Breaking

Saturday, November 20, 2021

സഞ്ജു എന്റെ മെന്റർ, ആ ബാറ്റ് കൊണ്ടാണ് ഞാൻ അർധസെഞ്ചുറി നേടിയത്: ഷോണ്‍ റോജര്‍

തിരുവനന്തപുരം: മികച്ചൊരു ക്രിക്കറ്ററാകാനായിരുന്നു തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ റോജർ ഫെർണാണ്ടസിന്റെ ആഗ്രഹം. സാഹചര്യം റോജറിനെ യു.എ.ഇ.യിലെത്തിച്ചു. ക്ലബ്ബ് ക്രിക്കറ്റിൽ കളിച്ചെങ്കിലും മുന്നോട്ടുപോകാനായില്ല, ബിസിനസുകാരനായി. നാട്ടിലെത്തി വെട്ടുകാട് സെന്റ് മേരീസ് സ്പോർട്സ് ക്ലബ്ബിൽ ക്രിക്കറ്റ് ടീമിന് രൂപംനൽകി. ഒടുവിൽ, മകൻ ഷോണിലൂടെ റോജർ തന്റെ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുന്നു. അണ്ടർ-19 ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ഷോൺ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ റോജർ സന്തോഷംകൊണ്ട് കണ്ണീർ വാർത്തു. ഒപ്പം, തലസ്ഥാനത്തിനും ഇത് അഭിമാന നിമിഷം. സഞ്ജു വി.സാംസണിനു ശേഷം മറ്റൊരു താരംകൂടി ദേശീയ നിരയിലേക്ക്. കൊൽക്കത്തയിൽ 28-ന് ആരംഭിക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് ഷോൺ ഇന്ത്യയുടെ ബി ടീമിൽ അംഗമായത്. ഇന്ത്യ അണ്ടർ-19 എ ടീം, ബംഗ്ലാദേശ് ടീം എന്നിവരുമായാണ് മത്സരം. ചൊവ്വാഴ്ച ബി.സി.സി.ഐ.യിൽനിന്നും ഫോണിൽ വിവരം അറിയിച്ചതു മുതൽ ബയോബബിൾ അടിസ്ഥാനത്തിൽ തീവ്രപരിശീലനത്തിലാണ് ഷോൺ. 23-ന് കൊൽക്കത്തയിലേക്കു പുറപ്പെടും. വെള്ളിയാഴ്ചയാണ് ഔദ്യോഗിക ടീം പ്രഖ്യാപനം ഉണ്ടായത്. അണ്ടർ-19 കേരള ടീമിനായി വിനു മങ്കാദ് ട്രോഫിയിൽ നടത്തിയ മികച്ച പ്രകടനമാണ് ഷോണിനെ ദേശീയ ക്യാമ്പിലെത്തിച്ചത്. ബറോഡയ്ക്കെതിരേ 121 റൺസ് സ്കോർ ചെയ്ത ഷോൺ ടൂർണമെന്റിലെ ചാമ്പ്യന്മാരായ ഹരിയാണയ്ക്കെതിരേ 58 റൺസും എടുത്തു. തൊട്ടുപിന്നാലെ അരങ്ങേറിയ ഇന്ത്യ ചലഞ്ചർ സീരീസിൽ അണ്ടർ 19 ഏകദിന ടൂർണമെന്റിലും ഷോൺ തിളങ്ങി. ഷോൺ റോജർ അമ്മ പെട്രീഷ്യ, അച്ഛൻ റോജർ ഫെർണാണ്ടസ്, സഹോദരി ഷാരോൺ എന്നിവർക്കൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ സായ് ക്രിക്കറ്റ് കോച്ചിങ് സെന്ററിൽ ദേശീയ കോച്ചായ ബിജു ജോർജിന്റെ കീഴിലാണ് എട്ടുവർഷമായി ഷോൺ റോജർ പരിശീലനം നേടുന്നത്. യു.എ.ഇ.യിലെ വിക്ടോറിയ ക്രിക്കറ്റ് അക്കാദമിയിലും ഡെസേർട്ട് കബ്സിലും കളിച്ചിട്ടുണ്ട്. യു.എ.ഇ. അണ്ടർ-16 ദേശീയ ടീമിലും ഇടംനേടിയിരുന്നു. 2017-ൽ ആലപ്പുഴയ്ക്കെതിരേ തിരുവനന്തപുരത്തിനായി ജില്ലാ മാച്ചിൽ ഇരട്ട സെഞ്ചുറി കരസ്ഥമാക്കി. അവിടം മുതൽ ഷോൺ കേരള ടീമിലെ സ്ഥിരം സാന്നിധ്യമായി. അണ്ടർ-16, 19 തലത്തിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയതും ഷോണായിരുന്നു. ഇന്ത്യൻ നായകൻ വിരാട് കോലിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കോർണർ സ്റ്റോൺ മാനേജ്മെന്റ് ഗ്രൂപ്പുമായി കരാർ ഒപ്പിടാനായതും നേട്ടമായി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ടി-20 കേരള പ്രീമിയർ ലീഗിൽ പ്രോമിസിങ് ബാറ്ററായിരുന്നു ഷോൺ റോജർ. മകന്റെ ഓരോ പ്രകടനവും കൃത്യമായി രേഖപ്പെടുത്തി വെക്കുന്ന പതിവുണ്ട് പിതാവായ റോജറിന്. സംസ്ഥാന, ജില്ലാ, പ്രാദേശികം തുടങ്ങിയ വിവിധ മത്സരങ്ങളിലായി 95-ൽപ്പരം സെഞ്ചുറികളും 150-നടുത്ത് അർധ സെഞ്ചുറികളും ഇതുവരെയായി അടിച്ചുകൂട്ടിയിട്ടുണ്ട് ഈ മിടുക്കൻ. യു.എ.ഇ.യിലെ ഡെസേർട്ട് കബ്സ് അക്കാദമിക്കായി ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ശ്രീലങ്ക, ദുബായ് എന്നിവിടങ്ങളിൽ നേടിയ സെഞ്ചുറികളും ഇതിൽ ഉൾപ്പെടും. സഞ്ജു എന്റെ മെന്റർ ഏറ്റവും കൂടുതൽ ആത്മവിശ്വാസവും പ്രചോദനവും ലഭിക്കുന്നത് പരിശീലകനായ ബിജു സാർ, സഞ്ജു ചേട്ടൻ, കേരള ക്രിക്കറ്റ് അസോസിയേഷൻ എന്നിവയിൽ നിന്നാണ്. വിനു മങ്കാദ് ട്രോഫിയിൽ ഹരിയാണയ്ക്കെതിരേ അർധ സെഞ്ചുറി നേടിയത് സഞ്ജു സമ്മാനിച്ച ബാറ്റുകൊണ്ടാണ്. ദേശീയ ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കാമെന്ന് പ്രതീക്ഷിക്കുന്നു. -ഷോൺ റോജർ മികച്ച ഭാവിയുണ്ട് ഈ ചെറുപ്രായത്തിൽ ഇത്രയും സ്ഥിരതയോടെ പ്രകടനം നടത്തുന്ന മറ്റൊരു താരമില്ല. നല്ല ടാലന്റും ഉണ്ട്. ഇന്ത്യയുടെ നീലക്കുപ്പായമണിയാനുള്ള എല്ലാ കഴിവും ഷോൺ റോജറിലുണ്ട്. -ബിജു ജോർജ്, ദേശീയ പരിശീലകൻ Content Highlights: shoun roger in indian u-19 team fullfilled his father dream


from mathrubhumi.latestnews.rssfeed https://ift.tt/3HD39zU
via IFTTT