Breaking

Sunday, December 5, 2021

കണക്കെടുപ്പ് തുടങ്ങി: പോപ്പുലർ ശാഖകളിൽനിന്ന് സ്വർണവും പണവും ട്രഷറിയിലേക്ക് മാറ്റി

കൊല്ലം : നിക്ഷേപത്തട്ടിപ്പിനെത്തുടർന്ന് പൂട്ടിപ്പോയ പോപ്പുലർ ഫിനാൻസിന്റെ വിവിധ ശാഖകളിൽ റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ കണക്കെടുപ്പ് തുടങ്ങി. കൊല്ലം താലൂക്കിൽ കുണ്ടറ ഇളമ്പള്ളൂർ, ചിന്നക്കട പോളയത്തോട് ശാഖകളിലായിരുന്നു ശനിയാഴ്ച കണക്കെടുപ്പ് നടന്നത്. കുണ്ടറ ഇളമ്പള്ളൂർ ശാഖയിൽ 5,000 രൂപമാത്രമാണ് കണ്ടത്. ചിന്നക്കടയിൽ 2500 ഗ്രാം സ്വർണവും 88,900 രൂപയും കണ്ടെടുത്തു. കണ്ടെടുത്ത പണവും സ്വർണവും രേഖകളും ട്രഷറിയിൽ ഏൽപ്പിച്ചു. കൊല്ലം താലൂക്കിൽ മൊത്തം 13 ശാഖകളാണുള്ളത്. കുന്നത്തൂർ, കരുനാഗപ്പള്ളി താലൂക്കുകളിൽ നാലുവീതം ശാഖകളാണുള്ളത്. ലാൻഡ് റിക്കവറി തഹസിൽദാർ ശുഭൻ, ഡെപ്യൂട്ടി തഹസിൽദാർ ടി.ദേവരാജൻ, തഹസിൽദാർ ശശിധരൻ പിള്ള, ഡെപ്യൂട്ടി തഹസിൽദാർ ജീന തുളസീധരൻ, വില്ലേജ് ഓഫീസർമാരായ വി.എസ്.ശ്രീകുമാർ, ശ്രീലത തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കൊല്ലം താലൂക്കിലെ പരിശോധന. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പരിശോധന തുടരും. പുനലൂർ താലൂക്കിലെ ശാഖകളിൽ താലൂക്കിൽ മൊത്തമുള്ള ഏഴുശാഖകളിൽ ചണ്ണപ്പേട്ടയിലെ ശാഖയിൽ വെള്ളിയാഴ്ചയും പുനലൂരിലെ ശാഖയിൽ ശനിയാഴ്ചയും പരിശോധന നടന്നു. മൊത്തം 18 ലക്ഷത്തിലധികം രൂപയും സ്വർണവും ചെക്ക്‌ ബുക്കുകളും പാസ്ബുക്കുകളും അനുബന്ധരേഖകളും കണ്ടെടുത്തു. ചണ്ണപ്പേട്ട ശാഖയിൽനിന്ന്‌ 18,37,058 രൂപയും 385 പായ്ക്കറ്റുകളിലായി സ്വർണവും രേഖകളുമാണ് ലഭിച്ചത്. സ്വർണത്തിന്റെ കൃത്യമായ കണക്ക് തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ. പുനലൂർ ശാഖയിൽനിന്ന്‌ 1,100 രൂപയും 94 ഗ്രാം സ്വർണവും അനുബന്ധരേഖകളുമാണ് ലഭിച്ചത്. കണ്ടെടുത്ത പണവും സ്വർണവും മറ്റുവസ്തുക്കളും ട്രഷറിയിൽ ഏൽപ്പിച്ചു. തിങ്കളാഴ്ച ഇടമൺ, കുളത്തൂപ്പുഴ ശാഖകളിലും ചൊവ്വാഴ്ച അഞ്ചൽ, ആര്യങ്കാവ് ശാഖകളിലും ബുധനാഴ്ച ഇടമുളയ്ക്കൽ ശാഖയിലും പരിശോധന നടക്കും. പുനലൂർ ആർ.ഡി.ഒ. ബി.ശശികുമാറിന്റെ മേൽനോട്ടത്തിലാണ് പരിശോധന. പുനലൂർ തഹസിൽദാർ കെ.എസ്.നസിയ, ഭൂരേഖാ തഹസിൽദാർ അജിത് ജോയി എന്നിവരും പോലീസ് ഉദ്യോഗസ്ഥരും നേതൃത്വം നൽകി. കുന്നത്തൂർ താലൂക്കിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പരിശോധന നടക്കും. കരുനാഗപ്പള്ളി താലൂക്കിൽ പോപ്പുലർ ഫിനാൻസ് ശാഖകളിൽ കണക്കെടുപ്പ് തുടങ്ങി. കരുനാഗപ്പള്ളി തഹസിൽദാർ പി.ഷിബുവിന്റെ നേതൃത്വത്തിൽ ചവറ ശാഖയിലാണ് ശനിയാഴ്ച കണക്കെടുപ്പ് നടത്തിയത്. വൈകീട്ട് നാലരയോടെ തുടങ്ങിയ കണക്കെടുപ്പ് ആറരവരെ തുടർന്നു. 46 സ്വർണ ഉരുപ്പടികളും ചെക്ക് ബുക്കുകളും രജിസ്റ്ററുകളും കണ്ടെടുത്തു. സ്വർണം തൂക്കി തിട്ടപ്പെടുത്തി കരുനാഗപ്പള്ളി സബ്ട്രഷറിയിലേക്ക് മാറ്റി. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഓച്ചിറ, കരുനാഗപ്പള്ളി ശാഖകളിൽ കണക്കെടുപ്പ് നടത്തും.


from mathrubhumi.latestnews.rssfeed https://ift.tt/3Gd7ng3
via IFTTT