Breaking

Wednesday, September 1, 2021

പ്ലസ് വൺ മാതൃകാ പരീക്ഷ; ആദ്യദിനത്തിൽ ചോദ്യപ്പേപ്പർ ചോർന്നു

തിരുവനന്തപുരം/കൊട്ടാരക്കര: പ്ലസ് വൺ മാതൃകാ പരീക്ഷ ആരംഭിച്ച ആദ്യ ദിനത്തിൽത്തന്നെ ചോദ്യപ്പേപ്പർ ചോർന്നു. ഔദ്യോഗിക വെബ് സൈറ്റായ ഡി.എച്ച്.എസ്.ഇ.യിൽ ചോദ്യം എത്തും മുമ്പേ സ്വകാര്യ സൈറ്റുകളിലും വാട്സാപ്പിലും ചോദ്യമെത്തി. പരീക്ഷ എഴുതിയവർക്ക് ചോദ്യപ്പേപ്പർ വൈകിയാണ് ലഭിച്ചത്. വീടുകളിലിരുന്നാണ് കുട്ടികൾ പരീക്ഷയെഴുതിയത്. പരീക്ഷാ ദിവസങ്ങളിൽ ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ് പോർട്ടലിൽനിന്ന് ചോദ്യപ്പേപ്പർ ഡൗൺലോഡ് ചെയ്ത് പരീക്ഷയെഴുതുന്ന രീതിയിലാണ് മാതൃകാ പരീക്ഷ. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് പരീക്ഷകളാണ് നടന്നത്. ചൊവ്വാഴ്ച 9.30-നാണ് പരീക്ഷ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, 9.50വരെയും ഔദ്യോഗിക പോർട്ടലിൽ ചോദ്യപ്പേപ്പർ ലഭ്യമായില്ല. ചില അധ്യാപകരുടെ വാട്സാപ്പുകളിലും സ്വകാര്യ ഓൺലൈൻ സൈറ്റുകളിലും ഒമ്പത് മണിയോടെ ചോദ്യങ്ങൾ എത്തുകയും ചെയ്തു.ഔദ്യോഗിക സംവിധാനത്തിനു വെളിയിലൂടെ ചോദ്യപ്പേപ്പറുകൾ പ്രചരിച്ചത് ഗുരുതര വീഴ്ചയാണെന്ന ആരോപണവുമായി അധ്യാപക സംഘടനകളും രംഗത്തെത്തി. നാലു ലക്ഷത്തോളം വിദ്യാർഥികൾ ഒരേസമയം ഉപയോഗിച്ചതാണ് വെബ്‌സൈറ്റിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയതെന്ന് പരീക്ഷാ സെക്രട്ടറി ഡോ. എസ്.എസ്. വിവേകാനന്ദൻ പറഞ്ഞു. ബുധനാഴ്ച മുതൽ സമഗ്ര പോർട്ടൽ (samagra.kite.kerala.gov.in) വഴിയും ചോദ്യപ്പേപ്പർ ലഭ്യമാക്കും. മാതൃകാ പരീക്ഷ ശനിയാഴ്ച അവസാനിക്കും. സെപ്‌റ്റംബർ ആറു മുതലാണ് പൊതുപരീക്ഷ. ആശങ്കകൾ ശരിവെക്കുന്നു പ്ലസ് വൺ പരീക്ഷ സംബന്ധിച്ച ആശങ്കകൾ ശരിവെക്കുന്നതാണ് ചോദ്യപ്പേപ്പർ ചോർച്ചയെന്ന് എ.എച്ച്.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ചോദ്യപ്പേപ്പർ വിതരണം സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കണം.-എസ്. മനോജ്, സംസ്ഥാന ജന.സെക്രട്ടറി, എ.എച്ച്.എസ്.ടി.എ.


from mathrubhumi.latestnews.rssfeed https://ift.tt/3zFkP9O
via IFTTT