Breaking

Thursday, November 18, 2021

വിവാദനിർദേശങ്ങൾ ഒഴിവാക്കി അന്തിമനയം; എല്ലായിടത്തും വൈദ്യുതിക്ക് ഒറ്റനിരക്ക്

തിരുവനന്തപുരം: വൈദ്യുതിനിരക്ക് നിർണയിക്കാനുള്ള നയത്തിന്റെ കരടിൽ ഉൾപ്പെടുത്തിയ വിവാദനിർദേശങ്ങൾ അന്തിമനയത്തിൽനിന്ന് റെഗുലേറ്ററി കമ്മിഷൻ ഒഴിവാക്കി. വ്യാപക പ്രതിഷേധത്തെ തുടർന്നാണിത്.കെ.എസ്.ഇ.ബി.ക്കും മറ്റു വിതരണ ലൈസൻസികൾക്കും വ്യത്യസ്ത വൈദ്യുതിനിരക്ക് നിശ്ചയിക്കാനും കെ.എസ്.ഇ.ബി. കേരളത്തിനു പുറത്ത് വൈദ്യുതി വിൽക്കുന്നത് നിയന്ത്രിക്കാനുമുള്ള നിർദേശങ്ങളാണ് പ്രധാനമായും ഒഴിവാക്കിയത്. കെ.എസ്.ഇ.ബി.യെന്നോ ലൈസൻസിയെന്നോ വ്യത്യാസമില്ലാതെ സംസ്ഥാനത്താകെ ഒറ്റനിരക്ക് തുടരും.കരട് നയത്തിലെ നിർദേശങ്ങളെ കെ.എസ്.ഇ.ബി.യും ജീവനക്കാരുടെ സംഘടനകളും എതിർത്തിരുന്നു. കേന്ദ്രസർക്കാരിന്റെ ചുവടുപിടിച്ച് വൈദ്യുതിമേഖലയെ സ്വകാര്യവത്കരിക്കാൻ അരങ്ങൊരുക്കുന്ന നയമാണ് ഇതെന്നായിരുന്നു ആക്ഷേപം. കരട് നയത്തെക്കുറിച്ചുള്ള തെളിവെടുപ്പിലും എതിർപ്പുയർന്നതോടെ പുനഃപരിശോധിക്കാൻ റെഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചു.കെ.എസ്.ഇ.ബി.ക്കു പുറമേ ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, കൊച്ചിൻ സ്പെഷ്യൽ എക്കണോമിക് സോൺ, കണ്ണൻ ദേവൻ കമ്പനി, തൃശ്ശൂർ കോർപ്പറേഷൻ തുടങ്ങിയ ലൈസൻസികളും കേരളത്തിൽ വൈദ്യുതി വിതരണം ചെയ്യുന്നുണ്ട്. കെ.എസ്.ഇ.ബി.യിൽനിന്ന് വൈദ്യുതി വാങ്ങിയാണ് ഇവ വിതരണംചെയ്യുന്നത്. കെ.എസ്.ഇ.ബി.യെക്കാൾ വിലകുറച്ച് വിൽക്കാൻ ലൈസൻസികൾക്ക് അനുവാദം നൽകുന്നതായിരുന്നു കരട് നയം. ഇതിനെ വാണിജ്യ-വ്യവസായ മേഖല സ്വാഗതം ചെയ്തിരുന്നു. എന്നാൽ, സ്വകാര്യ ലൈസൻസികളെ പ്രോത്സാഹിപ്പിക്കാനാണിതെന്നും സർക്കാരിന്റെ രാഷ്ട്രീയതാത്പര്യത്തിനു വിരുദ്ധമാണെന്നും പ്രതിപക്ഷവും വാദിച്ചു. വൈദ്യുതി സ്വകാര്യവത്കരണത്തിനെതിരേ സർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കിയതിനുശേഷമാണ് ഈ കരടുനയം വന്നത്.വൈദ്യുതി മിച്ചമുള്ള സമയത്ത് കേരളത്തിനുപുറത്ത് വിൽക്കുകയാണിപ്പോൾ. അതിനുപകരം ഇവിടെയുള്ള വാണിജ്യ-വ്യവസായ ഉപയോക്താക്കൾക്ക് പവർ എക്‌സ്‌ചേഞ്ചിലെ വിലയ്ക്ക് നൽകണമെന്ന് കരടിൽ നിർദേശിച്ചതും വാണിജ്യ-വ്യവസായ മേഖലയുടെ താത്പര്യപ്രകാരമായിരുന്നു. എന്നാൽ, ഈ രണ്ടു നയങ്ങളും വരുമാനത്തെയും സാധാരണക്കാർക്കുള്ള സബ്‌സിഡിയെയും കാര്യമായി ബാധിക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.2009 മുതൽ 27,175 ജീവനക്കാരുടെ ശമ്പളച്ചെലവാണ് കമ്മിഷൻ അംഗീകരിച്ചിരുന്നത്. ജീവനക്കാരുടെ എണ്ണം 33,000 ആയതിനാൽ ചെലവ് ആനുപാതികമായി കൂട്ടണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച കേസുകൾ പിൻവലിച്ചശേഷം പുതിയ അപേക്ഷനൽകിയാൽ ആവശ്യം പരിഗണിക്കുമെന്ന് കമ്മിഷൻ വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/3wW3uZq
via IFTTT