Breaking

Friday, December 3, 2021

സി.പി.എം. കാഞ്ഞങ്ങാട് ഏരിയാ സമ്മേളനത്തിൽ മത്സരം : ഔദ്യോഗിക പാനലിനെതിരേനിന്ന നാലുപേരും തോറ്റു

കാഞ്ഞങ്ങാട് : സി.പി.എം. കാഞ്ഞങ്ങാട് ഏരിയാ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരേ മത്സരിച്ച നാലുപേരും തോറ്റു. 21 അംഗ ഏരിയാ കമ്മിറ്റിയിലേക്കാണ് മത്സരം നടന്നത്. കർഷകത്തൊഴിലാളി നേതാവ് പള്ളിക്കൈ രാധാകൃഷ്ണൻ, ആദിവാസിക്ഷേമസമിതി നേതാവ് അത്തിക്കോത്ത് രാജൻ, ഡി.വൈ.എഫ്.ഐ. നേതാവ് രതീഷ്‌ നെല്ലിക്കാട്ട്, സി.പി.എം. കാഞ്ഞങ്ങാട് സൗത്ത് ലോക്കൽ സെക്രട്ടറി ശബരീഷ് എന്നിവരാണ് മത്സരിച്ചത്. നാലുപേർക്കും 50-ൽ താഴെ വോട്ട് മാത്രമാണ്‌ കിട്ടിയത്. അഡ്വ. കെ. രാജ്‌മോഹനെ വീണ്ടും ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ട്രേഡ് യൂണിയൻ നേതാവ് വി.വി. പ്രസന്നകുമാരി, പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത, ഡി.വൈ.എഫ്.ഐ. കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി എൻ. പ്രിയേഷ്, മുൻ കാഞ്ഞങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മഹമ്മൂദ് മുറിയനാവി എന്നിവരെ ഏരിയാ കമ്മിറ്റിയിൽ പുതുതായി ഉൾപ്പെടുത്തി. സെക്രട്ടറി സ്ഥാനത്തേക്ക് എം. രാഘവനും രാജ്‌മോഹനും തമ്മിൽ മത്സരമുണ്ടാകുമെന്ന് സംസാരമുണ്ടായിരുന്നു. എന്നാൽ ജില്ലാനേതൃത്വത്തിന്റെ കൃത്യമായ ഇടപെടൽ സെക്രട്ടറിസ്ഥാനത്തേക്കുള്ള മത്സരം ഒഴിവാക്കി. രാഘവനെ വീണ്ടും ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. അതേസമയം ജില്ലാ സമ്മേളന പ്രതിനിധി പട്ടികയിൽനിന്ന്‌ ഇദ്ദേഹത്തെ ഒഴിവാക്കി. മത്സരിച്ചു തോറ്റ അത്തിക്കോത്ത് രാജനെ ജില്ലാ സമ്മേളന പ്രതിനിധിയാക്കുകയും ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/3xR25nj
via IFTTT