Breaking

Saturday, December 4, 2021

മൊഫിയയുടെ മരണം: സുഹൈലിന്റെ കുടുംബം ആഗ്രഹിച്ചത് ഡോക്ടർ വധുവിനെ

ആലുവ: മൊഫിയയുടെ ആത്മഹത്യയെ തുടർന്ന് അറസ്റ്റിലായ ഭർത്താവ് മുഹമ്മദ് സുഹൈലിന് വധുവായി ഡോക്ടർ വേണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെന്ന് അന്വേഷണ സംഘം. നിക്കാഹിന് ശേഷവും ഡോക്ടറല്ലാത്തതിന്റെ പേരിൽ മൊഫിയയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആലുവ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി. രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സുഹൈലിന്റെ പിടിച്ചെടുത്ത മൊബൈൽ ഫോണിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു. മൊഫിയയുടെ ശബ്ദസന്ദേശങ്ങളാണ് സംഘം പരിശോധിച്ചത്. തനിക്ക് വിവാഹത്തിനുശേഷം ലഭിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങളെപ്പറ്റി മൊഫിയ ഭർത്താവ് സുഹൈലിനോട് നിരവധി ശബ്ദസന്ദേശങ്ങളിലൂടെ അറിയിക്കുന്നുണ്ട്. എന്നാൽ, ഇതിനൊന്നും വ്യക്തമായ മറുപടി സുഹൈൽ നൽകുന്നില്ല. മൊഫിയയെ ഒഴിവാക്കി വേറെ കല്യാണം നടത്താൻ സുഹൈലും മാതാപിതാക്കളും നീക്കം നടത്തിയിരുന്നു. വീട്ടിലേക്ക് മടങ്ങിയ മൊഫിയയെ ഒത്തുതീർപ്പിന്റെ പേരിൽ സുഹൈൽ ആലുവ ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി വഴി ചർച്ചയ്ക്ക് വിളിപ്പിച്ചു. എന്നാൽ, ചർച്ച മുഴുമിപ്പിക്കാതെ സുഹൈൽ ഇറങ്ങിപ്പോയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രതികളായ ഭർത്താവ് സുഹൈൽ, ഭർതൃമാതാവ് റുഖിയ, ഭർതൃപിതാവ് യൂസഫ് എന്നിവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2ZVxfO6
via IFTTT