Breaking

Sunday, November 21, 2021

ആറുമാസം പിന്നിട്ട് പിണറായി സർക്കാർ; വിവാദങ്ങളില്‍നിന്ന് അകലം പാലിച്ച് മൂന്നോട്ട്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ആറുമാസം പൂർത്തിയാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ വിവാദങ്ങളും പ്രശ്നങ്ങളും അനുഭവമായി ഉൾക്കൊണ്ട്, ജാഗ്രതയോടെ മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിച്ചത്. എന്നിട്ടും ഉണ്ടായ വിവാദങ്ങളോട് അകലംപാലിക്കാൻ സർക്കാർ ശ്രമിച്ചു. തലമുറമാറ്റം പ്രഖ്യാപിച്ച് പുതിയനേതാവിനെ അവതരിപ്പിച്ചാണ് പ്രതിപക്ഷം തയ്യാറെടുത്തത്. എന്നാൽ, കോൺഗ്രസിൽ കലഹം വിട്ടൊഴിഞ്ഞില്ല. ഭൂരിപക്ഷവും പുതുമുഖങ്ങളെ അണിനിരത്തിയ പുതിയ സർക്കാരിൽ സി.പി.എം. മന്ത്രിമാർക്കും സ്റ്റാഫിനും പെരുമാറ്റച്ചട്ടം നിശ്ചയിച്ചു. മന്ത്രിമാർ ജനകീയരാകാൻ ശ്രമിച്ചു. ജനകീയ അദാലത്ത്, പരാതി പരിഹരിക്കൽ, മിന്നൽപരിശോധന, പദ്ധതിനിർദേശം സ്വീകരിക്കൽ അങ്ങനെ പുതിയ പരീക്ഷണങ്ങൾനടത്തി. ഒരു രക്ഷാധികാരിയുടെ റോളിലാണ് രണ്ടാം സർക്കാരിൽ മുഖ്യമന്ത്രി. പിണറായി വിജയൻ പറയുന്നതാണ് അന്തിമ വാക്ക്. കെ-റെയിൽ പദ്ധതിയാണ് അഭിമാനപദ്ധതിയായി പ്രധാനമായും അവതരിപ്പിക്കുന്നത്. എതിർപ്പുകൾ അവഗണിക്കാനാണ് തീരുമാനം. സംരംഭങ്ങളിലൂടെ തൊഴിലവസരം, ദേശീയപാത വികസനം, മെട്രോറെയിൽ, ടൂറിസം മേഖലയിലെ പദ്ധതികൾ എന്നിവയിലെല്ലാം തുടക്കത്തിലുണ്ടാകേണ്ട മുന്നേറ്റം ഈ സർക്കാർ പ്രകടമാക്കിയിട്ടുണ്ട്. മുഖംകൊടുക്കാത്ത വിവാദങ്ങൾ മുട്ടിൽ മരംമുറിക്കേസാണ് ഈ സർക്കാരിനെ വിവാദത്തിൽ നിർത്തിയ ആദ്യസംഭവം. വലിയ പ്രതിസന്ധി സർക്കാരിനുണ്ടാക്കാൻ പ്രതിപക്ഷത്തിനായില്ല. ചർച്ചകൾക്ക് ഇടനൽകാതെ അകലം പാലിച്ചു. മുല്ലപ്പെരിയാർ മരംമുറിക്കേസിലും സമാന രീതി ആവർത്തിച്ചു. തമിഴ്‌നാടിന് അനുകൂലമായി, കേരളത്തിന്റെ താത്‌പര്യം ബലികഴിച്ച് ഉത്തരവിറക്കിയിട്ടുപോലും മുഖ്യമന്ത്രിയുടെ മൗനംമാറ്റാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. അതേസമയം, വിവാദങ്ങളുണ്ടാകാനിടയുള്ള പദ്ധതികളിൽനിന്ന് ചില പിന്മാറ്റങ്ങളും സർക്കാർ നടത്തി. ഇലക്‌ട്രിക ബസ് നിർമാണത്തിന് ജർമൻ കമ്പനി ഹെസ്സുമായി ചേർന്നുണ്ടാക്കിയ പദ്ധതിയിൽനിന്ന് പിന്മാറി. വിവാദ പ്രസ്താവനയെത്തുടർന്ന് വനിതാ കമ്മിഷൻ അധ്യക്ഷയായിരുന്ന എം.സി. ജോസഫൈൻ ഒഴിഞ്ഞത്, കുഞ്ഞിനെ വിട്ടുകിട്ടാൻ അനുപമ എന്ന അമ്മയ്ക്ക് സമരം നടത്തേണ്ടിവന്ന ദുരവസ്ഥ എന്നിവയെല്ലാം സർക്കാരിന്റെ ആറുമാസത്തെ പ്രോഗ്രസ് റിപ്പോർട്ടിലെ വീഴ്ചകളാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3DyKUcm
via IFTTT