Breaking

Wednesday, December 1, 2021

സിനിമാസ്റ്റൈലിൽ 11 ലക്ഷം കവർന്നു; തിരക്കഥപൊളിച്ച് പോലീസ്

പാലക്കാട്: 11 ലക്ഷം രൂപ തട്ടിയെടുക്കാൻ പച്ചക്കറി വണ്ടി തടഞ്ഞ് ഡ്രൈവറുടെ കഴുത്തിൽ കത്തിവെച്ച് കവർച്ചാ നാടകം. കവർച്ച ആസൂത്രണംചെയ്ത, പച്ചക്കറിവണ്ടിയുടെ ഡ്രൈവറടക്കം മൂന്നുപേരെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. വാഹനമോടിച്ച നല്ലേപ്പിള്ളി പാറക്കളം വീട്ടിൽ സുജിത്ത് (26), കൊഴിഞ്ഞാമ്പാറ പാറക്കളം വീട്ടിൽ അരുൺ (24), എലപ്പുള്ളി രാമശ്ശേരി ഈന്തക്കാട് രോഹിത് (25) എന്നിവരാണ് കോട്ടായി പോലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് അഞ്ചുലക്ഷം രൂപ കണ്ടെടുത്തു. സംഭവത്തിൽ രണ്ടുപേർകൂടി പിടിയിലാവാനുണ്ട്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മാത്തൂർ ആനിക്കോടാണ് സംഭവം. മേട്ടുപ്പാളയത്തെ ഒരു പച്ചക്കറിക്കടയിലെ കളക്ഷൻ ഏജന്റ്, നല്ലേപ്പിള്ളി ഒലിവുപാറ താഴത്തേപ്പാടം വീട്ടിൽ ആർ. അരുണും സുജിത്തും വിവിധ ഭാഗങ്ങളിൽ പച്ചക്കറി എത്തിച്ചതിന്റെ പണം വാങ്ങി മടങ്ങുകയായിരുന്നെന്ന് പോലീസ് പറയുന്നു. ആനിക്കോട് എത്തിയപ്പോൾ രണ്ടുബൈക്കുകളിലായി നാലുപേരെത്തി. ഒരു ബൈക്ക് കുറുകെയിട്ട് വാഹനം തടയുകയും മറ്റൊരു ബൈക്കിലുണ്ടായിരുന്നയാൾ സുജിത്തിന്റെ കഴുത്തിൽ കത്തിവെച്ച് പണം ആവശ്യപ്പെടുകയുമാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഉടൻതന്നെ ആർ. അരുൺ പണം നൽകി. തുടർന്ന് പച്ചക്കറിവ്യാപാരി, തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി സതീഷിനെ വിവരമറിയിച്ചു. സതീഷ് രാവിലെ പരാതിയുമായി കോട്ടായി പോലീസിനെ സമീപിക്കുകയായിരുന്നു. കളക്ഷൻ ഏജൻറ് ആർ. അരുണിനെയും സുജിത്തിനെയും വെവ്വേറെ ചോദ്യംചെയ്തപ്പോൾ മൊഴിയിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടു. പിന്നീട് സുജിത്ത് കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. തുടർന്ന്, മറ്റുരണ്ടുപേരെയും ചൊവ്വാഴ്ച രാവിലെ അറസ്റ്റുചെയ്തു. മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. ഇൻസ്പെക്ടർ എസ്. ഷൈൻ, എസ്.ഐ.മാരായ പി.ആർ. ദിനേശൻ, ദിനു റെയ്നി, സീനിയർ സി.പി.ഒ.മാരായ കെ. വിനീഷ്, മുഹമ്മദ് ഗനി എന്നിവർ സംഭവത്തിൽ അന്വേഷണം നടത്തി. മുമ്പും ശ്രമം നടത്തി പരിചയത്തിന്റെപേരിൽ വണ്ടിയെടുക്കാൻ സുജിത്തിനെ താത്കാലികമായി വിളിച്ചതാണ് ആർ. അരുൺ. നേരത്തെയും സുജിത്ത് കവർച്ച ആസൂത്രണംചെയ്ത് പണം തട്ടാൻ ശ്രമിച്ചിരുന്നതായി കോട്ടായി പോലീസ് പറഞ്ഞു. എന്നാൽ, അന്ന് ബാങ്ക് സി.ഡി.എമ്മിൽ പണം നിക്ഷേപിച്ചതിനാൽ ശ്രമം പാളി. തുടർന്നാണ് തിങ്കളാഴ്ച കവർച്ച ആസൂത്രണംചെയ്ത് നടത്തിയത്.


from mathrubhumi.latestnews.rssfeed https://ift.tt/3lq4oJk
via IFTTT