Breaking

Saturday, December 4, 2021

വാക്സിനെടുക്കാത്ത അധ്യാപകരുടെ പേരു പുറത്തുവിടില്ല; പ്രസിദ്ധപ്പെടുത്തുക എണ്ണം മാത്രം

തിരുവനന്തപുരം: കോവിഡ് പ്രതിരോധവാക്സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ പേരുവിവരം പ്രസിദ്ധീകരിക്കുമെന്ന നിലപാട് തിരുത്തി മന്ത്രി വി. ശിവൻകുട്ടി. പേരുവിവരം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വെള്ളിയാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നെങ്കിലും എത്രപേരുണ്ടെന്നു മാത്രമാകും പ്രസിദ്ധീകരിക്കുകയെന്ന് വൈകുന്നേരത്തോടെ തിരുത്തി. വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കായിരിക്കും പ്രസിദ്ധപ്പെടുത്തുക. ഇതിനായി പ്രത്യേക വിവരശേഖരണം ആരംഭിച്ചു. വാക്സിൻ സ്വീകരിക്കാത്തവർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വാക്സിൻ എടുക്കാത്തവരുടെ കണക്ക് ശേഖരിച്ചിരുന്നു. ഇപ്പോൾ കൂടുതൽപ്പേർ വാക്സിൻ എടുത്തിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അയ്യായിരത്തോളംപേർ വാക്സിൻ എടുത്തിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ, 2609 പേർ മാത്രമേയുള്ളൂവെന്ന് അനൗദ്യോഗിക കണക്കുണ്ട്. വാക്സിൻ എടുക്കാത്തവരുടെ വിവരവും അതിന്റെ കാരണവും നൽകാൻ ഡെപ്യൂട്ടി ഡയറക്ടർമാർ സ്കൂളുകൾക്ക് നിർദേശം നൽകി. പല സ്കൂളുകളിൽനിന്നും നൽകിയ വിവരങ്ങൾ അപൂർണമാണ്. സോഫ്റ്റ്വേർ ഉപയോഗിച്ച് ഇത് ക്രോഡീകരിക്കാനുമായിട്ടില്ല. തുടർന്നാണ് കണക്കുമാത്രം പ്രസിദ്ധപ്പെടുത്താനുള്ള തീരുമാനം. ആരോഗ്യകാരണങ്ങളാൽ വാക്സിനെടുക്കാത്ത അധ്യാപകരും ജീവനക്കാരും ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർ ആഴ്ചതോറും ആർ.ടി.പി.സി.ആർ. പരിശോധനനടത്തി കോവിഡില്ലാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിക്കാത്തവർക്ക് സർക്കാർ സൗജന്യചികിത്സയും നിഷേധിച്ചിട്ടുണ്ട്. വാക്സിനെടുക്കാത്ത അധ്യാപകരെ സ്കൂളിൽ വരാൻ മാനേജ്മെന്റ് നിർബന്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യത്തിന് സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3IjrvPC
via IFTTT