Breaking

Wednesday, December 1, 2021

അശ്ലീല വീഡിയോ കേസില്‍ കോടതിയില്‍ വാദം നടക്കുന്നതിനിടെ സ്‌ക്രീനിൽ അർധനഗ്നന്റെ സാന്നിധ്യം

ബെംഗളൂരു: വീഡിയോ കോൺഫറൻസിലൂടെ ഹൈക്കോടതി വാദംകേൾക്കുന്നതിനിടെ പുറത്തുനിന്നുള്ള അർധ നഗ്നനായ ഒരാളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടു. കർണാടക ഹൈക്കോടതിയിൽ ചൊവ്വാഴ്ച മുൻ മന്ത്രി രമേഷ് ജാർക്കിഹോളി ഉൾപ്പെട്ട അശ്ലീല വീഡിയോ കേസിൽ വാദം നടക്കുന്നതിനിടെയാണ് സംഭവം. ഇത് ശ്രദ്ധയിൽപ്പെട്ട കോടതി ഇയാളെ കണ്ടെത്താനാവശ്യപ്പെട്ട് പോലീസിന് നോട്ടീസ് നൽകി. ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. പീഡനത്തിനിരയായെന്ന് പരാതിയുന്നയിച്ച യുവതിക്കുവേണ്ടി ഹാജരായ അഭിഭാഷക ഇന്ദിരാ ജയ്സിങ്ങാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഒരാൾ കുളിക്കുന്ന നിലയിലാണ് വീഡിയോ കോൺഫറൻസിന്റെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതെന്ന് അവർ പറഞ്ഞു. 20 മിനിറ്റോളം ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നതായും അറിയിച്ചു. ഇയാളുടെപേരിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മറ്റുചില അഭിഭാഷകരും ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇയാൾ നടത്തിയത് കോടതിയലക്ഷ്യവും ലൈംഗികാതിക്രമവുമാണെന്ന് ഇന്ദിരാ ജയ്സിങ് പിന്നീട് ട്വീറ്റുചെയ്തു. കോടതിയിൽ നടക്കുന്ന വാദത്തെ തടസ്സപ്പെടുത്തുന്നതാണെന്നും കുറിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3o9WCVK
via IFTTT