Breaking

Friday, December 3, 2021

സിപിഎം നേതാവിന്റെ കൊലപാതകം: നാലുപേര്‍ കസ്റ്റഡിയില്‍; തിരുവല്ലയില്‍ ഹർത്താല്‍ തുടങ്ങി

തിരുവല്ല: തിരുവല്ലയിൽ സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല്പ്രതികൾ കസ്റ്റഡിയിൽ. ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരെ ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പിടികൂടിയത്. തിരുവല്ല പുളിക്കീഴ് സ്റ്റേഷനിൽ പ്രതികളെ എത്തിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ല ഏരിയ പരിധിയിൽ സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. കൊല്ലപ്പെട്ട സന്ദീപിന്റെ പ്രദേശവാസി കൂടിയായ കേസിലെ മുഖ്യപ്രതി ഇരുപത്തിമൂന്നുകാരനായ ജിഷ്ണു, സുഹൃത്ത് പ്രമോദ്, നന്ദു, കണ്ണൂർ സ്വദേശി ഫൈസൽ എന്നിവരാണ് ഇപ്പോൾ പോലീസ് പിടിയിലായിരിക്കുന്നത്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകമാണ് അറസ്റ്റ്. ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ശ്രദ്ധ ഈ കേസിലുണ്ടായിരുന്നു. പ്രതികളെ രക്ഷപെടാൻ സഹായിച്ചതിൽ മറ്റുചിലർ കൂടി അറസ്റ്റിലാകുമെന്ന് സൂചനയുണ്ട്. പ്രധാന പ്രതിയായ ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപുമായി മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ബിവറേജസ് കോർപ്പറേഷന്റെ കീഴിൽ തിരുവല്ല പുളിക്കീഴ് പ്രവർത്തിക്കുന്ന റം ഉത്പാദന കേന്ദ്രമായ ട്രാവൻകൂർ ഷുഗർസ് ആന്റ് കെമിക്കൽസിൽ ജിഷ്ണുവിന്റെ അമ്മയ്ക്ക് താൽകാലിക അടിസ്ഥാനത്തിൽ ജോലിയുണ്ടായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതിനായി സന്ദീപ് കുമാർ ശ്രമിച്ചു എന്ന വിഷയവുമായി ബന്ധപ്പെട്ട് നേരിയ തോതിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നതായാണ് ലഭിക്കുന്ന സൂചനകൾ. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കൊലപാതകം. നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരക്കിലോമീറ്റർ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാർഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പുറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് സംഘം പിൻവാങ്ങിയത്. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസ്.ആണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. എന്നാൽ, ബി.ജെ.പി.ക്കോ സംഘപരിവാർ പ്രസ്ഥാനങ്ങൾക്കോ പങ്കില്ലെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് പറഞ്ഞു. Content Highlights:three accused arrested in the murder of cpm leader in thiruvalla


from mathrubhumi.latestnews.rssfeed https://ift.tt/31pQRKu
via IFTTT