Breaking

Thursday, September 9, 2021

കണ്ടംവഴി ഓടി, കത്തി കാട്ടി എന്നിട്ടും പോലീസ് വിട്ടില്ല; ഗുണ്ടകളെ ഓടിച്ചിട്ടുപിടിച്ചു

ഗാന്ധിനഗർ: അൻപതിലധികം കേസുകളിൽ പ്രതിയായ ആർപ്പൂക്കര, വെട്ടൂർകവല ചിറക്കൽവീട്ടിൽ കെൻസ് സാബു (27) നെയും കൂട്ടാളികളായ രണ്ട് പേരെയും ഗാന്ധിനഗർ പോലീസ് പിടികൂടി. രണ്ട് മണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിലാണ് ഗാന്ധിനഗർ സി.ഐ. കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കീഴ്പെടുത്തിയത്. കെൻസിനൊപ്പമുണ്ടായിരുന്ന കാണക്കാരി, കുറുമുള്ളൂർ, തച്ചറുകുഴി ബിനു (36), കോതനല്ലൂർ ചാമക്കാല, ചെമ്പകപ്പാറ നിഖിൽ ദാസ് (36) എന്നിവരാണ് അറസ്റ്റിലായത്. മോഷണം, കഞ്ചാവ് കടത്ത്, ഗുണ്ട ആക്രമണം, തുടങ്ങി അൻപതിലധികം കേസുകളിൽ പ്രതിയായ കെൻസിനെ ദിവസങ്ങളായി ഗാന്ധിനഗർ പോലീസ് അന്വേഷിച്ചുവരുകയായിരുന്നു. ചൊവ്വാഴ്ച ഏറ്റുമാനൂരിലെ ബിനുവിന്റെ വീട്ടിൽ ഇവർ ഒത്തുചേർന്നതായി മനസ്സിലായി. സി.ഐ.യുടെയും എസ്.ഐ.യുടെയും സ്വകാര്യകാറുകളിൽ എത്തിയ പോലീസ് സംഘം വീടുവളഞ്ഞു. പോലീസിനെ കണ്ട് കെൻസും ബിനുവും നിഖിൽ ദാസും ഓടി. പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് പിറകെ പാഞ്ഞു. ചെളിനിറഞ്ഞ പാടത്തുകൂടി ഓടി റോഡിലെത്തിയ കെൻസ് കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ എത്തിയ പോലീസുകാർ സമീപത്തുള്ള വീടിന്റെ മതിൽ ചാടിക്കടന്ന് കാർ എടുത്ത് പിന്നാലെ പാഞ്ഞു. എസ്.ഐ. പ്രശോഭ്, കെൻസിന്റെ സംഘത്തിന്റെ പിന്നാലെയെത്തി പത്തുമിനിറ്റ് നീണ്ട മൽപ്പിടിത്തത്തിലൂടെ കീഴടക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഗാന്ധിനഗർ സി.ഐ. കെ.ഷിജി, എസ്.ഐ. കെ.കെ.പ്രശോഭ്, എ.എസ്.ഐ.മാരായ മനോജ്, സുരേഷ് ബാബു, എസ്.സി.പി.ഒ.മാരായ ഷൈജു, അജിത്കുമാർ, സി.പി.ഒ.മാരായ അനീഷ്, ആർ.രാജേഷ്, ടി.പ്രവീൺ, പ്രവീണോ, പ്രവീൺ കുമാർ, എസ്.അനു, പി.ആർ.സുനിൽ, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/38TSQr8
via IFTTT