തിരുവനന്തപുരം: ഔദ്യോഗിക രഹസ്യരേഖകൾ ചോർന്നാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുണ്ടാവുമെന്ന് സർക്കാരിന്റെ മുന്നറിയിപ്പ്.പോലീസിന്റെ തോക്കും തിരകളും കാണാതായതുസംബന്ധിച്ച സി.എ.ജി. റിപ്പോർട്ട് ചോർന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. സി.എ.ജി. റിപ്പോർട്ട് മനഃപൂർവം ചോർത്തിയതാകാനുള്ള സാധ്യത തള്ളാനാവില്ലെന്നാണ് അന്വേഷണറിപ്പോർട്ട്. മുൻ െസ്പഷ്യൽ സെക്രട്ടറി ആർ. രാജശേഖരൻ നായരാണ് അന്വേഷിച്ചത്. അദ്ദേഹം നൽകിയ ശുപാർശകൾ സർക്കാർ അംഗീകരിച്ചു.കടലാസ് ഫയലുകൾ സെക്രട്ടേറിയറ്റിൽനിന്ന് പുറത്തുള്ള വകുപ്പുകളിലേക്കോ ഓഫീസുകളിലേക്കോ ലെയ്‌സൺ ഓഫീസർവഴി കൈമാറുന്നത് അവസാനിപ്പിക്കണം. അനിയന്ത്രിതമായ സ്വാതന്ത്ര്യം കിട്ടുന്നതും സ്വാധീനം കൈവരിക്കുന്നതും തടയാൻ മൂന്നുവർഷത്തിലൊരിക്കൽ ലെയ്‌സൺ ഓഫീസറെ മാറ്റണം. കൈമാറുന്ന രഹസ്യരേഖകൾ ഇരട്ടക്കവറിലായിരിക്കണം. സുപ്രധാന രേഖകൾ ഇ-മെയിൽ വഴി കൈമാറണം. വിവരസുരക്ഷയ്ക്ക് പാലിക്കേണ്ട മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബർ ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി ഡിവിഷൻ പുറത്തിറക്കിയിട്ടുണ്ട്. ഇത് എല്ലാ ഉദ്യോഗസ്ഥരും പാലിക്കണം. തങ്ങളുടെ കൈവശമുള്ള രഹസ്യരേഖകളിലെ വിവരം മൂന്നാമതൊരാൾക്ക് അനധികൃതമായി കിട്ടാനിടവരില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഉദ്യോഗസ്ഥരുടെ ബാധ്യതയാണ്. കേരളസർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടമനുസരിച്ചുള്ള ജോലിയോടുള്ള സമർപ്പണവും പ്രതിബദ്ധതയും പുലർത്തണം. ഉദ്യോഗസ്ഥർ അന്തസ്സുകാട്ടണം. ഔദ്യോഗികരേഖകളും ഡേറ്റയും ചോർത്തുന്ന ഉദ്യോഗസ്ഥർ കേരള സിവിൽ സർവീസ് ചട്ടങ്ങൾപ്രകാരം അച്ചടക്കനടപടി നേരിടേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/38R8L9x
via
IFTTT