Breaking

Monday, December 6, 2021

ഇന്ത്യയില്‍ അസമത്വത്തെ വഷളാക്കുന്നത് ജാതിയും മതവും - ചിദംബരം എഴുതുന്നു

പാകിസ്താനിൽനിന്നുള്ള ഭീഷണി, പേരില്ലാത്ത അയൽക്കാരനുയർത്തുന്ന ശത്രുത (ചൈന), ഹിന്ദുത്വം, പാർലമെന്റ് പൊളിക്കൽ, ആന്ദോളൻ ജീവികൾ (തളരാതെ സമരം ചെയ്യുന്നവർ), കുടുംബരാഷ്ട്രീയം, വികസനമില്ലാതിരുന്ന 70 വർഷം, വിശ്വഗുരുവാണ് ഇന്ത്യ... മടുപ്പുണ്ടാക്കുംവിധം ഇക്കാര്യങ്ങൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുകയാണ് കേന്ദ്രസർക്കാരും അതിലെ മന്ത്രിമാരും. എന്തായാലും നമ്മുടെ കുഞ്ഞുങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച്, പ്രത്യേകിച്ചും അവരുടെ ആരോഗ്യവും വിദ്യാഭ്യാസവും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ഇവരാരും സംസാരിക്കുന്നത് കേട്ടിട്ടില്ല. ഓരോ വർഷവും പ്രസിദ്ധീകരിക്കുന്ന വിദ്യാഭ്യാസ വാർഷിക റിപ്പോർട്ട്(അസെർ) ഞാൻ സ്ഥിരമായി ശ്രദ്ധിക്കുന്നതാണ്. 2018-ലെയും 2020-ലെയും റിപ്പോർട്ടുകൾ നമ്മുടെ മുന്നിലുണ്ട്. 2021-ലെ അസെർ റിപ്പോർട്ട് നവംബർ 17-ന് പുറത്തുവന്നിട്ടുണ്ട്. ഇതേസമയംതന്നെ ദേശീയ കുടുംബാരോഗ്യ സർവേ-അഞ്ച് (201921) റിപ്പോർട്ടും പ്രസിദ്ധീകരിച്ചു. എൻ.എച്ച്.എഫ്.എസ്.-നാലിന്റെ അതേ രീതിതന്നെ പിന്തുടർന്നിട്ടുള്ളതിനാൽ കഴിഞ്ഞ റിപ്പോർട്ടുമായി താരതമ്യം ചെയ്യാൻ വളരെയെളുപ്പമാണ്. ഇന്ത്യയുടെ ശരിയായ ചിത്രമെന്തെന്ന് അസെർ 2021, എൻ.എഫ്.എച്ച്.എസ്.-അഞ്ച് റിപ്പോർട്ടുകൾ കാട്ടിത്തരുന്നു. എന്നാൽ, പ്രധാനമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ ആരോഗ്യമന്ത്രിയോ ഈ രണ്ട് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചതായി ഞാനോർക്കുന്നില്ല. രണ്ടു റിപ്പോർട്ടുകൾ, പ്രധാന നിഗമനങ്ങൾ കോവിഡ് മഹാമാരി രാജ്യത്തുണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ചാണ് രണ്ടു റിപ്പോർട്ടുകളും പറയുന്നത്. പ്രത്യേക സാഹചര്യത്താലുണ്ടായവയെന്നു പറഞ്ഞ് ഈ റിപ്പോർട്ടുകളെ തള്ളിക്കളയാനാവില്ല. ആശങ്കയുണ്ടാക്കുന്നതാണ് ഇതിലെ കണ്ടെത്തലുകൾ. അസെർ 2021 (ഗ്രാമീണമേഖല) സ്വകാര്യസ്കൂളുകളിൽനിന്ന് സർക്കാർ സ്കൂളുകളിലേക്കുള്ള കുട്ടികളുടെ മാറ്റം വലിയതോതിൽ വർധിച്ചു. ട്യൂഷനു പോകുന്ന കുട്ടികളുടെ എണ്ണത്തിലും ആനുപാതികമായ വർധന. സ്മാർട്ട്ഫോൺ ഉടമകളുടെ എണ്ണം കൂടിയെങ്കിലും കുട്ടികൾക്ക് ഇവ ലഭ്യമാകുന്നത് ഇപ്പോഴും പ്രശ്നമായി തുടരുന്നു. സ്കൂളുകൾ വീണ്ടും തുറന്നതോടെ പഠനത്തിനായി വീട്ടിൽനിന്ന് കിട്ടിയിരുന്ന സൗകര്യങ്ങൾ കുറഞ്ഞു. കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാകുന്നതിൽ നേരിയ വർധനയുണ്ട്. എൻ.എഫ്.എച്ച്.എസ്. 2019-21 രാജ്യത്തെയാകെ പ്രത്യുത്പാദന നിരക്ക് രണ്ടുശതമാനത്തിലെത്തിയെങ്കിലും മൂന്ന് സംസ്ഥാനങ്ങളിലെ ( ഏറ്റവും ദരിദ്രമായ മൂന്ന് സംസ്ഥാനങ്ങളിലെ) ജനസംഖ്യ ഉയർന്ന നിരക്കിൽത്തന്നെ തുടരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിൽ ജനിച്ച കുട്ടികളുടെ ആൺ-പെൺ അനുപാതം 1000 ആൺകുട്ടികൾക്ക് 929 പെൺകുട്ടികൾ എന്ന നിലയിലേക്ക് താണു. ശൗചാലയം, ഇന്ധനം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഇപ്പോഴും വെല്ലുവിളിയായിത്തുടരുന്നു. മരണനിരക്ക് കുറയുന്നുണ്ടെങ്കിലും അംഗീകരിക്കാനാകാത്തവിധം ഉയർന്നുതന്നെ. വളർച്ചക്കുറവ്, ഭാരക്കുറവ്, വിളർച്ച എന്നിവ കുട്ടികൾക്ക് വെല്ലുവിളിയുയർത്തുന്നു. രണ്ടു റിപ്പോർട്ടുകളിലെയും കണ്ടെത്തലുകൾ ചേർത്തുവായിച്ചാൽ, ഏതൊരു രാജ്യത്തിന്റെയും ഏറ്റവും വിലപ്പെട്ട സമ്പത്തായ കുട്ടികൾ ഇന്ത്യയിൽ അവഗണിക്കപ്പെടുകയാണെന്ന് വ്യക്തമാകും. അസമത്വങ്ങളും അവയ്ക്ക് ആക്കംകൂട്ടുന്നവയും വിവിധ ജനവിഭാഗങ്ങൾ തമ്മിലെ അസമത്വം എല്ലാ രാജ്യങ്ങളിലും കണ്ടുവരുന്നതാണ്. വരുമാനവും സമ്പത്തുമാണ് അവയെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങൾ. എന്നാൽ, ഇന്ത്യയിൽ ഈ അസമത്വത്തെ കൂടുതൽ വഷളാക്കുന്നത് ജാതിയും മതവുമാണ്. സാമൂഹികവും സാമ്പത്തികവുമായ ഗുണങ്ങളൊന്നും ലഭിക്കാത്ത ജനവിഭാഗങ്ങൾ ഏറ്റവും ദരിദ്രരും തൊഴിലില്ലാത്തവരും സർക്കാരിൽനിന്ന് വിവേചനവും അവഗണനയും നേരിടുന്നവരുമാകുന്നു. മറ്റ് കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഈ വിഭാഗം ജനങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും നിങ്ങൾക്ക് സങ്കല്പിക്കാവുന്നതേയുള്ളൂ. അസെർ, എൻ.എഫ്.എച്ച്.എസ്. റിപ്പോർട്ടുകൾ ജാതി-മതാധിഷ്ഠിതമായ വിവരങ്ങളല്ല വിശകലനം ചെയ്തത്. എല്ലാം കുട്ടികളെക്കുറിച്ചുമുള്ള വസ്തുതകൾ. ദമ്പതിമാർക്ക് വളരെക്കുറച്ച് കുട്ടികളാണുള്ളത്. എന്നാൽ, അതിൽ ആൺ-പെൺ തുല്യത ഉണ്ടാകുന്നില്ല. മൊത്തത്തിലുള്ള സ്ത്രീപുരുഷാനുപാതം നോക്കിയാൽ ആയിരം പുരുഷന്മാർക്ക് 1020 സ്ത്രീകളെന്നത് ആരോഗ്യപരമായ നിരക്കാണ്. