Breaking

Saturday, December 4, 2021

മതിൽ ചാടിക്കടന്ന് കാട്ടാനയും കടുവയും ടൗണിലേക്ക്

സുൽത്താൻബത്തേരി : മതിൽ ചാടിക്കടന്ന് കാട്ടാനയും കടുവയും ബത്തേരി ടൗണിലേക്കെത്തിത്തുടങ്ങി. കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് സമീപം ബത്തേരി-പുല്പള്ളി റോഡിൽ വനാതിർത്തിക്ക് സമീപം വനംവകുപ്പ് സ്ഥാപിച്ച കന്മതിൽ ചാടിക്കടന്നാണ് കാട്ടാനയും കടുവയുമെല്ലാം നാട്ടിലേക്കിറങ്ങുന്നത്. ഒരാഴ്ചക്കിടെ മൂന്ന് തവണയാണിവിടെ ആന മതിൽചാടിക്കടന്നെത്തിയത്. വ്യാഴാഴ്ച രാത്രി കടുവയും നാട്ടിലിറങ്ങി. മതിലുചാടി നേരെ പുല്പള്ളി റോഡിലേക്കിറങ്ങുന്ന ആന, സമീപത്തെ വീടുകൾക്കും കൃഷിയിടങ്ങൾക്കും കാര്യമായ നാശമൊന്നുമുണ്ടാക്കിയിട്ടില്ലെങ്കിലും ഇതുവഴി യാത്രചെയ്യുന്നവർക്ക് വലിയ ഭീഷണിയാണ്. ഏറ്റവുമൊടുവിൽ ബുധനാഴ്ച ആന പുല്പള്ളി റോഡിലൂടെ കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസരത്തേക്ക് നടന്നുവരുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലകപ്പെട്ട ബൈക്ക് യാത്രികൻ നിയന്ത്രണം വിട്ടുമറിഞ്ഞു. കൃഷിയിടത്തിൽ കണ്ടെത്തിയ കടുവയുടെ കാൽപ്പാട് തലനാരിഴയ്ക്കാണ് ആനയുടെ മുന്നിൽനിന്ന് യാത്രക്കാരൻ രക്ഷപ്പെട്ടത്. വലിയ കൊമ്പനാനയാണ് സ്ഥിരമായി മതിൽചാടിക്കടന്നെത്തുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിന് ഏതാനും മീറ്ററുകൾ മാത്രമകലെയാണ് ഈ സംഭവമെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ആനയിറങ്ങിയപ്പോഴൊന്നും രക്ഷിക്കായി വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയില്ലെന്നാണ് പരാതി. പ്രദേശവാസികൾ ചേർന്നാണ് ആനയെ കാട്ടിലേക്ക് തുരത്തിവിട്ടത്. ഈ ഭാഗത്ത് തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തതും നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാണ്. രാത്രി റോഡരികിൽ ആന നിന്നാൽ ഈ ഭാഗത്ത് വെളിച്ചക്കുറവുള്ളതിനാൽ പെട്ടന്ന് ശ്രദ്ധയിൽപ്പെടില്ല. ഇതിനാൽ പലരും തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് ആനയെ കാണുക. മതിലിന് ഉയരം കുറഞ്ഞ ഭാഗത്തുവെച്ചാണ് ആന ചാടിക്കടക്കുന്നത്. ഇവിടെ മതിലിന്റെ ഉയരം വർധിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് ഇവിടെ കടുവ റോഡ് മറികടന്നുപോകുന്നത് കാർയാത്രക്കാർ കണ്ടത്. വിവരമറിഞ്ഞ് നാട്ടുകാർ വെള്ളിയാഴ്ച രാവിലെ പ്രദേശത്ത് നടത്തിയ പരിശോധനയിൽ റാത്തപ്പള്ളി ജോമോൻ, തേലക്കൽ ജോയി എന്നിവരുടെ കൃഷിയിടങ്ങളിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. ആഴ്ചകൾക്ക് മുമ്പ് സമീപ പ്രദേശത്തെ ആർമാട് രജനി, പാപ്പാളിൽ മത്തായി എന്നിവരുടെ ആടുകളെ കടുവ ഇരയാക്കിയിരുന്നു. വളർത്തുനായകളെയും കടുവ കൊന്നുതിന്നുന്നുണ്ട്. ജനവാസ മേഖലകളിൽ കടുവയുടെ സ്ഥിരമായുള്ള സാന്നിധ്യം പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കൃഷിയിടങ്ങളിൽ ജോലി ചെയ്യാനും പകൽ കുട്ടികളെ വീടിന് പുറത്തുവിടാനും രാത്രി യാത്രചെയ്യാനുമെല്ലാം ഭയമാണെല്ലാവർക്കും. പന്നിയുടെയും കുരങ്ങിന്റെയും ശല്യം പ്രദേശത്ത് രൂക്ഷമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3xRqHMV
via IFTTT