Breaking

Thursday, September 9, 2021

സൂറത്തിലെ കർഷകപുത്രി ആകാശോന്നതിയിലേക്ക്

സൂറത്ത്: ''സ്വപ്നങ്ങൾ നിങ്ങളുടെ ചിറകുകളാകട്ടെ, ഹൃദയം വഴികാട്ടിയും'' -ആ വാക്കുകൾ ജീവിതസൂക്തമാക്കുകയാണ് മൈത്രി പട്ടേൽ എന്ന പത്തൊൻപതുകാരി. രാജ്യത്തെ ഏറ്റവുംപ്രായംകുറഞ്ഞ കൊമേഴ്സ്യൽ പൈലറ്റ് എന്ന ഖ്യാതി. സൂറത്തിന്റെ അഭിമാനമായ കർഷകപുത്രി. “നാടിന്റെ പ്രചോദനവും ആവേശവും, ഇവൾ” -ബുധനാഴ്ച മൈത്രിയെ കണ്ട ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വിശേഷിപ്പിച്ചത് ഇങ്ങനെ. മൈത്രിയുടെ കുതിപ്പ് ആകാശോന്നതിയിലേക്ക് ഉയരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അമേരിക്കയിലായിരുന്നു കൊമേഴ്സ്യൽ പൈലറ്റ് പരിശീലനം. 18 മാസം ദൈർഘ്യമുള്ള കോഴ്സ് 12 മാസംകൊണ്ട് പൂർത്തിയാക്കി മൈത്രി മിടുക്കുതെളിയിച്ചു. സൂറത്തിലെ കാന്തി പട്ടേൽ എന്ന കർഷകന്റെ മകൾ, ചെറുപ്പംതൊട്ടേ പൈലറ്റാവുകയെന്ന സ്വപ്നം മനസ്സിൽ താലോലിച്ചിരുന്നു. സൂറത്തിൽനിന്ന് യാത്രക്കാരെ മുംബൈ വിമാനത്താവളത്തിൽ എത്തിക്കുന്ന ജോലിയും നോക്കിയിരുന്ന കാന്തി പട്ടേൽ, എയർപോർട്ടിലെത്തിയാൽ വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും നോക്കിനിൽക്കുമായിരുന്നു. മകളുടെ സ്വപ്നം സാക്ഷാത്കരിച്ചുകൊടുക്കാൻ അവിടെവെച്ചാണ് ഉറച്ചതീരുമാനമെടുത്തതെന്ന് അദ്ദേഹം പറയുന്നു. സൂറത്ത് നഗരസഭയിലെ ആരോഗ്യവിഭാഗത്തിൽ ആയയായ അമ്മ രേഖയും മൈത്രിക്കൊപ്പം നിന്നു. അങ്ങനെയാണ് മകളെ ഇംഗ്ളീഷ് മീഡിയം സ്കൂളിൽ പഠിപ്പിച്ചത്. അവൾ നന്നായി പഠിക്കുകയും ചെയ്തു -കാന്തി പട്ടേൽ പറയുന്നു. പൈലറ്റ് പരിശീലനത്തിന്റെ ഭാരിച്ച സാമ്പത്തികബാധ്യത തന്നെയായിരുന്നു പ്രധാന വെല്ലുവിളി. പൈതൃകമായി ലഭിച്ച ഭൂസ്വത്ത് വിറ്റാണ് അതിനുള്ള പണം കണ്ടെത്തിയത്. ഇന്ത്യയിൽ ബോയിങ് വിമാനം പറത്തുകയാണ് അടുത്ത ലക്ഷ്യമെന്ന് മൈത്രി പറയുന്നു. അതിനുള്ള പരിശീലനം വൈകാതെ തുടങ്ങും. ലൈസൻസ് കിട്ടിക്കഴിഞ്ഞാൽ നമ്മുടെ ആകാശത്ത് മൈത്രി അമരത്തുള്ള വിമാനങ്ങൾ ചിറകുവിരിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3hyPf6D
via IFTTT