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷത്തെ കണക്ക് മാത്രമെടുത്താൽ ആൺ-പെൺ അനുപാതം 929-ലേക്ക് കുറഞ്ഞു. ഈ കുറവ് ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്. ഏറ്റവും ദരിദ്രമായ മൂന്ന് സംസ്ഥാനങ്ങൾ ഇപ്പോഴും മോശം രീതിയിൽ കൈകാര്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ദേശീയ ശരാശരിയെക്കാൾ കൂടിയ ജനസംഖ്യാനിരക്കാണ് ഇവിടങ്ങളിൽ. അതായത് ദരിദ്രസംസ്ഥാനങ്ങളിൽ കുട്ടികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളിൽ ഈ സംസ്ഥാനങ്ങൾ അമ്പേ പാളിയെന്നാണ് കരുതേണ്ടത്. വലിയ അവകാശവാദങ്ങളുയർത്തുമ്പോഴും ഇന്ത്യ ഇപ്പോഴും പൂർണമായും വെളിയിട വിസർജനമുക്തമല്ല. ഉജ്ജ്വലയെന്ന പേരിലുള്ള സൗജന്യ സിലിൻഡർ പദ്ധതി അവകാശപ്പെടുംപോലെ വിജയമല്ല. ആരോഗ്യമേഖലയിൽ അടിസ്ഥാനസൗകര്യങ്ങളും ആരോഗ്യസേവനങ്ങളും മെച്ചപ്പെടുമ്പോഴും മാതൃ-ശിശു ആരോഗ്യം ഇപ്പോഴും അവഗണിക്കപ്പെടുന്നു. ആയിരത്തിൽ 24.9 കുട്ടികൾ ജനനസമയത്തും 35.2 പേർ ഏതാനും മാസങ്ങൾക്കകവും 41.0 പേർ അഞ്ചുവയസ്സിനുള്ളിലും മരിക്കുന്നുവെന്ന കണക്കുകൾ നമുക്ക് അംഗീകരിക്കാനാവില്ല. ഇവയെല്ലാം അതിജീവിക്കുന്ന കുഞ്ഞുങ്ങൾക്ക് പോഷകാഹാരമാണ് അടുത്ത വെല്ലുവിളി. 35.5 ശതമാനം കുട്ടികൾക്ക് വളർച്ചക്കുറവും 19.3 ശതമാനം പേർക്ക് തൂക്കക്കുറവും 32.1 പേർക്ക് പോഷകാഹാരക്കുറവുമുണ്ടെന്നത് ഇതിന് തെളിവാണ്. 2020-21-ലെയും 2021-22-ലെയും പഠനനഷ്ടം വളരെ വലുതാണ്. ലോകത്ത് ശരാശരി 35 ആഴ്ചകളാണ് സ്കൂളുകൾ അടഞ്ഞുകിടന്നതെങ്കിൽ ഇന്ത്യയിലത് 73 ആഴ്ചയാണ്. കുടിയേറ്റവും സാമ്പത്തികഞെരുക്കവും കാരണം കുട്ടികൾ സ്വകാര്യ സ്കൂളുകളിൽനിന്ന് സർക്കാർ സ്കൂളിലേക്ക് മാറി. ഇത്രയും കുട്ടികളെ ഉൾക്കൊള്ളാനുള്ള ശേഷി രാജ്യത്തെ സർക്കാർ സ്കൂളുകൾക്കുണ്ടോയെന്ന് സംശയമാണ്. പലകുട്ടികളും ക്ലാസ്-പ്രായഭേദമെന്യേയുള്ള മൾട്ടി-ഗ്രേഡ് ക്ലാസ്മുറികളിലിരുന്നാണ് പഠിക്കുന്നത്. സ്കൂളുകൾ അടച്ചിട്ടിരുന്ന സമയത്ത് വെറും 39.8 ശതമാനം കുഞ്ഞുങ്ങൾക്ക് മാത്രമാണ് പഠനസാമഗ്രികൾ ലഭിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വായനയുടെയും ഗണിതശാസ്ത്ര നൈപുണിയുടെയും നിലവാരം പരിതാപകരമാംവണ്ണം കുറഞ്ഞു. രാജ്യത്തെ കുട്ടികളുടെ ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ആശങ്കാജനകമായ അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിമാരോ കേന്ദ്ര-സംസ്ഥാന സർക്കാരുകളോ ഒരു നിമിഷം ചിന്തിക്കാൻ തയ്യാറാകുമോ? ഒരു വാക്കെങ്കിലും ഉരിയാടുമോ? Content Highlights:More attention needs to be paid to the health and education of children- P.Chidambaram writes


from mathrubhumi.latestnews.rssfeed https://ift.tt/3EtG0hm
via IFTTT