Breaking

Monday, December 6, 2021

ബോട്ടില്‍ ടൂറിസ്റ്റുകളായി എക്‌സൈസ് എത്തി; 20 പേര്‍ പിടിയില്‍, സ്ഥിരം ലഹരി പാര്‍ട്ടി നടത്തുന്നവര്‍

പാറശ്ശാല: പൂവാർ ആറ്റുപുറത്തെ കാരക്കാട്ട് റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ സംഘാടകർ ഉൾപ്പെടെ 20 പേരെ എക്സൈസ് പിടികൂടി. റിസോർട്ടിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ. അടക്കമുള്ള ലഹരി ഉത്പന്നങ്ങളും പിടിച്ചെടുത്തു. ലഹരി പാർട്ടിയുടെ മുഖ്യസംഘാടകരായ ആര്യനാട് സ്വദേശി അക്ഷയ് മോഹൻ, കണ്ണാന്തുറ സ്വദേശി പീറ്റർഷാൻ, കഴക്കൂട്ടം സ്വദേശി ആഷിർ എന്നിവരുൾപ്പെടെയാണ് റിസോർട്ടിൽനിന്നു പിടിയിലായത്. ആറ്റുപുറം കാരക്കാട്ട് റിസോർട്ടിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ എക്സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ മിന്നൽപ്പരിശോധനയിലാണ് ലഹരി പാർട്ടി നടക്കുന്നത് മനസ്സിലാക്കിയത്. ബോട്ടിൽ മാത്രം എത്താൻ സാധിക്കുന്ന പൂവാർ ഐലൻഡിലാണ് റിസോർട്ട്. ശനിയാഴ്ചയും ഞായറാഴ്ചയും പൂവാറിലെ ഒരു റിസോർട്ടിൽ ലഹരി പാർട്ടി നടക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്. പരിശോധനയിൽ എം.ഡി.എം.എ. ക്രിസ്റ്റൽ, എം.ഡി.എം.എ. പിൽസ്, ഹാഷിഷ് ഓയിൽ, എൽ.എസ്.ഡി. സ്റ്റാമ്പ്, കഞ്ചാവ്, മദ്യം എന്നിവ കണ്ടെടുത്തിട്ടുണ്ട്. നിർവാണ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിലാണ് പാർട്ടി നടത്തിയത്. ഇതിനായി പ്രത്യേക പാസുകളും ഏർപ്പെടുത്തിയിരുന്നു. പ്രവേശനത്തിനു മാത്രം 1000, 1500, 2000 എന്നിങ്ങനെയായിരുന്നു തുക ഈടാക്കിയത്. ശനിയാഴ്ച നടന്ന പാർട്ടിയിൽ നൂറോളംപേർ പങ്കെടുത്തിരുന്നു. ഇവരെ പ്രത്യേകം ബോട്ടുകളിലാണ് റിസോർട്ടിൽ എത്തിച്ചത്. അക്ഷയ്മോഹന്റെ നേതൃത്വത്തിൽ വാട്സാപ്പ്, ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ലഹരി പാർട്ടിയിലേയ്ക്ക് ആളുകളെ ക്ഷണിച്ചത്. റിസോർട്ട് രണ്ടു ദിവസത്തേക്ക് പൂർണമായും വാടകയ്ക്കെടുത്താണ് പാർട്ടി സംഘടിപ്പിച്ചത്. പിടിയിലായവരിൽ പലരും ലഹരിയിലായിരുന്നതിനാൽ, ഇവരെ ചോദ്യംചെയ്ത് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ലഹരി എത്തിച്ചതിന്റെയും മറ്റും വിവരങ്ങൾക്കായി റിസോർട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങൾ എക്സൈസ് പരിശോധിക്കുകയാണ്. എക്സൈസ് എൻഫോഴ്സ്മെന്റ് തലവൻ ടി.അനിൽകുമാർ, ഇൻസ്പെക്ടർമാരായ കൃഷ്ണകുമാർ, മുകേഷ്കുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ മധുസൂദനൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എക്സൈസ് സംഘം എത്തിയത് ടൂറിസ്റ്റുകളായി പാറശ്ശാല: പൂവാർ പ്രദേശത്തുള്ള ഒരു റിസോർട്ടിൽ ലഹരി പാർട്ടി നടക്കുന്നു എന്ന വിവരം മാത്രമാണ് എക്സൈസ് സംഘത്തിനുണ്ടായിരുന്നത്. വാഹനത്തിൽ പൂവാർ പൊഴിക്കരയിലെത്തിയപ്പോഴാണ് റിസോർട്ടുകൾ സ്ഥിതിചെയ്യുന്നത് പൊഴിമുഖത്താണെന്നും ബോട്ടിൽ മാത്രമേ അവിടെ എത്താൻ സാധിക്കുകയുള്ളൂവെന്നും