Breaking

Wednesday, December 1, 2021

കോൺഗ്രസ്: പരസ്പരം പഴിചാരി ഇരുകൂട്ടരും ഹൈക്കമാൻഡിലേക്ക്

തിരുവനന്തപുരം: കോൺഗ്രസിൽ മുതിർന്ന നേതാക്കളും ഔദ്യോഗികപക്ഷവും തമ്മിൽ തുറന്ന ഏറ്റുമുട്ടൽ. പരസ്പരം പഴിചാരി ഇരുവിഭാഗവും ഹൈക്കമാൻഡിനെ സമീപിക്കും.കഴിഞ്ഞദിവസം ചേർന്ന യു.ഡി.എഫ്. യോഗം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ബഹിഷ്കരിച്ചതിലൂടെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള അകലം ഏറ്റുമുട്ടലിലേക്കു നീങ്ങുകയാണ്. എ, ഐ വിഭാഗങ്ങളുടെ സംയുക്ത നീക്കത്തിന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അച്ചുതണ്ടായി നിൽക്കുന്നുവെന്നതാണ് ഔദ്യോഗിക വിഭാഗത്തിന്റെ പരാതി. കോൺഗ്രസിലെ പ്രശ്നങ്ങൾ മുന്നണിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലേക്ക് ഇരുവരും ചേർന്ന് മാറ്റുന്നുവെന്ന് കെ. സുധാകരൻ-വി.ഡി. സതീശൻ ടീം ഹൈക്കമാൻഡിനെ ധരിപ്പിക്കും. കെ. കരുണാകരൻ-എ.കെ. ആന്റണി പോര് കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്തുപോലും കോൺഗ്രസിലെ പ്രശ്നങ്ങൾ മുന്നണിയുടെ മുമ്പിലെത്തിയിരുന്നില്ല. ഇപ്പോൾ മുതിർന്ന നേതാക്കൾതന്നെ അതിനു തയ്യാറായത് ഗുരുതരമായി കാണണം. പുനഃസംഘടനയെ എതിർക്കുന്നത് പാർട്ടി പ്രവർത്തനം നിർജീവമാക്കാനാണെന്നും അവർ വിലയിരുത്തുന്നു.ഔദ്യോഗികപക്ഷംതന്നെ ഹൈക്കമാൻഡിൽ പരാതി നൽകുന്നതിനെ എ, ഐ ഗ്രൂപ്പുകൾ സ്വാഗതംചെയ്യുന്നു. ഹൈക്കമാൻഡ് ഇടപെടലാണ് അവരുടെയും ലക്ഷ്യം. മുതിർന്ന നേതാക്കളെ അവഗണിക്കുന്നുവെന്നും ഏകപക്ഷീയമായി അച്ചടക്ക നടപടികൾ സ്വീകരിക്കുന്നു എന്നുമായിരുന്നു ഉമ്മൻ ചാണ്ടി സോണിയാ ഗാന്ധിയെക്കണ്ട് പറഞ്ഞ പ്രധാന പരാതി. അവഗണന ഉണ്ടാകില്ലെന്നും അച്ചടക്കസമിതി വരുമെന്നും സോണിയ ഉറപ്പുനൽകി. എന്നാൽ, ആ തീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടുവെന്ന് ഗ്രൂപ്പ് നേതൃത്വം വിലയിരുത്തുന്നു. മുന്നണി യോഗ ബഹിഷ്കരണത്തിന് മുതിർന്ന നേതാക്കളെ പ്രേരിപ്പിച്ചതും ഇതാണ്. രാഷ്ട്രീയകാര്യ സമിതി വിളിച്ചുചേർക്കാത്തതും എക്സിക്യുട്ടീവിലേക്ക് രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എം.പി.മാർ, നിയമസഭാകക്ഷി ഭാരവാഹികൾ എന്നിവരെ വിളിക്കാത്തതും വിമർശനം ഭയന്നാണെന്നും അവർ കുറ്റപ്പെടുത്തുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3d6eudD
via IFTTT