Breaking

Friday, December 3, 2021

പുരസ്കാരം ഇന്ത്യൻ അത്‌ലറ്റിക്സിന് പ്രചോദനമാകും -അഞ്ജു ബോബി ജോർജ്

ബെംഗളൂരു: അത്ലറ്റിക്സിൽ അന്താരാഷ്ട്ര തലത്തിൽ പരമോന്നത പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അഞ്ജു ബോബി ജോർജ്. വേൾഡ് അത്ലറ്റിക്സിന്റെ വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരമായിരിക്കുകയാണ് അഞ്ജു. ബുധനാഴ്ച രാത്രിയായിരുന്നു പ്രഖ്യാപനം. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ്ജമ്പിൽ വെങ്കലംനേടി ചരിത്രം സൃഷ്ടിച്ച മലയാളി താരത്തിന്റെ മറ്റൊരു നേട്ടം. പുരസ്കാരനേട്ടത്തിനുശേഷം ബെംഗളൂരുവിലെ അഞ്ജു ബോബി സ്പോർട്സ് അക്കാദമിയിൽവെച്ച് മാതൃഭൂമിയുമായി അഞ്ജു സംസാരിക്കുന്നു. * പുരസ്കാരങ്ങളുടെ നേട്ടത്തിൽ ഒരെണ്ണംകൂടി, അതും അത്ലറ്റിക്സിലെ പരമോന്നത പുരസ്കാരം. എന്തുതോന്നുന്നു? നമ്മുടെ പരിശ്രമത്തെ ലോകം അംഗീകരിക്കുന്നതിൽ സന്തോഷം. അത്ലറ്റിക്സിൽ സജീവമായിരുന്നകാലത്തെ നേട്ടങ്ങൾക്ക് മാത്രമല്ല, അതുകഴിഞ്ഞ് നമ്മൾ എന്താണ് സമൂഹത്തിന് തിരിച്ചുകൊടുക്കുന്നത് എന്നതുകൂടി പരിഗണിക്കപ്പെടുന്നത് മുന്നോട്ടുള്ള പ്രവർത്തനത്തിന് കൂടുതൽ ഊർജം നൽകുന്നു. * വേൾഡ് അത്ലറ്റിക്സ് പുരസ്കാരം 'അഞ്ജു ബോബി സ്പോർട്സ് അക്കാദമി'ക്ക് എത്രമാത്രം പ്രയോജനംചെയ്യും? ഈ പുരസ്കാരനേട്ടം അക്കാദമിയിലേക്കുമാത്രം പരിമിതപ്പെടുത്താൻ താത്പര്യപ്പെടുന്നില്ല. ഇന്ത്യൻ അത്ലറ്റിക്സിന്റെ നേട്ടമാണ്. ലോകം പതുക്കെ ഇന്ത്യൻ അത്ലറ്റിക്സിലേക്ക് നോക്കിത്തുടങ്ങിയിരിക്കുന്നു. നമ്മൾ അത്ലറ്റിക്സിൽ പതുക്കെ ഉയരുന്നതിന്റെ സൂചനയാണിത്. അത്ലറ്റിക്സിൽ 200-ലേറെ രാജ്യങ്ങൾ മത്സരിക്കുന്നതിനാൽ പുരസ്കാരത്തിന് അത്രയും മൂല്യമുണ്ട്. * എന്തൊക്കെ കാര്യങ്ങൾ പുരസ്കാരത്തിന് പരിഗണിച്ചിട്ടുണ്ടാകും? വനിതാ ശക്തീകരണം, ലിംഗസമത്വം, പരിശീലന അക്കാദമി, കായികരംഗത്ത് നൽകിവരുന്ന സംഭാവനകൾ തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിക്കപ്പെട്ടു. 2016 മുതൽ പെൺകുട്ടികൾക്ക് പരിശീലനം നൽകിവരുന്നുണ്ട്. * 'അഞ്ജു ബോബി സ്പോർട്സ് അക്കാദമി'യെക്കുറിച്ച്? ഞാനും ബോബിയും കായികരംഗത്തുനിന്ന് എന്തൊക്കെ നേടിയോ അതൊക്കെ അടുത്തതലമുറയ്ക്ക് കൈമാറുകയാണ്. ഇപ്പോൾ 13 താരങ്ങൾ അക്കാദമിയിൽ പരിശീലിക്കുന്നു. ഇപ്പോൾ സായിയുടെ സഹായത്തോടെയാണ് പരിശീലനം. സിന്തറ്റിക് ട്രാക്കിന്റെ നിർമാണം പുരോഗമിക്കുകയാണ്. ട്രാക്കിനാവശ്യമായ സാമഗ്രികളെല്ലാം എത്തിച്ചിട്ടുണ്ട്. മഴമാറിയാലുടൻ നിർമാണം അവസാനഘട്ടത്തിലേക്ക് കടക്കും. * ഇന്ത്യൻ കായികമേഖലയ്ക്ക് പുരസ്കാരം എങ്ങനെ പ്രയോജനംചെയ്യും 2003-ൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽനേടി 18 വർഷം കഴിഞ്ഞതിനുശേഷമാണ് നീരജ് ചോപ്രയിലൂടെ ഒളിമ്പിക് സ്വർണവും ഷൈലി സിങ്ങിലൂടെ ലോക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ വെങ്കലവും ലഭിക്കുന്നത്. വളർച്ചയുടെ പാതയിലുള്ള ഇന്ത്യൻ കായികമേഖലയ്ക്ക് പുരസ്കാരം വളരെയേറെ പ്രചോദനമാകും.


from mathrubhumi.latestnews.rssfeed https://ift.tt/31pT6NO
via IFTTT