Breaking

Sunday, December 5, 2021

പശ്ചിമഘട്ടം: 1337 ചതുരശ്ര കിലോമീറ്റര്‍ നിയന്ത്രണം കുറഞ്ഞ മേഖലയാക്കാം - കേന്ദ്രം

കേരള നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി ന്യൂഡൽഹി: പശ്ചിമഘട്ടത്തിലെ 1337.24 ചതുരശ്രകിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലമേഖലയിൽനിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചില്ല. ഈപ്രദേശങ്ങൾ നിയന്ത്രണങ്ങൾ കുറഞ്ഞ നോൺ കോർ മേഖലയാക്കാമെന്നാണ് പരിസ്ഥിതിമന്ത്രാലയത്തിന്റെ നിലപാട്. കോർ മേഖലയും നോൺ കോർ മേഖലയും എന്താണെന്ന് നിർവചിക്കണമെന്നും രേഖാമൂലമുള്ള വ്യക്തത നൽകണമെന്നും കേരളം ആവശ്യപ്പെട്ടതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവുമായുള്ള ചർച്ചയ്ക്കുശേഷം ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കസ്തൂരിരംഗൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ അന്തിമവിജ്ഞാപനം പുറത്തിറക്കാൻ സംസ്ഥാനങ്ങളുമായുള്ള ചർച്ചകളാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നടത്തിയത്. ശനിയാഴ്ച കേരളം, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽനിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരുമായിട്ടായിരുന്നു ചർച്ച. നിലവിലുള്ള കരടുവിജ്ഞാപനത്തിന്റെ കാലാവധി ഈമാസം 31-ന് അവസാനിക്കും. 2018-ൽ കേന്ദ്രത്തിന് സമർപ്പിച്ച ശുപാർശയിലെ നിർദേശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി കേരളം അറിയിച്ചു. 2014-ൽ സർക്കാർ നൽകിയ റിപ്പോർട്ടിൽ 9993.7 ചതുരശ്രകിലോമീറ്ററാണ് പരിസ്ഥിതിലോലമേഖലയായി നിശ്ചയിച്ചത്. ഇതിൽ പ്രതിഷേധം ഉയർന്നപ്പോഴാണ് 1337.24 ചതുരശ്രകിലോമീറ്റർ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 2018-ൽ വീണ്ടും റിപ്പോർട്ടുനൽകിയത്. ഇതോടെ പരിസ്ഥിതിമേഖലയിൽ ഉൾപ്പെടേണ്ട ഗ്രാമങ്ങളുടെ എണ്ണം 123-ൽനിന്ന് 92 ആയി. ഒഴിവാക്കാൻ ആവശ്യപ്പെട്ട പ്രദേശത്ത് ജനങ്ങൾ വർഷങ്ങളായി താമസിക്കുകയാണെന്നും വീടുകളും കമ്പോളങ്ങളും ഓഫീസുകളുമുണ്ടെന്നും കേരളം കേന്ദ്രത്തെ ധരിപ്പിച്ചു. വനസംരക്ഷണത്തിന് കേരളത്തിന് ശക്തമായ നിയമങ്ങളുണ്ടെന്നും ഇത്തരം മേഖലയിൽ കടുത്ത ആഘാതങ്ങളുള്ള വ്യവസായങ്ങൾ സ്ഥാപിക്കില്ലെന്നും അറിയിച്ചു. സമാനമായ ആവശ്യങ്ങളാണ് കർണാടകവും തമിഴ്നാടും ഉന്നയിച്ചത്. പശ്ചിമഘട്ടം: നിയന്ത്രണം കുറഞ്ഞ പ്രദേശത്ത് ഇളവുകളാവാമെന്ന് കേന്ദ്രം ന്യൂഡൽഹി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലമേഖലയെ കടുത്ത നിയന്ത്രണങ്ങളുള്ള പ്രദേശങ്ങൾ(കോർ), നിയന്ത്രണങ്ങൾ കുറഞ്ഞ പ്രദേശങ്ങൾ(നോൺ കോർ) എന്നിങ്ങനെ രണ്ടായി തിരിക്കാമെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലുമായുള്ള ചർച്ചയിൽ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞത്. കോടതികളിലടക്കമുള്ള രേഖകളിൽ 9993.7 ചതുരശ്രകിലോമീറ്ററാണ് കേരളത്തിന്റെ പരിസ്ഥിതിലോലമേഖല. ഇതിൽ മാറ്റംവരുത്താൻ പ്രയാസമാണെന്ന് പരിസ്ഥിതിമന്ത്രാലയം പറഞ്ഞു. നോൺ കോർ മേഖലയിൽ കടുത്ത പരിസ്ഥിതി ആഘാതങ്ങളുണ്ടാക്കുന്ന വ്യവസായങ്ങൾ, നിർമാണപ്രവർത്തനങ്ങൾ എന്നിവ ഒഴികെയുള്ളവ അനുവദിക്കാമെന്നും അറിയിച്ചു. ഇതേത്തുടർന്നാണ് നോൺ കോർ വിഭാഗത്തെക്കുറിച്ച് രേഖാപരമായി വ്യക്തത വരുത്തണമെന്ന് കേരളം ആവശ്യപ്പെട്ടത്. നോൺ കോർ വിഭാഗത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള അധികാരം ആർക്കായിരിക്കുമെന്നും വ്യക്തമാക്കണം. ഇത്തരം വിഷയങ്ങളിൽ അന്തിമവിജ്ഞാപനത്തിനുമുമ്പ് സംസ്ഥാനങ്ങളുമായി വീണ്ടും ചർച്ചനടത്താമെന്ന് കേന്ദ്രം അറിയിച്ചു. ചർച്ചയിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണുവും പങ്കെടുത്തു. Content Highlights:Western Ghats Ministry of environment and forest Minister K.N Balagopal


from mathrubhumi.latestnews.rssfeed https://ift.tt/31vCzrZ
via IFTTT