Breaking

Tuesday, December 7, 2021

ലഹരി എത്തിയത് ബെംഗളൂരുവില്‍ നിന്ന്; സംഘാടകര്‍ പിടിയിലായതറിഞ്ഞ് മോഡലുകള്‍ മുങ്ങി

തിരുവനന്തപുരം: പൂവാർ പട്ടണക്കാട് കാരക്കാട്ടിൽ റിസോർട്ടിൽ നടന്ന ഡി.ജെ. പാർട്ടിക്ക് ലഹരി നൽകിയ ബെംഗളൂരു സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുന്നു. ലഹരി പാർട്ടിയുടെ സംഘാടകൻ അക്ഷയ്മോഹന്റെ അടുത്ത സുഹൃത്തുക്കളായ ബെംഗളൂരു സ്വദേശികളാണ് എം.ഡി.എം.എ. അടക്കമുള്ള മാരക ലഹരി കൈമാറിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളിൽനിന്നും പിടിച്ചെടുത്ത മൂന്ന് മൊബൈൽഫോണുകളും കോടതിയുടെ അനുമതിയോടെ സൈബർ പരിശോധനയ്ക്കു ഹാജരാക്കും. പ്രതികളുടെ ഫോൺവിളികളുടെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. പാർട്ടി ഹാളിൽവച്ച് ഫോണിലൂടെ നടന്ന പണമിടപാടുകളും അന്വേഷിക്കുന്നുണ്ട്. പാർട്ടി സംഘടിപ്പിച്ച നിർവാണയുടെ പ്രധാനി ഉത്തരേന്ത്യൻ വിനോദസഞ്ചാരകേന്ദ്രമായ കുളു കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ലഹരിക്കടത്ത് കേസുകളിൽ പ്രതിയായി നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെയാണ് അക്ഷയ് മോഹൻ ഇവരുമായി കൂടിയത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ സംഗീത പാർട്ടി സംഘടിപ്പിക്കുകയും അതിന്റെ മറവിൽ സിന്തറ്റിക് മയക്കുമരുന്നുകൾ വിൽക്കുകയുമായിരുന്നു ഇവർ ചെയ്തിരുന്നത്. മ്യൂസിക് ഫെസ്റ്റും ഫാഷൻ ഷോയും പോലീസിന്റെയും എക്സൈസിന്റെയും ശ്രദ്ധതിരിക്കാൻ വേണ്ടിയായിരുന്നു. പാർട്ടിക്കിടെ റെയ്ഡ് ഉണ്ടായാലും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ ഇവർ എടുത്തിരുന്നു. ഡാൻസ് ഹാളിൽ പല സ്ഥലത്തായി ലഹരി വിൽപ്പനക്കാർ പാർട്ടിയിൽ പങ്കെടുക്കുന്നവരെന്ന വ്യാജേന നിലയുറപ്പിക്കും. പങ്കെടുക്കുന്നവരിൽനിന്നും ലഹരി ആവശ്യമുള്ളവരെ ഇവരാണ് കണ്ടെത്തുക. ഒന്നോ രണ്ടോ കൈമറിഞ്ഞാകും ലഹരി ആവശ്യമുള്ളവരിലേക്ക് എത്തുക. പോലീസോ എക്സൈസോ എത്തുന്നുണ്ടോ എന്നറിയാൻ ഹാളിനു പുറത്ത് കാവലിന് ആളെ നിർത്തിയിരിക്കും. പാർട്ടിക്ക് എത്തുന്നവരെയും നിരീക്ഷിക്കും. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയശേഷമാകും മയക്കുമരുന്ന് ഇറക്കുക. പണം വാങ്ങുന്ന ആളായിരിക്കില്ല മയക്കുമരുന്ന് നൽകുന്നത്. പണം കൈമാറി അൽപസമയത്തിനുള്ളിൽ മറ്റൊരാൾ മയക്കുമരുന്ന് നൽകും. സുരക്ഷിത സ്ഥലത്ത് മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ചിട്ടാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നത്. സ്ത്രീകൾ അടക്കം വിതരണക്കാരായി ഉണ്ടാകും. ഈ സമയങ്ങളിൽ പരിശോധന നടത്തിയാൽ കണ്ടെടുക്കാൻ ബുദ്ധിമുട്ടാണ്. ശനിയാഴ്ചത്തെ പാർട്ടി കഴിഞ്ഞ ശേഷം സംഘാടകർ ലഹരി ഉപയോഗിച്ച് വിശ്രമിക്കുമ്പോഴാണ് പൂവാറിൽ പരിശോധന നടന്നത്. ഇതുകൊണ്ടാണ് സിന്തറ്റിക് മയക്കുമരുന്നുകൾ കണ്ടെത്താൻ കഴിഞ്ഞത്. അന്വേഷണത്തിന് പ്രത്യേക സംഘം പൂവാർ റിസോർട്ടിലെ ലഹരി പാർട്ടിയെക്കുറിച്ചുള്ള അന്വേഷണത്തിന് എക്സൈസ് പ്രത്യേക സംഘം രൂപവത്കരിച്ചു. അസി. എക്സൈസ് കമ്മിഷണർ എസ്.വിനോദ്കുമാറിനാണ് അന്വേഷണച്ചുമതല. .0301 ഗ്രാം എൽ.എസ്.ഡി. സ്റ്റാമ്പ്, 3.33 ഗ്രാം എം.ഡി.എം.എ., 1.30 ഗ്രാം എം.ഡി.എം.എ. ഗുളിക, 1.466 ഗ്രാം എം.ഡി.എം.എ. പോളിത്തീൻ സ്ട്രിപ്പ്, 7.15 ഗ്രാം ഹാഷിഷ് ഓയിൽ, 25 ഗ്രാം കഞ്ചാവ് എന്നിവയാണ് പ്രതികളിൽനിന്നും പിടിച്ചത്. ചെറിയ അളവിലാണ് സിന്തറ്റിക് മയക്കുമരുന്ന് കണ്ടെത്തിയതെങ്കിലും കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയായിരുന്നു. പ്രതികളായ ആര്യനാട് തോളൂർ ലക്ഷ്മി ഭവനിൽ അക്ഷയ്മോഹൻ(26), കടകംപള്ളി വില്ലേജിൽ ശംഖുംമുഖം രാജീവ് നഗറിൽ ഷാരോൺ ഹൗസിൽ പീറ്റർ ഷാനോ ഡെന്നി (35), അയിരൂപ്പാറ ചന്തവിള ഷാഹിറുദീൻ മൻസിലിൽ ആഷിർ (31) എന്നിവരെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു. ലഹരിമരുന്നുകൾ കൈവശം വച്ചതിനും വിൽപ്പന നടത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്. റിസോർട്ടിൽ നിന്നും സ്ത്രീ അടക്കം 19 പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തി. ഇവരിൽ ഭൂരിഭാഗവും ലഹരിക്ക് അടിപ്പെട്ട അവസ്ഥയിലായിരുന്നു. പിടികൂടിയ എക്സൈസ് സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് തിങ്കളാഴ്ച ഉച്ചയോടെയാണ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരിമരുന്ന് പിടികൂടിയത്. ഫാഷൻ ഷോ മുടങ്ങി,മോഡലുകൾ മുങ്ങി തിരുവനന്തപുരം: ലഹരി പാർട്ടിയുടെ സംഘാടകർ എക്സൈസ് പിടിയിലായതറിഞ്ഞ് ഫാഷൻ ഷോയ്ക്ക് എത്തിയ മോഡലുകൾ മുങ്ങി. പിടിയിലായവരിൽനിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം 20 മോഡലുകൾ ഫാഷൻ ഷോയ്ക്ക് എത്തേണ്ടിയിരുന്നു. അതേസമയം ഷോയുടെ സംഘാടക പിടിയിലായിരുന്നു. ഇവരിൽനിന്നാണ് ഷോയുടെ വിവരങ്ങൾ ലഭിച്ചത്. കൊച്ചിയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഇവർ ഫാഷൻ ഷോ സംഘടിപ്പിച്ചിരുന്നു. ഇവർ ക്ഷണിച്ചിരുന്ന പെൺകുട്ടികളിൽ പലരും മയക്കുമരുന്ന് കടത്തിന്റെ കണ്ണികളാണെന്നു സംശയമുണ്ട്. ഇതേക്കുറിച്ചും അന്വേഷണം നീങ്ങും. നിർവാണയുടെ പേരിൽ കൊച്ചിയിലും മറ്റും സംഘടിപ്പിച്ച ലഹരി പാർട്ടികളെക്കുറിച്ചും എക്സൈസ് അന്വേഷിക്കുന്നുണ്ട്. കൊച്ചിയിൽ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ റിസോർട്ടിനും ഇവരുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്. കാരക്കാട്ട് റിസോർട്ടിൽനിന്നും പിടിച്ചെടുത്ത നിരീക്ഷണക്യാമറാ ദൃശ്യങ്ങൾ ഉൾപ്പെട്ട ഹാർഡ് ഡിസ്കിലെ വിവരങ്ങൾ നിർണായകമാണ്. എക്സൈസിന്റെ സൈബർ വിഭാഗം ഇതു പരിശോധിക്കും. സിന്തറ്റിക് ലഹരിക്കടത്തിലെ ആസൂത്രകരിലെ ചിലർ ശനിയാഴ്ച നടന്ന പാർട്ടിയിൽ പങ്കെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതോടെ ഇവരുടെ പങ്കാളിത്തം വ്യക്തമാകും. ആറ്റുപുറത്ത് റിസോർട്ടുകൾ പലതും അനധികൃതം പാറശ്ശാല: ആറ്റുപുറം, പൊഴിക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിസോർട്ടുകളിൽ ഭൂരിഭാഗവും അനധികൃത റിസോർട്ടുകളാണ്. കുളത്തൂർ പഞ്ചായത്ത് മേഖലയിൽ പ്രവർത്തിക്കുന്ന ലൈസൻസില്ലാത്ത റിസോർട്ടുകൾ പൂട്ടാൻ പഞ്ചായത്ത് തിങ്കളാഴ്ച മുതൽ നോട്ടീസ് നൽകിത്തുടങ്ങി. ആറ്റുപുറം, പൊഴിക്കര പ്രദേശത്തെ റിസോർട്ടുകളിൽ ഭൂരിഭാഗവും അനധികൃമായി പ്രവർത്തിക്കുന്നവയാണെന്ന് കുളത്തൂർ പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഈ പ്രദേശത്ത് ചെറുതും വലുതുമായി ഇരുപതിൽ അധികം റിസോർട്ടുകൾ ഉള്ളവയിൽ ഈ സാമ്പത്തിക വർഷം ലൈസൻസ് പുതുക്കിയത് ആറ് റിസോർട്ടുകൾ മാത്രമാണ്. അനധികൃത റിസോർട്ടുകൾ കേന്ദ്രീകരിച്ചാണ് ഡി.ജെ. പാർട്ടികളും ലഹരിപ്പാർട്ടികളും അരങ്ങേറുന്നത്. ഈ പ്രദേശത്ത് റിസോർട്ടുകൾ പ്രവർത്തിക്കുന്നത് ദ്വീപുകളിലായതിനാൽ ഇവിടങ്ങളിൽ എത്തിച്ചേരുന്നതിന് ബോട്ടുകളെയാണ് ആശ്രയിക്കുന്നത്. ഇതിനാൽ തന്നെ എക്സൈസ്, പോലീസ് വിഭാഗങ്ങൾ റിസോർട്ടുകളിൽ പരിശോധനയ്ക്കായി എത്താറില്ല. തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കൻമാർക്ക് വരെ ഈ പ്രദേശത്ത് റിസോർട്ടുകൾ ഉള്ളതായി പറയപ്പെടുന്നുണ്ട്. അനധികൃത റിസോർട്ടുകളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയമപ്രകാരം പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കും പ്രദേശത്തെ ടൂറിസ വികസനത്തിനും തടസ്സമായി മാറുമെന്ന ഭയത്തിലാണ് അംഗീകൃത റിസോർട്ട് ഉടമകൾ. അനധികൃത ഡി.ജെ. ലഹരിപ്പാർട്ടികൾ പതിവ്, മദ്യവിതരണവും പാറശ്ശാല: പൊഴിക്കര, ആറ്റുപുറം പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകളിൽ ഡി.