Breaking

Monday, December 6, 2021

31-ാം വർഷവും ഡോ. വല്യത്താന് ആ ഫോൺകോളെത്തി; മുരളീധരൻ വിളിക്കുന്നത് നന്ദി അറിയിക്കാൻ

തിരുവനന്തപുരം: പ്രസിദ്ധ ഹൃദ്രോഗവിദഗ്ധനായ ഡോ. എം.എസ്.വല്യത്താന് എല്ലാവർഷവും ഡിസംബർ ആറിന് പുലർച്ചെയ്ക്ക് ഒരു ഫോൺ വിളിയെത്തും. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കാനാണ് ആ വിളി. തൃശ്ശൂർ എരുമപ്പെട്ടി വെള്ളറക്കാട് കോട്ടമ്മൽ ഹൗസിൽ കെ.ഡി.മുരളീധരനാണ്(69) വിളിക്കുന്നത്. ശ്രീചിത്രയിൽ വികസിപ്പിച്ച ഹൃദയവാൽവ് ഘടിപ്പിച്ച ആദ്യ വ്യക്തിയാണ് മുരളീധരൻ. വാൽവ് വികസിപ്പിച്ചതും ശസ്ത്രക്രിയ നടത്തിയതും ഡോ. എം.എസ്.വല്യത്താനും. 1990 ഡിസംബർ ആറിനായിരുന്നു ആ ശസ്ത്രക്രിയ. വിവാഹത്തിനു മുൻപ് ശ്രീചിത്രയിലെ ആദ്യത്തെ വാൽവ് ഘടിപ്പിച്ച കാര്യം വധുവിനെ അറിയിക്കണമെന്ന് ഡോ. വല്യത്താൻ നിർദേശിച്ചിരുന്നു. പറഞ്ഞു കേട്ടവരാരും വിവാഹത്തിനു തയ്യാറായില്ല. ജീവിതത്തിന്റെ പ്രാരബ്ധം കുറഞ്ഞതിനാൽ വാൽവിന്റെ ആയുസ്സ് കൂടിയെന്നാണ് അവിവാഹിത ജീവിതത്തെക്കുറിച്ച് മുരളീധരൻ സമാധാനിക്കുന്നത്. നീണ്ടനാളത്തെ ഗവേഷണത്തിനും പ്രയത്നത്തിനുമൊടുവിലാണ് ശ്രീചിത്രയുടെ സ്ഥാപക ഡയറക്ടറായ ഡോ. എം.എസ്.വല്യത്താന്റെ നേതൃത്വത്തിൽ ഹൃദയവാൽവ് നിർമിക്കുന്നത്. മുരളീധരനു പിന്നാലെ രാജ്യത്തെ അഞ്ച് മെഡിക്കൽ കോളേജുകളിൽ രണ്ടുവർഷത്തിനുള്ളിൽ 250-ഓളം വാൽവുമാറ്റ ശസ്ത്രക്രിയകൾ നടന്നു. ലോകപ്രസിദ്ധ മെഡിക്കൽ ജേണലുകളിൽ വാൽവിനെക്കുറിച്ച് വിശദമായ പഠനങ്ങൾ വന്നു. തുടർന്നാണ് വാൽവിന് വിശ്വാസ്യത കൈവരുന്നത്. ഇപ്പോൾ ഒന്നരലക്ഷത്തിലേറെ ഹൃദയങ്ങളിൽ ശ്രീചിത്രയിലെ വാൽവ് സ്പന്ദിക്കുന്നു. 38-ാം വയസ്സിലാണ് കിതപ്പുമൂലം നടക്കാനാകാതെ മുരളീധരൻ ശ്രീചിത്രയിൽ ചികിത്സതേടിയത്. വാൽവുമാറ്റിവെക്കൽ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് വല്യത്താന്റെ ജൂനിയറായിരുന്ന ഡോ. കൃഷ്ണമനോഹർ അറിയിച്ചു. ഇറക്കുമതിചെയ്യുന്ന വാൽവിന് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ടിവരും. ഈ സമയത്താണ് നമ്മുടെ വാൽവ് വെച്ചുകൂടേയെന്ന് ഡോ. വല്യത്താൻ ചോദിച്ചത്. നേരത്തേ പലരും ഇത് നിരസിച്ചിരുന്നു. മുരളീധരൻ മനസ്സിലുറപ്പോടെ സമ്മതിച്ചു. 10 വർഷം കഴിഞ്ഞ് പേസ്മേക്കർ ഘടിപ്പിക്കേണ്ടിവന്നു. ഇലക്ട്രോണിക്സ് സർവീസ് ജോലിചെയ്തിരുന്ന മുരളീധരന് ഇതിനെത്തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടിയും വന്നു. Content Highlights:Dr. M.S Valiyathan cardiac surgeon K.D Muraleedharan


from mathrubhumi.latestnews.rssfeed https://ift.tt/3orNtb4
via IFTTT