Breaking

Sunday, December 5, 2021

വി.ആർ. കൃഷ്ണയ്യരുടെ സ്മരണകൾനിറയുന്ന ‘സദ്ഗമയ’ വിൽക്കുന്നു

കൊച്ചി: നീതിതേടിയെത്തിയ ഒട്ടേറെ അശരണർക്ക് ആശ്രയമായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ എറണാകുളം എം.ജി. റോഡിലെ ‘സദ്ഗമയ’യെന്ന വീട് വിൽക്കുന്നു. വിൽപ്പനനടപടികൾ ഏകദേശം പൂർത്തിയായി. പ്രമുഖ ജൂവലറി ഗ്രൂപ്പാണ് വീടുവാങ്ങുന്നതെന്നാണ് വിവരം. സദ്ഗമയയിൽ പ്രവർത്തിക്കുന്ന ‘ശാരദ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷൻ ഫോർ ലോ ആൻഡ് ജസ്റ്റിസി’ന്റെ ഓഫീസ് ഒഴിയണമെന്ന് അദ്ദേഹത്തിന്റെ മക്കൾ ആവശ്യപ്പെട്ടതായി ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. ഡോ. കെ.പി. പ്രദീപ് പറഞ്ഞു. 16 വർഷം കൃഷ്ണയ്യരുടെ സന്തതസഹചാരിയായിരുന്ന ഡ്രൈവർ ടി.സി. അനിൽകുമാറിനോടും വീട്ടിൽനിന്ന് താമസംമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അനിൽകുമാറും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. കൃഷ്ണയ്യരുടെ രണ്ടു മക്കളിൽ ഒരാൾ അമേരിക്കയിലും മറ്റൊരാൾ ചെന്നൈയിലുമാണ്.കൃഷ്ണയ്യരുടെ സ്മാരകമായി സദ്ഗമയ മാറ്റണമെന്ന ആവശ്യം പലഭാഗങ്ങളിൽനിന്നുയർന്നിരുന്നു. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗമായിരുന്നിട്ടും ഇക്കാര്യത്തിൽ കാര്യമായ നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. നിലവിൽ ഒരു സ്മാരകവും കൃഷ്ണയ്യർക്കില്ല. 1960-കളുടെ തുടക്കത്തിലാണ് കൃഷ്ണയ്യർ സദ്ഗമയയിൽ താമസം തുടങ്ങിയത്. ഒട്ടേറെ ചർച്ചകൾക്കും തീരുമാനങ്ങൾക്കും വേദിയായ വീടാണിത്. വീട്ടിൽ അദ്ദേഹം ഉപയോഗിച്ച പഠനമുറി അതേപോലെ സംരക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കൃഷ്ണയ്യരുടെ ഏഴാം ചരമവാർഷികദിനമായിരുന്നു ശനിയാഴ്ച. രാവിലെ ഹൈക്കോടതിയിൽ സിറ്റിങ് ആരംഭിക്കുംമുമ്പ്‌ ‘സദ്ഗമയ’യിൽ എത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടത് ഈ വീട് ഞങ്ങൾക്ക് ക്ഷേത്രമായിരുന്നെന്നാണ്‌. അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈയിൽനിന്നെത്തിയ ജസ്റ്റിസ് കെ. ചന്ദ്രു കൃഷ്ണയ്യരുടെ മുറിയിൽ ഏറെനേരം ചെലവഴിച്ചു. വീടിനുമുന്നിൽ കൃഷ്ണയ്യരുടെ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചനനടത്തി മടങ്ങുമ്പോൾ നീതിക്കായി നിരന്തരം പോരാടിയ ന്യായാധിപന്റെ സ്മരണകളിരമ്പുന്ന ‘സദ്ഗമയ’യിലേക്ക്‌ ഇനി വരാൻ കഴിയില്ലല്ലോ എന്ന നൊമ്പരം എല്ലാവരിലും അവശേഷിച്ചു. കൃഷ്ണയ്യർക്ക് ലഭിച്ച പുരസ്‌കാരങ്ങളിലൊന്നാണ് ജസ്റ്റിസ് ചന്ദ്രുവിന് ഫൗണ്ടേഷൻ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ നായർ ഉപഹാരമായി കൈമാറിയത്. കൃഷണയ്യരുടെ പേരിൽ ലോ യൂണിവേഴ്‌സിറ്റി വേണമെന്ന നിർദേശം ഫൗണ്ടേഷൻ ഭാരവാഹികൾ മുന്നോട്ടുവെച്ചിട്ടുണ്ട്. എറണാകുളം ലോ കോളേജ് യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനമാക്കിമാറ്റാമെന്ന നിർദേശവുമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3rCrekz
via IFTTT