Breaking

Friday, December 3, 2021

13-ാം വയസ്സില്‍ വലതുകാല്‍ നഷ്ടപ്പെട്ടു; വൈശാഖ് ഇന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍

13 വർഷംമുമ്പ് പതിമ്മൂന്നാം വയസ്സിൽ, ജില്ലാ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുപ്പിനുവേണ്ടി ബൈക്കിൽ പോവുമ്പോൾ ബസ്സിടിച്ചുണ്ടായ അപകടം വൈശാഖിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഫുട്ബോളിനെയും മൈതാനങ്ങളെയും ഏറെ പ്രണയിച്ച കോഴിക്കോട് പേരാമ്പ്ര ആവളക്കൊട്ടോത്തെ വൈശാഖിന്റെ വലതുകാൽ മുറിച്ചുമാറ്റി. എന്നാൽ, അപകടം വൈശാഖിന്റെ കായികസ്വപ്നങ്ങൾക്ക് ലോങ് വിസിലായെന്ന് കരുതിയെങ്കിൽ തെറ്റി. ഊന്നുവടികളുമായി അതിവേഗം പന്തിനൊപ്പം സഞ്ചരിക്കാൻ കഴിയുന്ന ഈ ഇരുപത്തിയാറുകാരൻ ഇന്ന് അംഗപരിമിതരുടെ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനാണ്. ഭിന്നശേഷിക്കാർക്കുള്ള സിറ്റിങ് വോളിബോൾ കളിയുടെ കേരള ക്യാപ്റ്റനും ഇന്ത്യൻ താരവുമാണ്. ഫുട്ബോളിനോടുള്ള താത്പര്യവും മൈതാനങ്ങളുടെ ആരവവുമാണ് സ്വപ്നങ്ങളിലേക്ക് ഒറ്റക്കാലിൽ ഓടിയെത്താൻ വൈശാഖിനെ പ്രേരിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഫുട്ബോളും വോളിബോളും കളിച്ചു. ഗുവാഹാട്ടിയിൽ കഴിഞ്ഞതവണ നടന്ന ഐ.എസ്.എൽ. ഫുട്ബോളിൽ ഒരുമത്സരത്തിലെ മുഖ്യാതിഥി വൈശാഖായിരുന്നു. മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന പ്രസംഗകനായ വൈശാഖിന്റെ മനക്കരുത്ത് പകരുന്ന വാക്കുകൾ വെറും വാക്കുകളല്ല, അത് സ്വന്തംജീവിതംതന്നെയാണ്. പാലക്കാട് എരിമയൂർ ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ ഫാർമസിസ്റ്റാണ് വൈശാഖ്. അടുത്തമാസം വിവാഹമാണ്, വധു ഒപ്പം പഠിച്ച ബാല്യകാലസഖിയും. ജീവിതത്തിന്റെ സുവർണകാലത്ത് എല്ലാം നഷ്ടപ്പെട്ടു എന്നു കരുതുന്നവർക്ക്, പഴയകാലം തിരിച്ചുപിടിക്കാൻ പ്രചോദനമാണ് വൈശാഖിന്റെ ജീവിതം.


from mathrubhumi.latestnews.rssfeed https://ift.tt/3rxibSi
via IFTTT