ജെ. ലഹരിപ്പാർട്ടികൾ സ്ഥിരംസംഭവമാണെന്ന് പ്രദേശവാസികൾ. രാത്രിയിൽ ഉച്ചത്തിൽ പാട്ടുകൾ വെച്ചാണ് പാർട്ടി സംഘടിപ്പിക്കുന്നത്. ഇത് കിലോമീറ്ററുകൾക്ക് അപ്പുറത്തെ ജനവാസമേഖലകളിൽവരെ കേൾക്കാറുണ്ടെന്നും എന്നാൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്നുമാണ് നാട്ടുകാർ പരാതിപ്പെടുന്നത്. പാർട്ടികൾ നടത്തുന്നതിനായി ഈ പ്രദേശത്തെ റിസോർട്ടുകളിൽ പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പോലീസ് എക്സൈസ് പരിശോധനകൾ ഇന്നേവരെ നടന്നിട്ടില്ലാത്തതിനാൽ പാർട്ടികൾ സംഘടിപ്പിക്കുന്നവരുടെ സുരക്ഷിത മേഖലയായിരുന്നു ഈ പ്രദേശം. സമീപത്തായി വീടുകളില്ലാത്തതും പുറത്തുനിന്നുള്ളവർക്ക് ഇവിടെ പെട്ടെന്ന് എത്തിപ്പെടുവാൻ സാധിക്കില്ലെന്നതും ഇവർക്ക് സൗകര്യപ്രദമായി മാറിയിരുന്നു. ശനി, ഞായർ ദിവസങ്ങളിലാണ് പാർട്ടികൾ അധികവും നടന്നിരുന്നത്. രാത്രി പത്തുമണിക്കുശേഷം ഈ പ്രദേശത്തെ റിസോർട്ടുകളിലേക്ക് യുവതീയുവാക്കൾ അടങ്ങുന്ന സംഘങ്ങളാണ് എത്തിച്ചേരുന്നത്. ബിയർ വിതരണം ചെയ്യുന്നതിനുള്ള ലൈസൻസ് പോലും ഇല്ലാത്ത റിസോർട്ടുകളിലാണ് രാത്രികാലത്ത് ഡി.ജെ. പാർട്ടിയുടെ മറവിൽ മദ്യ സത്കാരങ്ങൾ നടത്തിയിരുന്നത്. നോക്കുകുത്തിയായി ആറ്റുപുറം എക്സൈസ് ചെക്പോസ്റ്റ് പാറശ്ശാല: ആറ്റുപുറത്തെ റിസോർട്ടിൽ എം.ഡി.എം.എ. അടക്കമുള്ള ലഹരിയുത്പന്നങ്ങൾ എത്തിച്ചത് ആറ്റുപുറത്തെ എക്സൈസ് ചെക്പോസ്റ്റിലെ ബാരിക്കേഡ് കടന്ന്. റിസോർട്ടുകളിലേക്കുള്ള റോഡ് വഴി ലഹരിയുത്പന്നങ്ങൾ സംസ്ഥാനത്തേക്കു കടത്തുന്നതായുള്ള റിപ്പോർട്ടിനെ തുടർന്ന് ഈ പാതയിൽ എക്സൈസ് വകുപ്പ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഈ പാതയിൽ വാഹനങ്ങൾ വരുമ്പോൾ ബാരിക്കേഡ് ഉയർത്തേണ്ടതിനാൽ ഡ്യൂട്ടിയിലുള്ളവർ ബാരിക്കേഡ് എപ്പോഴും ഉയർത്തിവയ്ക്കുകയാണ് പതിവ്. ഈ സാഹചര്യം മുതലെടുത്താണ് ഈ പ്രദേശത്തേക്ക് ഈ പാതവഴി ലഹരിയുത്പന്നങ്ങൾ എത്തിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് ഈ പാതവഴി വൻതോതിൽ സംസ്ഥാനത്തേക്ക് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും ലഹരിയുത്പന്നങ്ങളും കടത്തുന്നുണ്ട്. റിസോർട്ടിലേക്ക് എത്തി മടങ്ങുന്ന വാഹനങ്ങളെന്ന വ്യാജേനയാണ് ഈ പാതവഴി ലഹരിയുത്പന്നങ്ങൾ പോകുന്നത്. പരിശോധന നടത്തുവാൻ ഉദ്യോഗസ്ഥർ തയ്യാറാകാത്തതുമൂലം ലഹരികടത്തുകാരുടെ ഇഷ്ടപാതയായി മാറിയിട്ട് നാളേറെയാകുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3drc21v
via IFTTT