Breaking

Sunday, December 5, 2021

എ.ഐ.വൈ.എഫിൽ പ്രായം ചൂണ്ടിക്കാട്ടി എതിരാളികളെ ‘വെട്ടിനിരത്തി’യെന്ന് പരാതി

കണ്ണൂർ: സി.പി.ഐ.യിലെ ഗ്രൂപ്പുതിരിഞ്ഞുള്ള ഒളിയുദ്ധം യുവജനസംഘടനയിലേക്കും. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ പക്ഷത്തുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ പുതിയ പ്രായവ്യവസ്ഥ ചൂണ്ടിക്കാട്ടി എതിർപക്ഷക്കാരെ സംസ്ഥാന സമ്മേളനത്തിന്റെ പുതിയ കമ്മിറ്റി രൂപവത്കരണത്തിൽ വെട്ടിനിരത്തിയെന്നാണ് ആക്ഷേപം. കെ.ഇ. ഇസ്മയിൽ പക്ഷത്തുനിൽക്കുന്നവരെയാണ് മാറ്റിയത്. ഭാരവാഹികൾക്ക് 40 വയസ്സ് കവിയരുതെന്ന മാർഗനിർദേശമാണ് പാർട്ടി നേതൃത്വം ഇതിനായി കണ്ടെത്തിയത്. മൂന്നുവർഷം കൂടുമ്പോൾ നടക്കേണ്ട സമ്മേളനം ഇത്തവണ അഞ്ചുവർഷമായപ്പോഴാണ് ചേർന്നത്. നിലവിലെ സംസ്ഥാന ജോയന്റ് സെക്രട്ടറിമാരായ കെ.എസ്. അരുൺ (തിരുവനന്തപുരം), പി.എസ്.എം ഹുസ്സൈൻ (ആലപ്പുഴ), പി. ഗവാസ് (കോഴിക്കോട്), പ്രിൻസ് മാത്യു (ഇടുക്കി), വൈസ് പ്രസിഡന്റ് കെ.പി. സന്ദീപ് (തൃശ്ശൂർ) എന്നിവരാണ് പുതിയ വ്യവസ്ഥയെത്തുടർന്ന് ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കപ്പെടാതെ പുറത്തായത്. ദേശീയാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടനയെന്നനിലയിൽ പ്രായം സംബന്ധിച്ച വ്യവസ്ഥയിൽ നിർദേശം നൽകേണ്ടത് സംഘടനയുടെ നാഷണൽ സെന്റർ ആണെന്നാണ് വെട്ടിനിരത്തപ്പെട്ട വിഭാഗക്കാരുടെ പരാതി. ബിനോയ് വിശ്വം എം.പി.ക്കാണ് സെന്ററിന്റെ ചുമതല. ഇത്തരമൊരു വ്യവസ്ഥയെക്കുറിച്ച് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. രണ്ടുവർഷം വൈകിയെത്തിയ സമ്മേളനം കാരണം അവസരം നഷ്ടപ്പെട്ടവരാണ് ഇപ്പോൾ പുറത്തായ പല നേതാക്കളും. രാഷ്ട്രീയപ്രമേയം സംബന്ധിച്ച ചർച്ചയിൽ വലിയ വിമർശനമാണ് സി.പി.ഐ. നേതൃത്വത്തിനുനേരെ ഉയർന്നത്. കെ-റെയിൽ കാര്യത്തിലുള്ള സി.പി.ഐ. നിലപാട് ദുരൂഹമാണെന്ന വിമർശനമാണ് വ്യാപകമായി ഉയർന്നത്. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി നയങ്ങൾ വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനുമുള്ളയാളായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാറിയെന്നും വിമർശനമുയർന്നു. കോട്ടയത്ത് എം.ജി. സർവകലാശാലയ്ക്കുമുന്നിൽ സമരംചെയ്ത വിദ്യാർഥികൾക്ക് സംരക്ഷണം നൽകുന്നതിൽ കോട്ടയം ജില്ലാ കമ്മിറ്റി പരാജയപ്പെട്ടതും ചർച്ചാവിഷയമായി. കേരള പോലീസിന്റെ പല നടപടികളിലും വിമർശനമുയർന്നു. സി.പി.എമ്മിന് കീഴ്പ്പെട്ടുനിൽക്കുന്ന സി.പി.ഐ. നേതൃത്വം സംഘടനയെ പിടിച്ചുമുറുക്കിവെച്ചിരിക്കുകയാണെന്നായിരുന്നു മറ്റൊരു ആക്ഷേപം. വെറും ചെരുപ്പുമാത്രമിട്ട് ലാളിത്യത്തിന്റെ പ്രതീകമായി നടക്കുന്ന മന്ത്രി പി. പ്രസാദ് ഉപയോഗിക്കുന്നത് ഐ-ഫോണാണെന്നായിരുന്നു കണ്ണൂരിൽനിന്നുള്ള ഒരു പ്രതിനിധിയുടെ ആക്ഷേപം. രാഷ്ട്രീയ പാപ്പരത്തമാണ് ഇത്തരം വിമർശനം കാണിക്കുന്നതെന്ന് മറുപടിപ്രസംഗത്തിൽ കാനം പറഞ്ഞു. Content Highlights:AIYF state conference Kannur CPI


from mathrubhumi.latestnews.rssfeed https://ift.tt/3ElGCWa
via IFTTT