Breaking

Sunday, November 21, 2021

ആറുവര്‍ഷത്തോളം നീണ്ട പഠനം, തായമ്പകയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കരുനാഗപ്പള്ളി എം.എല്‍.എ.

കരുനാഗപ്പള്ളി : തിരഞ്ഞെടുപ്പ് അങ്കത്തിൽ കൊട്ടിക്കയറിയ സി.ആർ.മഹേഷ് തായമ്പകയിലും കൊട്ടിക്കയറുകയാണ്. ആറുവർഷത്തിലധികമായി നീളുന്ന പഠനം. പതികാലത്തിൽ തുടങ്ങി ഓരോതാളവും പതിയെപ്പതിയെ കൊട്ടിക്കയറി. 26-ന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രാങ്കണത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കരുനാഗപ്പള്ളിയുടെ എം.എൽ.എ. മഹേഷിന് ചെണ്ടയോടുള്ള താത്പര്യം കുട്ടിക്കാലംമുതലേ ഉണ്ടായിരുന്നു. പൊതുപ്രവർത്തനം ജീവിതമാക്കിയ മഹേഷിന് പക്ഷേ, പഠനം തുടങ്ങാനായില്ല. പിന്നീട് ആ മോഹം വഴിയിലെവിടെയോ ഉപേക്ഷിച്ചു. അങ്ങനെയിരിക്കെയാണ് നടൻ ജഗന്നാഥവർമ 74-ാം വയസ്സിൽ തായമ്പക അഭ്യസിക്കുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പഴയമോഹം വീണ്ടും മനസ്സിൽ കടന്നുകൂടി. ഒടുവിൽ ആ മോഹം മഹേഷിനെ പ്രസിദ്ധ മേളവിദ്വാൻ കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണന്റെ പുതുപ്പള്ളിയിലെ കളരിയിൽ എത്തിച്ചു. അവിടെ കണ്ടല്ലൂർ സദാശിവന്റെ മുന്നിൽ ദക്ഷിണവെച്ച് പഠനം തുടങ്ങി. ആദ്യം കരിങ്കൽ കഷണങ്ങളിലും പുളിമുട്ടിയിലുമായി മേളത്തിന്റെ ആദ്യാക്ഷരങ്ങൾ ത കി ട്ട കുറിച്ചു. ഒരുവർഷത്തോളം നീണ്ട സാധകം. തുടർന്ന് ഗണപതി കൈ, പതികാലം, കൂറ്, ഇടകാലം, ഇടവെട്ടം, ഇടനില, ഇരികിട തുടങ്ങി താളങ്ങൾ ഓരോന്നായി കൊട്ടിക്കയറി. പുലർച്ചെയും രാത്രിയിലുമായിരുന്നു പഠനം. രാവിലെ അഞ്ചുമണിയോടെ മഹേഷ് ഗുരുവിന്റെ മുൻപിലെത്തും. എത്ര തിരക്കിനിടയിലും പരിശീലനം ഒഴിവാക്കിയിരുന്നില്ലെന്ന് ഗുരുവായ കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണൻ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലും മിക്ക ദിവസങ്ങളിലും മഹേഷ് ഓടിയെത്തിയിരുന്നു. ഇപ്പോൾ നിയമസഭ ഉള്ളപ്പോൾ രാത്രി വൈകിയും എത്തി അല്പമെങ്കിലും കൊട്ടിയശേഷമാണ് വീട്ടിൽ പോയിരുന്നത്. തായമ്പക ശാസ്ത്രീയമായിത്തന്നെ പഠിക്കണമെന്നതായിരുന്നു മഹേഷിന്റെ ആഗ്രഹം. അതാണ് പഠനം ആറുവർഷത്തിലധികം നീണ്ടത്. മഹേഷിന്റെ അമ്മ ലക്ഷ്മിക്കുട്ടിയമ്മ കുട്ടിക്കാലത്ത് ചെണ്ട അഭ്യസിച്ചിരുന്നു. റേഡിയോനിലയങ്ങളിൽ മേളവും അവതരിപ്പിച്ചിട്ടുണ്ട്. നാടകരചയിതാവുകൂടിയായ സഹോദരൻ അന്തരിച്ച സി.ആർ.മനോജും മഹേഷിന് പ്രോത്സാഹനം നൽകിയിരുന്നു. മികച്ച നാടകനടനുള്ള അവാർഡ് നേടിയ ആദിനാട് ശശി, പുതിയകാവ് അശോകൻ, പുതിയകാല ദിലീപ് എന്നിവരും മഹേഷിനൊപ്പം തായമ്പക അഭ്യസിക്കുന്നുണ്ട്. ഇവരും മഹേഷിനൊപ്പം അരങ്ങേറ്റംകുറിക്കും. 26-ന് വൈകീട്ട് നാലിന് ഓച്ചിറ പരബ്രഹ്മക്ഷേത്ര ഓഡിറ്റോറിയത്തിലാണ് അരങ്ങേറ്റം.


from mathrubhumi.latestnews.rssfeed https://ift.tt/3CDLOTN
via IFTTT