മുതുകുളം : തീരസംരക്ഷണത്തിനും കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനും വലിയഴീക്കൽ കേന്ദ്രീകരിച്ച് സംവിധാനമൊരുക്കണമെന്ന് ആവശ്യമുയരുന്നു. ഇവിടെ തീരദേശ പോലീസ് സ്റ്റേഷൻ വേണമെന്ന് വളരെ നാളുകളായുള്ള ആവശ്യമാണ്. രമേശ് ചെന്നിത്തല എം.എൽ.എ. ആഭ്യന്തരമന്ത്രിയും മുഹമ്മദ് യാസിൻ ചുമതലയുള്ള എ.ഡി.ജി.പി.യും ആയിരുന്നപ്പോൾ ഇതിനായുള്ള പദ്ധതി കേന്ദ്രത്തിനു സമർപ്പിക്കുകയും ചെയ്തു. തീരത്തോടുചേർന്ന് അനുയോജ്യമായ സ്ഥലവും കണ്ടെത്തിയിരുന്നു. എന്നാൽ, പദ്ധതി മുന്നോട്ടുപോയില്ല. കഴിഞ്ഞയാഴ്ച അഴീക്കലിൽ ബോട്ട് തിരയിൽപ്പെട്ടുമറിഞ്ഞ് നാലു മത്സ്യത്തൊഴിലാളികൾ മരിച്ചതോടെ സുരക്ഷാസംവിധാനം ഒരുക്കണമെന്ന ആവശ്യത്തിനു കൂടുതൽ പ്രസക്തിയേറി. ആറാട്ടുപുഴ വലിയഴീക്കൽമുതൽ ആലപ്പുഴ മത്സ്യഗന്ധിവരെയുള്ള ഭാഗം തോട്ടപ്പള്ളി തീരദേശ പോലീസ് പരിധിയിലാണ്. ഏകദേശം 41 കിലോമീറ്റർ തീരമാണ് തോട്ടപ്പള്ളി പോലീസിന്റെ പരിധിയിലുള്ളത്. കൊല്ലം ജില്ലയിലെ അഴീക്കൽമുതൽ തെക്കോട്ട് നീണ്ടകര സ്റ്റേഷനാണ്. വലിയ വിസ്തൃതിയുള്ളതിനാൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആവശ്യമായി വരുമ്പോൾ തീരദേശ പോലീസിന്റെ സേവനം സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. അതിനാൽ രണ്ടു സ്റ്റേഷന്റെയും ഏതാണ്ടു മധ്യഭാഗം എന്നനിലയിൽ വലിയഴീക്കലിൽ പുതിയൊരു സ്റ്റേഷൻ വരുന്നത് മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രയോജനപ്പെടും. തോട്ടപ്പള്ളി സ്റ്റേഷനിൽ ഇപ്പോഴുള്ളത് അഞ്ചുടൺ ബോട്ടാണ്. ഇതു കയറ്റിയിടാൻ സ്ഥലമില്ലാത്തതിനാൽ വലിയഴീക്കൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപം കായലിലാണ് സൂക്ഷിച്ചിരിക്കുന്നത്. അഞ്ചു ജീവനക്കാർ ഇവിടെ എപ്പോഴും ഡ്യൂട്ടിയിലുണ്ട്. ഈ ബോട്ടിനു ശക്തമായ തിരയിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയില്ല. അതിനാൽ കൂടുതൽ മികച്ച സൗകര്യങ്ങളുള്ള ബോട്ടുകളും ഈ മേഖലയിൽ സജ്ജമാക്കണം. അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനും പ്രഥമശുശ്രൂഷ ലഭിക്കുന്നതിനും 24 മണിക്കൂറും മറൈൻ ആംബുലൻസിന്റെ സേവനവും ഉറപ്പുവരുത്തണം. തീരസുരക്ഷയെ സംബന്ധിച്ചും വളരെ തന്ത്രപ്രധാനമേഖലയാണിവിടം. കായംകുളം കായലും കടലും ചേർന്നുകിടക്കുന്നു. നിരീക്ഷണങ്ങൾ ഒന്നുംതന്നെയില്ലാത്തതിനാൽ ഇതുവഴി ആർക്കും എപ്പോൾ വേണമെങ്കിലും കരയിലെത്താം. നേവിയെയും കോസ്റ്റ്ഗാർഡിനെയും യോജിപ്പിച്ച് റഡാർ ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനം ഒരുക്കണമെന്ന് കേന്ദ്രത്തിലെയും കേരളത്തിലെയും ഇന്റലിജൻസ് ഏജൻസികൾ നേരത്തേതന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വലിയഴീക്കൽ പാലവും ലൈറ്റ്ഹൗസും തുറക്കുന്നതോടെ പ്രദേശം പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറും. ഇതും സുരക്ഷാസംവിധാനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യം വർധിപ്പിക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3ngFFsK
via
IFTTT