Breaking

Friday, December 3, 2021

ഡി.എൻ.എ. ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് ബിഹാർ യുവതി ബോംബെ ഹൈക്കോടതിയിൽ

മുംബൈ: ബിനോയ് കോടിയേരി കേസിൽ തന്റെ മകന്റെ പിതൃത്വത്തെ മുൻനിർത്തിയുള്ള ഡി.എൻ.എ. ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് ബിഹാർ യുവതി ബോംബെ ഹൈക്കോടതിയിൽ. വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി കേസ് ജനുവരി നാലിലേക്ക് മാറ്റി. ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സാരംഗ് കോട്ട്‌വാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡി.എൻ.എ. ഫലം പോലീസ് മുദ്രവെച്ച കവറിൽ കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. 2020 ഡിസംബർ ഒൻപതിനാണ് ഓഷിവാര പോലീസ് ഫലം സമർപ്പിച്ചത്. കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്ന് കേസുകൾ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇപ്പോൾ കേസുകൾ പരിഗണിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഡി.എൻ.എ. ഫലം തുറക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്. തനിക്കെതിരേ ബിഹാർ യുവതി ഓഷിവാര പോലീസ് സ്റ്റേഷനിൽ നൽകിയ ബലാത്സംഗക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019 ജൂലായ് മാസത്തിലാണ് ബിനോയ് ഹൈക്കോടതിയെ സമീപിക്കുന്നത്. ജൂലായ് 29-ന് കേസ് പരിഗണിച്ച കോടതി ഡി.എൻ.എ. പരിശോധന നടത്താൻ ബിനോയിയോട് നിർദേശിക്കുകയായിരുന്നു. ബിനോയ് തൊട്ടടുത്ത ദിവസമായ ജൂലായ് 30-ന് ജെ.ജെ.ആശുപത്രിയിൽ രക്തസാംപിളുകൾ നൽകുകയും ചെയ്തു. കലീന ഫൊറൻസിക് ലബോറട്ടറിയിൽ സമർപ്പിച്ച സാപിളുകളുടെ ഡി.എൻ.എ. ഫലം 17 മാസത്തിനുശേഷമാണ് മുംബൈ പോലീസിന് ലഭിക്കുന്നത്. അത് പോലീസ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ബിനോയിക്കെതിരേ മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രം ഡിസംബർ 13-ന് ദിൻദോഷി കോടതി പരിഗണിക്കാനിരിക്കുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3ojcQvE
via IFTTT