Breaking

Monday, December 6, 2021

കൊച്ചിയിൽ ചൂതാട്ടകേന്ദ്രം കണ്ടെത്തി; വിദേശത്തെ ചൂതാട്ടകേന്ദ്രങ്ങള്‍ക്ക് സമാനമെന്ന് പോലീസ്

കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൊച്ചി ചിലവന്നൂരിൽ പ്രവർത്തിച്ചിരുന്ന ചൂതാട്ടകേന്ദ്രം കണ്ടെത്തി. വിദേശരാജ്യങ്ങളിലെ ചൂതാട്ടകേന്ദ്രങ്ങൾക്ക് സമാനമാണ് ഇത്. സംസ്ഥാനത്തുതന്നെ ആദ്യമാണ് ഇത്തരം ഒന്ന് കണ്ടെത്തുന്നതെന്ന് പോലീസ് പറഞ്ഞു. നടത്തിപ്പുകാരൻ നോർത്ത് പറവൂർ എളന്തിക്കര സ്വദേശി ടിപ്സൺ ഫ്രാൻസിസിനെ (33) അറസ്റ്റ് ചെയ്തു. ഇയാളുടെ കൈയിൽനിന്ന് അഞ്ചുഗ്രാം കഞ്ചാവും കണ്ടെടുത്തു. ടിപ്സൺ ഫ്രാൻസിസ് സൈജു തങ്കച്ചന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് പാർട്ടി നടന്ന ഫ്ലാറ്റുകളിൽ ശനിയാഴ്ച മുതൽ പോലീസ് റെയ്ഡ് തുടങ്ങിയിരുന്നു. ചിലവന്നൂരിലെ സലാഹുദ്ദീന്റെ ഫ്ളാറ്റിൽ പരിശോധന നടത്താനാണ് പോലീസ് എത്തിയത്. എന്നാൽ, ഫ്ളാറ്റ് മാറി ടിപ്സണിന്റെ ഫ്ളാറ്റിൽ പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് ചൂതാട്ടകേന്ദ്രം കണ്ടെത്തിയത്. ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന സാമഗ്രികൾ പോലീസ് പിടിച്ചെടുത്തു. 5,000 മുതൽ 10,000 രൂപ വരെ വാങ്ങിയാണ് ചൂതാട്ടത്തിൽ പങ്കെടുപ്പിച്ചിരുന്നത്. ലഹരിക്കൊപ്പം ചൂതാട്ടവും; തുണ ഗുണ്ടാസംഘങ്ങൾ കൊച്ചി: സിന്തറ്റിക് ലഹരി ഒഴുകുന്ന റേവ് പാർട്ടികൾ മാത്രമല്ല, ഗോവയിലെ ചൂതാട്ടവും കൊച്ചിയിലേക്ക് എത്തിയിരിക്കുന്നു. വിദേശരാജ്യങ്ങളിലെ ചൂതാട്ട കേന്ദ്രങ്ങളിൽ നടക്കുന്ന പോക്കർ ഗെയിം അടക്കമാണ് കൊച്ചിയിലെ ഫ്ളാറ്റുകളിൽ അരങ്ങേറുന്നത്. ലഹരിമരുന്ന് പാർട്ടിയിലേക്ക് എത്തുന്ന വമ്പർമാരാണ് ചൂതാട്ടത്തിലും ഭാഗ്യം പരീക്ഷിക്കുന്നത്. ലക്ഷങ്ങളുടെ ഇടപാടുകളാണ് ഇവിടെ നടക്കുന്നത്. വൈപ്പിൻ, തൃപ്പൂണിത്തുറ, പള്ളുരുത്തി, എറണാകുളം സിറ്റി എന്നിവിടങ്ങളിൽ വലിയ തോതിൽ ചൂതാട്ടം നടക്കുന്നുണ്ട്. ഗുണ്ടാസംഘങ്ങളുടെ പിന്തുണയോടെയാണ് ഇതു നടത്തുന്നത്. മുമ്പ് ചൂതാട്ടം നടക്കുന്നതിനെക്കുറിച്ച് വിവരം നൽകിയ തമ്മനം സ്വദേശിയെ വീട്ടിൽക്കയറി ആക്രമിച്ചിരുന്നു. പോലീസിന് നൽകിയ രഹസ്യവിവരം അവിടെനിന്ന് ഗുണ്ടകൾക്ക് ചോർത്തിക്കൊടുക്കുകയായിരുന്നു. പിന്നീട് പോലീസ്തന്നെ ഇയാൾക്കും കുടുംബത്തിനും കാവൽ നിൽക്കേണ്ട സ്ഥിതിയും വന്നു. തൃപ്പൂണിത്തുറയിലെ ഒരു സ്പോർട്സ് ക്ലബ്ബിൽ ചൂതാട്ടം നടക്കാൻ തുടങ്ങിയിട്ട് നാളുകളായി. വമ്പൻമാർക്കു മാത്രം മെംബർഷിപ്പുള്ള ക്ലബ്ബിലാണിത് അരങ്ങേറുന്നത്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ക്ലബ്ബ് നടത്തിപ്പുകാർ മെംബർഷിപ്പ് നൽകും. ഇതോടെ പോലീസിന്റെ കാവൽകൂടി ഇവിടത്തെ ചൂതാട്ടത്തിന് ലഭിക്കും. പന്നിമലർത്ത് തന്നെ മെയിൻ രഹസ്യകേന്ദ്രങ്ങളിലും ക്ലബ്ബുകളിലും ചീട്ട് വെച്ചുള്ള കളികളും വ്യാപകമാണ് പന്നിമലർത്ത് തന്നെ പ്രധാന കളി. ലക്ഷങ്ങളാണ് ഇവിടെ മറിയുന്നത്. നടത്തിപ്പുകാരായ ഗുണ്ടകൾക്ക് ഓരോ ടേബിളിനും 5,000 മുതൽ 10,000 രൂപ വരെയാണ് നൽകുന്നത്. സുരക്ഷയാണ് ഇവരുടെ വാഗ്ദാനം. മദ്യവും മയക്കുമരുന്നും ഇവർതന്നെ വിതരണം ചെയ്യും. പണം തീർന്നാലും സാരമില്ല ചൂതാട്ടത്തിനിടെ പണം തീർന്നാലും അവസാനിപ്പിച്ച് മടങ്ങേണ്ട. സംഘാടകർതന്നെ പണം പലിശയ്ക്ക് നൽകും. തൊട്ടടുത്തദിവസം പണം പലിശചേർത്ത് തിരികെ തരുമെന്ന ഉറപ്പിന്മേലാണ് പണം നൽകുന്നത്. ജില്ലയ്ക്ക് പുറത്തുനിന്നടക്കം കളികൾക്കായി ആളുകൾ എത്തുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3ErR3HD
via IFTTT