Breaking

Thursday, November 18, 2021

നടന്നത് റേവ് പാർട്ടിയോ... എക്‌സൈസ് അന്വേഷിക്കും

കൊച്ചി : മുൻ മിസ് കേരളയടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ എക്‌സൈസും പിടിമുറുക്കുന്നു. ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട് പോലീസിനു നൽകിയ മൊഴി കേന്ദ്രീകരിച്ചാണ് എക്‌സൈസിന്റെ അന്വേഷണം.എക്‌സൈസിനെ ഭയന്നിട്ടാണ് സി.സി.ടി.വി. ദൃശ്യങ്ങളുടെ ഡി.വി.ആർ. മാറ്റിയതെന്നാണ് റോയിയുടെ മൊഴി. അസ്വാഭാവികമായി എന്തെങ്കിലും ഹോട്ടലിൽ നടന്നിട്ടില്ലെങ്കിൽ ഭയക്കേണ്ട കാര്യമില്ലല്ലോ! ഹോട്ടലിൽ എല്ലാ വാരാന്ത്യങ്ങളിലും ഡി.ജെ. പാർട്ടി നടക്കുന്നുണ്ടെന്നും ഇത് മയക്കുമരുന്ന് ഉപയോഗിക്കുന്ന റേവ് പാർട്ടിയായി മാറുന്നുണ്ടെന്നും എക്‌സൈസ് ഇന്റലിജൻസിൽനിന്ന് വിവരമുണ്ടായിരുന്നു. ഏപ്രിലിൽ ഹോട്ടലിലെ ഡി.ജെ. പാർട്ടിയിൽ നടത്തിയ റെയ്ഡിൽ കാര്യമായി ലഹരിവസ്തുക്കൾ പിടികൂടാതിരുന്നതിനാൽ വീണ്ടും റെയ്ഡ് അത്യാവശ്യമല്ലെന്ന ധാരണയിലായിരുന്നു എക്സൈസ്.രാത്രി വൈകിയും മദ്യം വിറ്റതിന് എക്‌സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം ഹോട്ടലിലെ ബാറിന്റെ ലൈസൻസ് നവംബർ രണ്ടിനുതന്നെ താത്‌കാലികമായി റദ്ദ് ചെയ്തിരുന്നു. ഇതിനുപുറമേ മറ്റൊരു കേസ്‌ കൂടി വന്നാൽ എന്നന്നേക്കുമായി ലൈസൻസ് നഷ്ടമാകുമെന്ന് കരുതിയാണ് സി.സി.ടി.വി. ദൃശ്യങ്ങൾ മാറ്റിയതെന്നാണ് പറയുന്നത്. ഈ മൊഴി വിശ്വാസ്യമല്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടം നടന്ന നവംബർ ഒന്നിന് ഒരാഴ്ച മുന്നേ ഇവിടെ പ്രമുഖ ഫാഷൻ കൊറിയോഗ്രാഫറുടെ നേതൃത്വത്തിൽ പാർട്ടി നടന്നതായാണ് വിവരം. അങ്ങനെയൊരന്വേഷണത്തിലേക്ക് കടക്കാതിരിക്കാൻ പോലീസിന് മേലുദ്യോഗസ്ഥരിൽനിന്ന് സമ്മർദമുണ്ട്. അതേസമയം, എക്‌സൈസ് കമ്മിഷണർ തന്നെ ഹോട്ടലിനെതിരേ നടപടിയെടുക്കാൻ നിർദേശം നൽകിയ സാഹചര്യത്തിൽ ശക്തമായ അന്വേഷണത്തിന് എക്‌സൈസിന് പ്രയാസമില്ല. ഹോട്ടലിൽ നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ മട്ടാഞ്ചേരി റേഞ്ച് ഇൻസ്പെക്ടറെയാണ്‌ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ചുമതലപ്പെടുത്തിയിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3oDV6tR
via IFTTT