Breaking

Saturday, December 4, 2021

സായൂജ്യയ്ക്ക് വെളിച്ചമാകാൻ പുത്തൻ ലാപ്‌ടോപ്പ്

തേഞ്ഞിപ്പലം : ഗവേഷണവഴിയിൽ സായൂജ്യയുടെ കണ്ണുകൾക്ക് വെളിച്ചമാകാൻ സിൻഡിക്കേറ്റ് അംഗങ്ങളുടെ വക പുത്തൻ ലാപ്ടോപ്പ്. കാലിക്കറ്റ് സർവകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗത്തിലെ ഗവേഷണവിദ്യാർഥിനി സി.എസ്. സായൂജ്യയ്ക്കാണ് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചത്.കാഴ്‌ചപരിമിതി നേരിടുന്ന സായൂജ്യയുടെ ലാപ്ടോപ്പ് കഴിഞ്ഞമാസമാണ് കോഴിക്കോട് ബീച്ചിൽവെച്ച് മോഷണംപോയത്. ഗവേഷണവിവരങ്ങളടങ്ങിയ ലാപ്‌ടോപ്പ് നഷ്ടമായതോടെ ഗവേഷണം വഴിമുട്ടിയ സ്ഥിതിയായിരുന്നു.ലാപ് തിരികെ ലഭിക്കുമെന്ന പ്രതീക്ഷകളിലും പഠനം തുടരുമ്പോഴാണ് സായൂജ്യയുടെ പ്രയാസമറിഞ്ഞ സിൻഡിക്കേറ്റ് അംഗങ്ങൾ പുതിയ ലാപ്‌ടോപ്പ് സമ്മാനിച്ചത്. സായൂജ്യയുടെ കണ്ണായ ലാപ്‌ടോപ്പ് നഷ്ടമായ വിവരം 'മാതൃഭൂമി' വാർത്തയാക്കിയിരുന്നു.കാഴ്‌ചപരിമിതിയെ മറികടന്ന് ഡിഗ്രി കാലംമുതൽ സ്വരൂപിച്ച വിവരങ്ങളാണ് ലാപ്പിലുണ്ടായിരുന്നത്. പോലീസിൽ പരാതിനൽകിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.പുതിയ ലാപ്‌ടോപ്പ് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് സമ്മാനിച്ചു.അടുത്ത ദിവസംതന്നെ കാഴ്‌ചപരിമിതിയുള്ളവർക്കായുള്ള സ്‌ക്രീൻറീഡർ സോഫ്റ്റ്‌വേർ ഇൻസ്റ്റാൾചെയ്ത് ലാപ് ഉപയോഗിച്ചുതുടങ്ങണം. കഴിയുന്നതും പരമാവധി വിവരങ്ങൾ ശേഖരിച്ച് സ്വപ്‌നമായ ഗവേഷണം പൂർത്തിയാക്കണം -സായൂജ്യ ‘മാതൃഭൂമി’യോട് പറഞ്ഞു.പ്രോ വൈസ് ചാൻസലർ ഡോ. എം.കെ. നാസർ, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷാകൺട്രോളർ ഡോ. സി.സി. ബാബു, സിൻഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. ജി. റിജുലാൽ, ഡോ. കെ.പി. വിനോദ്‌കുമാർ, ഡോ. എം. മനോഹരൻ, ഡോ. കെ.ഡി. ബാഹുലേയൻ തുടങ്ങിയവർ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/3xQy7Qu
via IFTTT