മനസ്സിലാക്കിയത്. തുടർന്ന് ടൂറിസ്റ്റുകളായി നടിച്ച് ബോട്ടിങ് നടത്താൻ എക്സൈസ് സംഘം തീരുമാനിച്ചു. വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ളവർ ടൂറിസ്റ്റുകളുടെ വേഷത്തിൽ ബോട്ടിൽ കയറുകയും പാർട്ടി നടത്താൻ സാധിക്കുന്ന റിസോർട്ടുകളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയിൽ കാരക്കാട്ടിൽ നിശാപാർട്ടി നടന്നതായി വിവരം ലഭിച്ചത് ബോട്ടിലെ തൊഴിലാളികളിൽനിന്നാണ്. തുടർന്ന് റിസോർട്ടിൽ താമസിക്കുവാനെന്ന വ്യാജേന എക്സൈസ് സംഘം ആറ്റുപുറത്തെ റിസോർട്ടിൽ എത്തി. എന്നാൽ രണ്ടുദിവസത്തേക്ക് തങ്ങൾ റിസോർട്ട് പൂർണമായും വാടകയ്ക്ക് എടുത്തിരിക്കുകയാണെന്ന് ഇവിടെ ഉണ്ടായിരുന്നവർ പറഞ്ഞു. പിന്നീട് കാണാനെന്ന വ്യാജേന സംഘം റിസോർട്ടിൽ കടന്നു. അകത്ത് കടന്നയുടൻ കോട്ടേജുകൾ പുറത്തുനിന്നു പൂട്ടി. തുടർന്ന് ഓരോ കോട്ടേജിലും പരിശോധന ആരംഭിച്ചപ്പോഴാണ് റിസോർട്ടിൽ പരിശോധന നടക്കുന്ന വിവരം താമസക്കാർ അറിഞ്ഞത്. അപ്പോൾ പലരും ലഹരിയിലായിരുന്നു. റിസോർട്ടിലുള്ളവർ രക്ഷപ്പെടുവാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കിയാണ് പരിശോധന നടത്തിയത്. ശനിയാഴ്ച രാത്രി ലഹരി പാർട്ടി നടന്നതായും പിറ്റേന്ന് രാത്രിയും പാർട്ടി സംഘടിപ്പിച്ചിട്ടുണ്ടെന്നുമുള്ള വിവരത്തെ തുടർന്നാണ് ഞായറാഴ്ച പരിശോധനയ്ക്കെത്തിയത്. സംഘാടകരുടെ ആവശ്യപ്രകാരം ഭക്ഷണം പാചകം ചെയ്യുന്നതിനും മറ്റ് ജോലികൾക്കുമായി എത്തിയ തൊഴിലാളികളും എക്സൈസ് പിടികൂടിയ സംഘത്തിലുണ്ട്. പിടിയിലായത് സ്ഥിരം ലഹരി പാർട്ടി നടത്തുന്നവർ പാറശ്ശാല: ലഹരി പാർട്ടി സംഘടിപ്പിച്ച സംഭവത്തിൽ എക്സൈസ് പിടിയിലായത് സംസ്ഥാനത്ത് സ്ഥിരമായി ലഹരി പാർട്ടി സംഘടിപ്പിക്കുന്നവരെന്ന് സൂചന. സംഗീതനിശയെന്ന പേരിൽ പാസ് ഏർപ്പെടുത്തി ആൾക്കാരെ സംഘടിപ്പിച്ചത് വാട്സാപ്പ്, ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ വഴിയാണ്. എക്സൈസ് പിടികൂടിയ ആര്യനാട് സ്വദേശി അക്ഷയ മോഹൻ, കണ്ണാന്തുറ സ്വദേശി പീറ്റർഷാൻ, കഴക്കൂട്ടം സ്വദേശി ആഷിർഖാൻ എന്നിവർ മുമ്പും ഇത്തരം പാർട്ടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് എക്സൈസ് പറയുന്നത്. ആര്യനാട് സ്വദേശി അക്ഷയ മോഹൻ എം.ഡി.എം.എ. കൈവശം വച്ചതിനു മുമ്പ് പിടിയിലായിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി ആറ്റുപുറത്ത് ലഹരി പാർട്ടി സംഘടിപ്പിച്ചിട്ടുള്ളതായി വിവരം ലഭിച്ചത്. ആയിരം രൂപയ്ക്ക് സിൽവർ പാസും 1500 രൂപയ്ക്ക് ഗോൾഡും രണ്ടായിരം രൂപയ്ക്ക് വി.ഐ.പി. പാക്കേജുമാണ് ഇവർ സംഘടിപ്പിച്ചിരുന്നത്. സിൽവർ പാസിൽ ബിയറും ഗോൾഡ് പാസിൽ ബിയറും മദ്യവും വി.ഐ.പി. പാസിൽ എത്തുന്നവർക്ക് മദ്യവും ഭക്ഷണവുമാണ് സംഘാടകർ ഓഫർ ചെയ്യുന്നത്. ഇതിനുപുറമേ ലഹരി പാർട്ടിയിൽ വിതരണം ചെയ്യുന്ന മയക്കുമരുന്നുകൾക്ക് പ്രത്യേകം പണം നൽകണം. ആറായിരം രൂപ മുതൽ ഈടാക്കിയാണ് ലഹരിമരുന്നുകൾ പാർട്ടിയിൽ വിതരണം ചെയ്തത്.


from mathrubhumi.latestnews.rssfeed https://ift.tt/3Ir6yCq
via IFTTT