Breaking

Tuesday, December 7, 2021

മുല്ലപ്പെരിയാർ: രാത്രിയിൽ വീണ്ടും തുറന്നു

പുറത്തേക്ക് ഒഴുക്കുന്നത് 12,654 ഘനയടി വെള്ളം മഹാപ്രളയത്തിനുശേഷം ഇത്രയും വെള്ളം ഒഴുക്കുന്നത് ആദ്യം ഒൻപത് സ്പിൽവേ ഷട്ടറുകൾ 120 സെന്റീമീറ്റർവീതം തുറന്നു കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ. പരമാവധി സംഭരണശേഷിയായ 142 അടി വെള്ളമെത്താനുള്ള സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച രാത്രിയിൽ എട്ടരയോടെ ഒൻപത് സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് ഉയർത്തി. 120 സെന്റിമീറ്ററുകൾവീതം ഉയർത്തിയ ഷട്ടറുകൾവഴി 12,654 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഇത്രയും അധികം വെള്ളം പെരിയാറിലേക്കൊഴുക്കുന്നത്. അണക്കെട്ടിലേക്ക് സെക്കൻഡിൽ 10,354 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട് 1867 ഘനയടി വെള്ളം ടണൽവഴി കൊണ്ടുപോകുന്നുണ്ട്. പെരിയാർ തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. രാത്രി 10 മണിയോടെ മൂന്ന് സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് അടച്ചു. തുടർന്നും ആറ് ഷട്ടറുകളിലൂടെ 8380 ഘനയടി വെള്ളം ഒഴുകുകയാണ്. പെരിയാർ തീരത്തെ വികാസ് നഗർ, മഞ്ചുമല ഭാഗങ്ങളിലെ ഒട്ടേറെ വീടുകളിൽ വെള്ളംകയറി. വെള്ളപ്പൊക്കത്തിന് സാധ്യത വള്ളക്കടവ്, വികാസ്നഗർ, മഞ്ചുമല പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തിങ്കളാഴ്ച പുലർച്ചെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട് ഒൻപത് ഷട്ടറുകൾ ഉയർത്തിയതോടെ വണ്ടിപ്പെരിയാറിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറിയിരുന്നു. രാത്രിയിൽ വെള്ളം തുറന്നുവിടരുതെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചിരുന്നു. എന്നിട്ടും യാതൊരു പരിഗണനയും തമിഴ്നാട് നൽകുന്നില്ലെന്നതിന്റെ തെളിവാണ് തുടർച്ചയായി പുലർച്ചെ സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നതിലൂടെ വ്യക്തമാകുന്നത്. വണ്ടിപ്പെരിയാർ മേഖലയിൽ തമിഴ്നാടിന്റെ രാത്രികാല സ്പിൽവേ ഷട്ടർ ഉയർത്തുന്നതിനെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്. മുന്നറിയിപ്പ് വീണ്ടും വൈകിആളുകളെ മാറ്റാൻ നെട്ടോട്ടം പെരിയാർ തീരത്തോടുചേർന്ന് കിടക്കുന്നവരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇത്രയേറെ വെള്ളം തുറന്നുവിടുമെന്ന വിവരം വളരെ വൈകിയാണ് തമിഴ്നാട്, ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. റവന്യൂ അധികൃതരും പഞ്ചായത്തും അതിനാൽ വിവരമറിയാൻ വൈകി. അതിനാൽതന്നെ തീരവാസികളെ മാറ്റിപ്പാർപ്പിക്കാൻ അധികം സമയം ലഭിച്ചില്ല. രാത്രി വൈകിയും ഇതിനുള്ള പരിശ്രമങ്ങൾ പുേരാഗമിക്കുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/33aCeMd
via IFTTT