Breaking

Sunday, November 21, 2021

ഒരാഴ്ചയിൽ പെയ്തത് 334 ശതമാനം അധികമഴ; തിങ്കളാഴ്ച മുതൽ വീണ്ടും മഴ വ്യാപകമാവും

തിരുവനന്തപുരം: ഈ മാസം 11 മുതൽ 17 വരെയുള്ള ആഴ്ച കേരളത്തിൽ പെയ്തത് ശരാശരിയെക്കാൾ 334 ശതമാനം അധികമഴ. കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയായി ഏതാനും ദിവസംകൊണ്ട് വൻതോതിൽ മഴപെയ്യുന്ന പ്രതിഭാസം കേരളത്തിൽ ആവർത്തിക്കുകയാണ്. ഈ ദിവസങ്ങളിൽ 36.8 മില്ലീമീറ്ററാണ് പെയ്യേണ്ടിയിരുന്നത്. പെയ്തത് 159.6 മില്ലീമീറ്ററും. ഒക്ടോബർ ഒന്നുമുതൽ നവംബർ 17 വരെയുള്ള ദിവസങ്ങളെടുത്താൽ പെയ്തത് 107 ശതമാനം അധികമഴയും. തിങ്കളാഴ്ച മുതൽ അഞ്ചുദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്. തിങ്കളാഴ്ച ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണിത്. 23-നും 24-നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും മഞ്ഞജാഗ്രത പ്രഖ്യാപിച്ചു. മലയോര ജില്ലകളിൽ ഓറഞ്ച് അലർട്ടിനു തുല്യമായ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.അറബിക്കടലിൽ ശക്തമായ ന്യൂനമർദം നിലനിൽക്കുന്നു. കർണാടകത്തിനു സമീപം അന്തരീക്ഷച്ചുഴിയുമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/30G5x8x
via IFTTT