Breaking

Tuesday, December 7, 2021

ഇന്ദിരാഗാന്ധി ആസ്പത്രി തിരഞ്ഞെടുപ്പ് കോൺഗ്രസ് സഹകാരികൾക്ക് അനുഭവപാഠം -കെ.സുധാകരൻ

തലശ്ശേരി: കേരളത്തിലെ മുഴുവൻ കോൺഗ്രസ് സഹകാരികൾക്കും അനുഭവപാഠമാകേണ്ടതാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രി തിരഞ്ഞെടുപ്പ്‌ ഫലമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. പാർട്ടി കാഴ്ചപ്പാട് അംഗീകരിക്കാത്തതിനാൽ തിരുത്തൽ അനിവാര്യമായി വന്നു. ആ തിരുത്തലാണ് ഇപ്പോൾ നടത്തിയത്.35-ഉം 40-ഉം വർഷമായി സഹകരണരംഗത്തുള്ള നേതാക്കൾ മാറണം. കോൺഗ്രസിന്റെ ഭരണസമിതി തുടർച്ചയായി മൂന്ന് ടേമിലപ്പുറം തുടരരുത്. തീരുമാനം കോൺഗ്രസ് നേതൃത്വം അംഗീകരിച്ചതാണ്. അംഗീകരിക്കാത്ത ഒന്നായിരുന്നു ഇന്ദിരാഗാന്ധി ആസ്പത്രി. കോൺഗ്രസ് കൈകാര്യംചെയ്യുന്ന സഹകരണസ്ഥാപനങ്ങൾ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കണം.കണ്ണൂർ ജില്ലയിലെ മാതൃകാ ആസ്പത്രിയായി ഇത് മാറണം. ഗത്യന്തരമില്ലാതെയാണ് മത്സരിച്ചത്. മത്സരം വേണോ വേണ്ടയോ എന്ന് പാർട്ടിക്കകത്ത് ചർച്ച ചെയ്തിരുന്നു. മത്സരിക്കാൻ നാലുദിവസം മുൻപെടുത്ത തീരുമാനമാണ് പ്രവർത്തകർ നടപ്പാക്കിയത്. കോൺഗ്രസിന്റെ കൈയിലുള്ള സ്ഥാപനങ്ങളിൽ ജനാധിപത്യത്തിന്റെ ശുദ്ധവായു കടന്നുവരണം. ഏകാധിപത്യത്തിന്റെ ചാട്ടവാർ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മാറിമാറി വരുന്ന തലമുറയ്ക്ക് കൈകാര്യംചെയ്യാൻ കഴിയണം-സുധാകരൻ പറഞ്ഞു. മുന്നറിയിപ്പ് മാത്രംഇപ്പോൾ നൽകിയത് മുന്നറിയിപ്പ് മാത്രമാണ്. താക്കീതാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അനുസരിക്കാതിരിക്കുമ്പോഴാണ് താക്കീതെന്ന് കെ.സുധാകരൻ പറഞ്ഞു. സംഘടനാമികവിന്റെ വിജയമായി തിരഞ്ഞെടുപ്പ് ഫലത്തെ കാണാം. മമ്പറം ദിവാകരൻ തിരിച്ചുവരുമോയെന്ന ചോദ്യത്തിന് ആലോചനയിലില്ല, തിരിച്ചു വരുമ്പോൾ കാണാമെന്നായിരുന്നു മറുപടി.മുൻ ഭരണസമിതിയുടെ നടപടികളിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കുമോയെന്ന ചോദ്യത്തിന് അന്വേഷിക്കണമെന്ന് തോന്നിയാൽ ഭരണസമിതി അന്വേഷിക്കും. അജൻഡയോടുകൂടിയുള്ള അന്വേഷമുണ്ടാവില്ല. മമ്പറം ദിവാകരൻ വ്യക്തിപരമായി ആരോപണമുന്നയിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇനിയും തുടരാമെന്നായിരുന്നു മറുപടി. യൂത്ത് കോൺഗ്രസ് പുനഃസംഘടന തീരുമാനിക്കുന്നത് മാറ്റിവെക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അർഹതയുള്ള ആളുകളെ നേതൃരംഗത്ത് കൊണ്ടുവരണം. അർഹതയുള്ളവരെ ഒഴിവാക്കിയതായാണ് പരാതി. കുറ്റംചെയ്തവർക്ക് കയറിക്കൂടാനുള്ള കൂടാരമായി സി.പി.ഐ. മാറിയെന്ന സി.പി.എം. ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ ഞാനെന്തിന് ഉത്തരം പറയണമെന്ന് സുധാകരൻ ചോദിച്ചു. അത് അവരുടെ ആഭ്യന്തരകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/306n61a
via IFTTT