Breaking

Sunday, November 21, 2021

തർക്കത്തിനിടയിൽ മുൻപോലീസുകാരൻ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

പ്രസാദ് കടുത്തുരുത്തി: പെരുവ ജങ്ഷനിലുണ്ടായ തർക്കത്തിനിടെ മർദനം ഭയന്ന് ബസിൽ ഓടിക്കയറിയ യുവാവിനെ ആക്രമിക്കാനെത്തിയ ആളെ തടയാൻ ശ്രമിച്ച യുവാവിന് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മുമ്പ് പോലീസ് സർവീസിലുണ്ടായിരുന്നയാളെ അറസ്റ്റ് ചെയ്തു. പെരുവ മൈലെള്ളുംതടത്തിൽ രതീഷി(40)-നാണ് കുത്തേറ്റത്. പരിക്കേറ്റ ഇയാളെ പിറവത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രതീഷിനെ കുത്തിയ മുൻ പോലീസുകാരൻ കൂടിയായ കണ്ണൂർ ഇരിട്ടി ആനന്ദവിലാസത്തിൽ പ്രസാദിനെ (50) വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രസാദുമായി വഴക്കുണ്ടാക്കിയ ഇടുക്കി സ്വദേശി റെജി ബഹളത്തിനിടയിൽ ബസിൽനിന്നുമിറങ്ങി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ 8.30-ഓടെ പെരുവ ജങ്ഷനിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിലാണ് സംഭവമുണ്ടായത്. ബസ് കാത്തു ജങ്ഷനിൽ നിൽക്കുമ്പോഴാണ് പ്രസാദും റെജിയുമായി തർക്കമുണ്ടാകുന്നത്. തർക്കം മുറുകിയതോടെ പ്രസാദ്, റെജിയെ മർദിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടെ യാത്രക്കാരെ കയറ്റിയിറക്കുന്നതിനായി ജങ്ഷനിൽ നിർത്തിയിട്ടിരുന്ന വെള്ളൂർ ഭാഗത്തേക്കുള്ള ബസിലേക്കു റെജി ഓടിക്കയറി. പിന്നാലെ ബസിലേക്കു ഓടിയെത്തിയ പ്രസാദ്, റെജിയെ ആക്രമിക്കാൻ ശ്രമിക്കുമ്പോഴാണ് നാട്ടുകാരനായ രതീഷ് പ്രശ്നത്തിൽ ഇടപെടുന്നത്. ഇതിനിടയിൽ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് പ്രസാദ്, രതീഷിനെ കുത്തി. വെള്ളൂർ സി.ഐ. പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പ്രസാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസുകാരനായിരുന്ന പ്രസാദിനെ 20 വർഷം മുമ്പ് സർവീസിൽനിന്നു പിരിച്ചുവിടുകയായിരുന്നുവെന്നും ഇയാൾക്ക് മാനസിക പ്രശ്നമുള്ളതായും വെള്ളൂർ പോലീസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3cykR9p
via IFTTT