Breaking

Thursday, September 9, 2021

വിവാഹത്തട്ടിപ്പ് നടത്തി മുങ്ങിയയാളെ രാജ്യാതിര്‍ത്തിയിലെത്തി പൊക്കി; മലയിടിച്ചിലില്‍പ്പെട്ട് പോലീസ്

കൊച്ചി: വിവാഹത്തട്ടിപ്പും സ്ത്രീപീഡനവും നടത്തി മുങ്ങിയ പ്രതിയെ പൊക്കാൻ നേപ്പാൾ അതിർത്തിയിലെത്തിയ കൊച്ചി സിറ്റി പോലീസ് സംഘം മലയിടിച്ചിലിൽ പെട്ടു. പ്രതിയ പിടികൂടി മടങ്ങും വഴിയാണ് രണ്ടുവട്ടം ഇവർ മലയിടിച്ചിലിനെ അഭിമുഖീകരിച്ചത്. ഇവർ സഞ്ചരിച്ച കാറിന്റെ ചില്ലും തകർന്നു. കലൂർ അശോക റോഡിലെ യുവതിയുടെ പരാതിയിൽ കായംകുളം പട്ടോളി മാർക്കറ്റ് സുമാലയത്തിൽ തമ്പി (47) യെ പിടികൂടാനാണ് സംഘം രാജ്യാതിർത്തിയിലെത്തിയത്. എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. എ.എസ്.ഐ. വിനോദ് കൃഷ്ണ, സി.പി.ഒ.മാരായ കെ.എസ്. സുനിൽ, കെ.സി. മഹേഷ് എന്നിവർ തീവണ്ടിയിൽ ഡൽഹിയിൽനിന്ന് ഉത്തരാഖണ്ഡിലെ തനക്പൂരിലെത്തി. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ഉത്തരാഖണ്ഡ്-നേപ്പാൾ അതിർത്തിയായ ദാർചുലയിൽ ആണെന്നറിഞ്ഞു. മലമ്പാതയിലൂടെ 237 കിലോമീറ്റർ അകലെയുള്ള ദാർചുലയിലേക്ക് ടാക്സി വിളിച്ചുപോയ ഇവർ ചൊവ്വാഴ്ച രാത്രി പ്രതിയെ കസ്റ്റഡിയിലെടുത്തു. നടപടികൾ പൂർത്തിയാക്കി രാത്രിതന്നെ തനക് പൂരിലേക്ക് മടങ്ങി. രാവിലെ 11-ന് തനക്പൂരിൽ നിന്ന് ഡൽഹിക്കുള്ള തീവണ്ടി പിടിക്കുകയായിരുന്നു ലക്ഷ്യം. ഈ യാത്രയ്ക്കിടയിലാണ് കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായത്. ബുധനാഴ്ച രാവിലെ അഞ്ചിന് ചമ്പാവത്ത് ദോണിലുണ്ടായ മലയിടിച്ചിലിൽ ഇവരുടെ കാറിന്റെ മുന്നിലെ ചില്ല് തകർന്നു. ഭാഗ്യംകൊണ്ടുമാത്രമാണ് ജീവൻ നഷ്ടമാകാതിരുന്നതെന്ന് എ.എസ്.ഐ. വിനോദ് കൃഷ്ണ പറഞ്ഞു. മണ്ണിടിഞ്ഞുവീണ് വാഹനങ്ങൾ കൊക്കയിലേക്ക് പതിക്കുന്നത് ഇവിടെ പതിവാണ്. റോഡിന് ഇരുവശവും നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും കുടുങ്ങി. ഒടുവിൽ ജെ.സി.ബി. എത്തിച്ച് രാവിലെ 11 മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. 15 മിനിറ്റ് യാത്ര ചെയ്യുന്നതിനിടെ വീണ്ടും മലയിടിഞ്ഞു. തനക്പൂരിൽ തീവണ്ടി നഷ്ടമായതോടെ നൂറു കിലോമീറ്ററോളം അധികം സഞ്ചരിച്ച് ഹിൽദ്വാനിയിലെത്തിയാണ് ഡൽഹിയിലേക്ക് തീവണ്ടി പിടിച്ചത്. വ്യാഴാഴ്ച രാവിലെ ഇവർ ഡൽഹിയിൽനിന്ന് കൊച്ചിക്ക് പുറപ്പെടും. Content Highlights:Accusedin marriage fraud case arrested at Nepal border


from mathrubhumi.latestnews.rssfeed https://ift.tt/3DZQC7D
via IFTTT