Breaking

Sunday, December 5, 2021

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്; റെക്കോഡുകള്‍ തകര്‍ത്ത ഗെയിം

ദുബായ്: 1978-ൽ അനത്തോളി കാർപ്പോവും വിക്തർ കോർച്ച്നോയിയും തമ്മിൽ ഫിലിപ്പീൻസിൽനടന്ന മത്സരം കഴിഞ്ഞദിവസംവരെ ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ദൈർഘ്യമേറിയതായിരുന്നു. 124 നീക്കത്തിൽ സമാപിച്ച ആ പോരാട്ടം സമനിലയായി. ദുബായ് എക്സ്പോ 2020 എക്സിബിഷൻ സെന്ററിൽ ലോകചാമ്പ്യൻ മാഗ്നസ് കാൾസനും (നോർവേ) യാൻ നെപ്പോമ്നിയാച്ചിയും (റഷ്യ) തമ്മിൽനടന്ന ലോകചാമ്പ്യൻഷിപ്പിലെ ആറാം ഗെയിം ഈ റെക്കോഡ് മറികടന്നു. വെള്ളിയാഴ്ച വൈകീട്ട് 4.30-ന് തുടങ്ങിയ മത്സരം തീർന്നത് രാത്രി 12.15-ന്. ഏഴു മണിക്കൂർ 45 മിനിറ്റ് നീണ്ടു. ഇതിനിടെ 136 നീക്കങ്ങൾ, അന്തിമഫലം കാൾസന് അനുകൂലം. പോരാട്ടം, സമയത്തിനെതിരേ അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ മത്സരം പൂർത്തിയാക്കാനുള്ള പോരാട്ടംകൂടിയായി ആറാം ഗെയിം. ആദ്യ 40 നീക്കങ്ങൾക്ക് രണ്ടു മണിക്കൂർ വീതം, പിന്നീട് 20 നീക്കങ്ങൾക്ക് ഓരോ മണിക്കൂർ വീതം, 61-ാം നീക്കംമുതൽ എല്ലാ നീക്കങ്ങൾക്കുമായി ആകെ 15 മിനിറ്റുകൾവീതം മാത്രം (ഇതിനോടൊപ്പം ഓരോ നീക്കത്തിനും 30 സെക്കൻഡ് ഇൻക്രിമെന്റായി നൽകി). ഈ സമയക്രമത്തിൽനിന്ന് നീക്കങ്ങൾ പൂർത്തിയാക്കാൻ ഇരുവരും പാടുപെട്ടു. നെപ്പോ 40-ാം നീക്കം പൂർത്തിയാക്കിയത് തന്റെ ക്ലോക്കിൽ 30 സെക്കൻഡുകൾ മാത്രം ശേഷിക്കവേയാണ്. ആ നീക്കത്തിനുമുമ്പ് നെപ്പോവിന്റെ ക്ലോക്കിലെ കൊടി വീണിരുന്നെങ്കിൽ അദ്ദേഹം തോറ്റതായി പ്രഖ്യാപിക്കുമായിരുന്നു. കാൾസനാകട്ടെ ഒരു ഘട്ടത്തിൽ ഒമ്പത് പ്രധാന നീക്കങ്ങൾക്കായി കിട്ടിയത് മൂന്നു മിനിറ്റുമാത്രം. കളിയിൽ നിർണായക മേൽക്കൈനേടാനുള്ള അവസരങ്ങൾ സമയസമ്മർദംമൂലം കാൾസനും നെപ്പോയും ഇടയ്ക്കെല്ലാം കളഞ്ഞുകുളിച്ചു. കളി പരമാവധി ദീർഘിപ്പിക്കുക, രണ്ടുപേരും പരിക്ഷീണിതരാവുന്ന അവസ്ഥയെ മുതലെടുക്കുക എന്നത് തന്റെ തന്ത്രമായിരുന്നെന്ന് മത്സരശേഷം കാൾസൺ വെളിപ്പെടുത്തി. സമനിലയിൽ അസാനിക്കേണ്ട ഗെയിം അവസാനഘട്ടത്തിൽ നെപ്പോവിന് സംഭവിച്ച അശ്രദ്ധകൾ കാരണമാണ് കാൾസൻ ജയിച്ചത്. നെപ്പോ തിരിച്ചുവരുമോ? ആറാം ഗെയിമിലെ ജയത്തോടെ ചാമ്പ്യൻഷിപ്പ് കാൾസന് അനുകൂലമായിമാറി. തിരിച്ചടികളിൽനിന്ന് തിരിച്ചുവരാനുള്ള മനക്കരുത്ത് നെപ്പോവിന് കുറവാണെന്ന് കാൾസൺ മത്സരത്തിനുമുമ്പ് പറഞ്ഞിരുന്നു. 2016-ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ സെർജി കര്യാക്കിനെതിരേ എട്ടാം ഗെയിമിൽ പരാജയമേറ്റുവാങ്ങി 3.5-4.5 എന്ന സ്കോറിന് പിന്നിട്ടുനിന്നശേഷം കാൾസൺ തിരിച്ചുവരികയായിരുന്നു. ഇത്തരം തിരിച്ചുവരവുകളാണ് ലോകകിരീടപോരാട്ടങ്ങളെ ആവേശകരമാക്കുന്നത്. ഏഴാം ഗെയിമിൽ നെപ്പോമ്നിയാച്ചിയുടെ തന്ത്രം എന്തായിരിക്കും എന്നത് കിരീടപോരാട്ടത്തിന്റെ വിധിനിർണയിക്കാനിടയുണ്ട്. വീണ്ടും സമനില ദുബായ്: ലോക ചെസ് പോരാട്ടത്തിൽ വീണ്ടും സമനില. ഏഴാം ഗെയിമിൽ ശനിയാഴ്ച നിലവിലെ ചാമ്പ്യൻ മാഗ്നസ് കാൾസനും റഷ്യയുടെ യാൻ നെപ്പോമ്നിയാച്ചിയും 41 നീക്കത്തിനുശേഷം സമനിലയിൽ പിരിഞ്ഞു. ആദ്യ അഞ്ച് മത്സരങ്ങൾ സമനിലയിലായിരുന്നു. ആറാം ഗെയിം ജയിച്ചതോടെ കാൾസന് ലീഡായി. നോർവേ താരത്തിന് നാലു പോയന്റും നെപ്പോമ്നിയാച്ചിക്ക് മൂന്നു പോയന്റുമാണുള്ളത്. Content Highlights:magnus carlsen equalizes fide world chess championship game 7 against ian nepomniachtchi


from mathrubhumi.latestnews.rssfeed https://ift.tt/3xUlG6c
via IFTTT