വാഷിങ്ടൺ: അഫ്ഗാനിസ്താനിൽനിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുക്തിസഹവും ശരിയായതുമായ തീരുമാനമായി ചരിത്രം ഇത് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ്. സൈന്യത്തെ പിൻവലിച്ചതിന് പിന്നാലെ താലിബാൻ അഫ്ഗാനിസ്താൻ പിടച്ചടക്കിയതിൽ ബൈഡൻ ഭരണകൂടം കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. എന്നാൽ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാക്കുകയാണ് ബൈഡൻ. യുക്തിസഹവും ശരിയായതുമായ തീരുമാനമായി ഇത് ചരിത്രം രേഖപ്പെടുത്തുമെന്നാണ് ഞാൻ കരുതുന്നത്, ബൈഡൻ വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. താലിബാൻ അടിസ്ഥാനപരമായ തീരുമാനമെടുക്കേണ്ടതുണ്ടെന്നും ബൈഡൻ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ക്ഷേമത്തിനായി ഒരു സംഘവും ഇതുവരെ ചെയ്തിട്ടില്ലാത്ത വിധം ഒന്നിച്ച് പ്രവർത്തിക്കാൻ താലിബാൻ ശ്രമിക്കുമോ? ബൈഡൻ ചോദിച്ചു. അങ്ങനെ ചെയ്താൽ, സാമ്പത്തികമായ സഹായം, കച്ചവടങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളിൽ അധിക സഹായം അത്യാവശ്യമാണ്, ബൈഡൻ ചൂണ്ടിക്കാട്ടി. താലിബാൻ ലോകരാജ്യങ്ങളുടെ അംഗീകാരം തേടുകയാണെന്നാണ് അവർ പറയുന്നത്. മറ്റ് രാജ്യങ്ങൾ അവരെ അംഗീകരിക്കുമോ ഇല്ലയോ എന്ന് നിർണ്ണയിക്കാൻ അവർ നിയമസാധുത തേടുകയാണ്. മറ്റുള്ള രാജ്യങ്ങളോട് പറഞ്ഞതുപോലെ നയതന്ത്ര സാന്നിധ്യം പൂർണ്ണമായും നീക്കാൻ അവർ ആഗ്രഹിക്കുന്നില്ലെന്ന് യു.എസിനോടും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല. യുഎസ് പ്രസിഡന്റ് പറഞ്ഞു. താലിബാൻ ഇതുവരെ അമേരിക്കൻ സൈന്യത്തിനെതെരേ ഒരു പ്രവർത്തനവും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കക്കാരെ തിരികെവരാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുളള നിർദേശത്തോടെല്ലാം താലിബാൻ സഹകരിച്ചെന്നും ബൈഡൻ മാധ്യമപ്രവർത്തകരെ അറിയിച്ചു. 36 മണിക്കൂറിനുള്ളിൽ അമേരിക്ക കാബൂളിൽ നിന്ന് 11,000 പേരെ പുറത്തെത്തിച്ചതായി ബൈഡൻ അറിയിച്ചു. കഴിയുന്നത്ര വേഗത്തിൽ സുരക്ഷിതരായി അമേരിക്കൻ പൗരന്മാരെ അഫ്ഗാനിൽ നിന്ന് തിരികെ എത്തിക്കുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Joe Biden justifies decision to withdraw troops from Afghanistan
from mathrubhumi.latestnews.rssfeed https://ift.tt/2XPyqx6
via
IFTTT