കോഴിക്കോട് : ചാത്തമംഗലം പാഴൂരിൽ മരണപ്പെട്ട മുഹമ്മദ് ഹാഷിമിന് നിപ വൈറസ് ബാധയുണ്ടായത് വവ്വാലുകൾ കടിച്ച അടയ്ക്കകൾ വഴിയാണോ എന്നു പരിശോധിക്കണമെന്ന് പഠനസംഘത്തിന്റെ നിർദേശം. കോഴിക്കോട് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിനു കീഴിലുള്ള സാംക്രമികരോഗനിയന്ത്രണസെൽ പാഴൂർ മുന്നൂരിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. നിപ ബാധിച്ചുമരിച്ച മുഹമ്മദ് ഹാഷിമിന്റെ പാഴൂരിലെ വീട്ടുപരിസരത്ത് കണ്ടെത്തിയ വവ്വാൽ കടിച്ച അടയ്ക്കയുടെയും ജാതിക്കയുടെയും ചിത്രം പകർത്തുന്ന സാംക്രമികരോഗ നിർണയസെല്ലിലെ ഉദ്യോഗസ്ഥ|ഫോട്ടോ: സാജൻ വി. നമ്പ്യാർ മുഹമ്മദ് ഹാഷിമിന്റെ വീടായ വായോളിയിലും സമീപത്തെ നാലുവീടുകളിലും സംഘം പരിശോധന നടത്തുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. കവുങ്ങുകൾ ധാരാളമുള്ള വീട്ടുപറമ്പിൽ വവ്വാലുകൾ കടിച്ച അടയ്ക്കകൾ വീണുകിടപ്പുണ്ടായിരുന്നു. കുട്ടികൾക്ക് കൗതുകംതോന്നുന്ന ചെറിയതരം അടയ്ക്കകളും ഇക്കൂട്ടത്തിലുണ്ട്. അടയ്ക്ക ശേഖരിക്കുകയും അതുകൊണ്ട് കളിക്കുകയും ചെയ്യുന്ന പതിവ് മുഹമ്മദ് ഹാഷിമിനുണ്ടായിരുന്നെന്ന് അയലത്തെ കുട്ടികൾ സംഘാംഗങ്ങളോട് പറഞ്ഞു. പുലർച്ചെയും സന്ധ്യയ്ക്കും വവ്വാലുകൾ വരാറുണ്ടെന്നും അയൽപക്കങ്ങളിലെ അന്വേഷണത്തിൽ വ്യക്തമായി. റംബൂട്ടാനിൽനിന്നാവാം നിപ വൈറസ്ബാധയുണ്ടായത് എന്നായിരുന്നു തുടക്കത്തിൽ സംശയിച്ചിരുന്നത്. എന്നാൽ, റംബൂട്ടാനേക്കാൾ കൂടുതലായി ഇവിടെയുള്ളത് അടയ്ക്കയാണ്. അതിനാൽ അതിൽനിന്ന് വൈറസ്ബാധയുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് സംഘത്തിന്റെ അഭിപ്രായം. ജാതിക്കയും പാഷൻ ഫ്രൂട്ടും ഈന്തും ഈ പറമ്പിലുണ്ട്. വവ്വാലുകളെ ആകർഷിക്കുന്ന പഴങ്ങൾ ധാരാളമുള്ളതിനാൽ അവയിൽനിന്നുള്ള വ്യാപനസാധ്യതയും പരിഗണിക്കണം. രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾക്കും ഉറവിടം കണ്ടെത്തുന്നതിനുള്ള പഠനങ്ങൾക്കുമായാണ് സംഘം നിപ ബാധയുണ്ടായ പ്രദേശത്ത് സന്ദർശനം നടത്തിയത്. പ്രാഥമികനിഗമനങ്ങൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ അറിയിച്ചിട്ടുണ്ട്. നിപ രോഗനിയന്ത്രണസംവിധാനത്തിനും മെഡിക്കൽ വിദ്യാഭ്യാസവകുപ്പിനും റിപ്പോർട്ട് കൈമാറും. കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. അസ്മ റഹീമിന്റെ നിർദേശപ്രകാരം അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. വി. ബിന്ദു, ഡോ. ബിജു ജോർജ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആർ.എസ്. രജസി, ഹെൽത്ത് ഇൻസ്പെക്ടർ സി.എം. അജിത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. content highlights:nipah virus infection through areca nut? possibility should be studied says study team
from mathrubhumi.latestnews.rssfeed https://ift.tt/396GfB3
via
IFTTT