ന്യൂഡൽഹി: അകാരണമായി തീവണ്ടി വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ റെയിൽവേക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. തീവണ്ടി വൈകിയതുകൊണ്ട് വിമാനയാത്ര മുടങ്ങി നഷ്ടമുണ്ടായ യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നൽകാനുള്ള ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് നടപടി. രാജസ്ഥാനിലെ അജ്മേറിൽനിന്ന് ജമ്മുവിലേക്കുള്ള തീവണ്ടി നാലുമണിക്കൂർ വൈകിയതുസംബന്ധിച്ച കേസാണ് സുപ്രീംകോടതി പരിഗണിച്ചത്. തീവണ്ടി വൈകിയെത്തിയതിന്റെ കാരണം വിശദീകരിക്കാൻ റെയിൽവേക്ക് സാധിച്ചില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തങ്ങളുടെ പരിധിയിൽവരുന്ന കാരണങ്ങൾകൊണ്ടല്ല വൈകിയതെന്ന് സ്ഥാപിക്കാൻ റെയിൽവേക്ക് സാധിച്ചില്ല. അധികൃതരുടെ കാരുണ്യത്തിന്മേലാകരുത് യാത്രക്കാർ. ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തേപറ്റൂവെന്നും കോടതി പറഞ്ഞു.റെയിൽവേയുടെ വാദം:തീവണ്ടി വൈകുന്നത് സേവനത്തിന്റെ പോരായ്മയായി കരുതാനാവില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടി വാദിച്ചു. ഇതിന് ഒട്ടേറെ കാരണങ്ങളുണ്ടാകാം. വൈകിയാൽ നഷ്ടപരിഹാരം നൽകണമെന്ന് ഇന്ത്യൻ റെയിൽവേ കോൺഫറൻസ് അസോസിയേഷൻ കോച്ചിങ് താരിഫിന്റെ 114, 115 ചട്ടങ്ങളിൽ പറയുന്നില്ലെന്നും അവർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2X1mnwn
via
IFTTT