സുൾഫിക്കർ അലി ഭൂട്ടോയെയും യഹ്യഖാൻ ജയിലിലടച്ചു. 1971 മാർച്ച്-ഡിസംബർ -മുജീബുർ റഹ്മാനെ ജയിലിലടച്ചതിൽ കിഴക്കൻ പാകിസ്താനിൽ വലിയ പ്രക്ഷോഭങ്ങളാരംഭിച്ചു. പാകിസ്താനിൽനിന്ന് കിഴക്കൻ പാകിസ്താൻ സ്വതന്ത്രരാകുകയാണെന്ന് അവാമി ലീഗ് പ്രഖ്യാപിച്ചു. സമരങ്ങളെ നേരിടാൻ യഹ്യഖാൻ കിഴക്കൻ പാകിസ്താനിലേക്ക് പാക് പട്ടാളത്തെ അയച്ചു. ഓപ്പറേഷൻ സെർച്ച് ലൈറ്റ് എന്നപേരിൽ നടന്ന സൈനികനടപടിയിൽ അഞ്ചുലക്ഷത്തിനടുത്ത് ആളുകൾ കൊല്ലപ്പെട്ടു. ബുദ്ധിജീവികൾ, വിദ്യാർഥികൾ, സമരനേതാക്കൾ തുടങ്ങിയവരെയും ഹിന്ദുക്കളെയും സൈന്യം തിരഞ്ഞുപിടിച്ചു വകവരുത്തി. നാലുലക്ഷത്തോളം ബംഗാളിസ്ത്രീകൾ ബലാത്സംഗത്തിനിരയായി. കിഴക്കൻ പാകിസ്താനിൽനിന്ന് വലിയതോതിലുള്ള അഭയാർഥിപ്രവാഹത്തിന് ഇന്ത്യ സാക്ഷ്യംവഹിച്ചു. ഒരുകോടിയിലേറെ ബംഗാളികളാണ് ഇന്ത്യയിൽ അഭയം തേടിയത്. ഇതേത്തുടർന്നാണ് വിഷയത്തിൽ ഇന്ത്യ പ്രത്യക്ഷത്തിൽ ഇടപെടലാരംഭിച്ചത്. അതുവരെ നിഷ്പക്ഷനിലപാടായിരുന്നു സ്വീകരിച്ചത്. നയതന്ത്രതലത്തിലും സാമ്പത്തികമായും പാകിസ്താനുമേൽ സമ്മർദം ചെലുത്തുക എന്ന നയമായിരുന്നു ആദ്യം ഇന്ത്യ സ്വീകരിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യു.എന്നിലടക്കം വിഷയമുന്നയിച്ചു. ഇവയൊന്നും ഫലംകാണാതായതോടെ ഇന്ത്യ കിഴക്കൻ പാകിസ്താനൊപ്പമാണെന്ന് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചു. പാകിസ്താനെതിരേ കിഴക്കൻ മേഖലയിൽ രൂപംകൊണ്ട വിമതസംഘടനയായ മുക്തിബാഹിനിക്ക് ഇന്ത്യ പരിശീലനം നൽകാനാരംഭിച്ചു. 1971 -ഡിസംബർ മൂന്നിന് പാകിസ്താൻ, ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലകളിലെ വ്യോമതാവളങ്ങളിൽ വ്യോമാക്രമണം നടത്തി. ഓപ്പറേഷൻ ചെങ്കിസ് ഖാൻ എന്നപേരിൽ നടത്തിയ ആക്രമണത്തിൽ പഠാൻകോട്ട്, അമൃത്സർ എന്നീ വ്യോമ ആസ്ഥാനങ്ങളുടെ റൺവേകളിലും അമൃത്സറിലെ റഡാർ സംവിധാനത്തിനും കേടുപാടുണ്ടായി. കേടുപാടു പരിഹരിച്ചശേഷം ഇവിടെനിന്നുതന്നെ പാക് താവളങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചു. ശ്രീനഗർ, അവന്തിപ്പോർ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലായിരുന്നു പാകിസ്താന്റെ അടുത്ത ആക്രമണം. പിന്നീട് ഫരീദാകോട്ട് റഡാർ സ്റ്റേഷനിലും ആഗ്രയിലും ലുധിയാനയ്ക്കടുത്തുള്ള ഹൽവാരയിലും പാകിസ്താന്റെ ബി-57 വിമാനങ്ങൾ ബോംബ് വർഷിച്ചു. ഇതുകൂടാതെ ഉത്തർലേ, ജോധ്പുർ, ജയ്സാൽമേർ, ഭുജ്, ജാംനഗർ എന്നിവിടങ്ങളിലും പാകിസ്താൻ വ്യോമാക്രമണം നടത്തുകയും ജമ്മുകശ്മീർ അതിർത്തിയിൽ നിയന്ത്രണരേഖയിൽ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. പാകിസ്താന്റെ വ്യോമകേന്ദ്രങ്ങളും റഡാർ സ്റ്റേഷനുകളും ആക്രമിച്ച് ഇന്ത്യ അതേനാണയത്തിൽ തിരിച്ചടിച്ചു. പാകിസ്താനെ എല്ലാ അർഥത്തിലും വളയാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കരസേനാ മേധാവിയായിരുന്ന സാം മനേക് ഷായ്ക്ക് ഉത്തരവുനൽകിയതോടെ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന് ഔദ്യോഗിക തുടക്കമായി. 1971 ഡിസംബർ 16 -13 ദിവസം മാത്രം നീണ്ട യുദ്ധത്തിനൊടുവിൽ പാകിസ്താൻ പരാജയപ്പെട്ടു. അന്നത്തെ പാക് സൈനികമേധാവി ജനറൽ നിയാസിയും 93,000 പാക് സൈനികരും ഇന്ത്യയുടെ ഈസ്റ്റേൺ കമാൻഡ് ചീഫ് ?െലഫ്. ജനറൽ ജെ.എസ്. അറോറയ്ക്കുമുന്നിൽ കീഴടങ്ങി. രണ്ടാംലോകയുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്രയേറെപ്പേർ കീഴടങ്ങുന്ന മറ്റൊരു യുദ്ധമുണ്ടായത്. ഇന്ത്യയുടെ മൂന്നുസേനകളും ഒന്നിച്ചുപങ്കെടുത്ത ആദ്യത്തെ യുദ്ധംകൂടിയായിരുന്നു അത്. പാകിസ്താൻ കീഴടങ്ങിയതോടെ കിഴക്കൻ പാകിസ്താനെ ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3IjLptB
via IFTTT