Breaking

Sunday, December 5, 2021

ആസ്തിവില്‍പ്പനയ്‌ക്കെതിരേ എല്‍.ജെ.ഡി. പ്രക്ഷോഭത്തിലേക്ക്

തൃശ്ശൂർ: കേന്ദ്രസർക്കാർ ആറുലക്ഷം കോടി രൂപയുടെ ആസ്തി വിൽക്കാനെടുത്ത തീരുമാനത്തിനെതിരേ പ്രക്ഷോഭം നടത്താൻ എൽ.ജെ.ഡി. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഈ വിഷയത്തിൽ ഇതുവരെ ട്രേഡ് യൂണിയനുകളാണ് സമരരംഗത്തുണ്ടായിരുന്നത്. 27,000 കിലോമീറ്റർ ദേശീയപാത, 13 വിമാനത്താവളങ്ങൾ, 1,000 റെയിൽവേ സ്റ്റേഷനുകൾ എന്നിവ 30 വർഷത്തേക്ക് പാട്ടത്തിന് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. പാട്ടത്തിന് കൊടുക്കുന്നവ തിരിച്ചുകിട്ടാനുള്ള സാധ്യതയുമില്ല. കേരളത്തിൽ ബി.എസ്.എൻ.എലിന്റെ ആസ്തികളാണ് വിൽക്കുന്നത്. ആഗോളീകരണത്തിനെതിരേ എടുത്ത നിലപാടുപോലെ ശക്തമായിരിക്കും ഈ വിഷയത്തിലും ഉണ്ടാവുകയെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ എം.പി. അധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി ഡോ. വറുഗീസ് ജോർജ്, കെ.പി. മോഹനൻ എം.എൽ.എ. , ഭാരവാഹികളായ സണ്ണി തോമസ്, അഡ്വ.എം.കെ. പ്രേംനാഥ്, എം.കെ. ഭാസ്കരൻ, വി. കുഞ്ഞാലി, യൂജിൻ മോറേലി, മനയത്ത് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും -എം.വി. ശ്രേയാംസ് കുമാർ തൃശ്ശൂർ: കാരണംകാണിക്കൽനോട്ടീസ് കിട്ടിയ നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ, പാർട്ടിയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ എം.പി. പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും വിഷയം ചർച്ചചെയ്തു. തുടർ ചർച്ചകൾ നടത്താൻ സംസ്ഥാന പ്രസിഡന്റിനെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ തീരുമാനമെടുക്കും. കാരണംകാണിക്കൽ നോട്ടീസ് കിട്ടിയവർ തന്നെയാണ് ചർച്ചയ്ക്ക് മുൻകൈയെടുത്തത്. ചെറിയ പ്രശ്നങ്ങളാണ് ഉണ്ടായിരുന്നത്. ചിലർ എതിർസ്വരം പറഞ്ഞുവെന്നു കരുതി അവരെ ശത്രുക്കളായി കാണുന്ന സമീപനം പാർട്ടിക്കില്ല. അവരുടെ തെറ്റിദ്ധാരണ മാറ്റുകയെന്നതാണ് പ്രധാന കാര്യം. അഭിപ്രായമുള്ളിടത്ത് അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാവാം. അത് ജനാധിപത്യ പാർട്ടികളിൽ സാധാരണമാണ്. പാർട്ടി അച്ചടക്കം പ്രധാനമാണെന്നും ശ്രേയാംസ്കുമാർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3Ik0zPE
via IFTTT